ഇക്കാര്യത്തില്‍ സോഷ്യല്‍ മിഡിയായില്‍ വരുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ്. പെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നതിനാവശ്യമായ എല്ലാ നടപടിക്രമങ്ങളും സന്തോഷത്തോടെ പൂര്‍ത്തിയാക്കി യഥാവിധി പെണ്‍കുട്ടി കല്യാണക്കുറി കൈപ്പറ്റിയിട്ടുണ്ട്.
സഭാ – രാജ്യ നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ആവശ്യമായ കൂദാശകളും മറ്റു അജപാലന ക്രമീകരണങ്ങളും കൃത്യമായി യു.കെയിലെ ഓരോ മിഷനുകളിലും നല്‍കിയിട്ടുണ്ട്, നല്‍കുന്നുമുണ്ട്. വിവാഹം ഒരു കൂദാശയാണ്; അത് സാധുവായി നടക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് ഒരു വൈദികന്റെ കടമയാണ്. അതിനാല്‍തന്നെ, വിവാഹ കുറി ചോദിച്ചുകൊണ്ട് ഒരാള്‍ വൈദികനെ സമീപിച്ചാല്‍ സഭയില്‍ നിലവിലുള്ള വിളിച്ചുചൊല്ലല്‍ ഉള്‍പ്പടെ പ്രസ്തുത വിവാഹത്തിന് തടസ്സങ്ങള്‍ ഒന്നും നിലനില്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതിന് നിയമപരമായിട്ടുള്ള നടപടിക്രമങ്ങള്‍ ദേശകുറി നല്‍കുന്നതിനുമുമ്പ് പൂര്‍ത്തീകരിക്കേണ്ടത് ആവശ്യമാണ്. അതിനുശേഷമാണ് വിവാഹക്കുറി നല്‍കുക.
വിവാഹജീവിതത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിടുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ജീവിതാവസാനം വരെ ഒരുമിച്ചുജീവിക്കുവാന്‍ വേണ്ടി ഒരു വിവാഹത്തിനായി ഒരുങ്ങുമ്പോള്‍ അതിന്റെ കൗദാശികമായ നടപടിക്രമങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ യുവാക്കളും, അതിനുവേണ്ടി അവരെ ഒരുക്കുവാന്‍ അവരുടെ മാതാപിതാക്കന്‍മാരും തയാറാകുന്ന നമ്മുടെ പാരമ്പര്യം തുടരേണ്ടത് അനിവാര്യമല്ലേ?
അനാവശ്യമായ സഭാ വിരോധത്താല്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജപ്രചാരണങ്ങള്‍ നമ്മുടെ പുതിയ തലമുറയെ കൗദാശിക ജീവിതത്തില്‍ നിന്നും സഭയില്‍ നിന്നും സമുദായത്തില്‍ നിന്നും അകറ്റുന്നതിനു മാത്രമേ ഉപകരിക്കൂ എന്ന സത്യം തിരിച്ചറിഞ്ഞ്, അത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തികളും സംഘടനകളും അത് അവസാനിപ്പിക്കുന്നതാണു സമുദായത്തിനു നല്ലതെന്ന് എല്ലാവരും ഓര്‍ക്കണം.