9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

നവീകരണസമിതി കേസില്‍ നല്‍കിയ അതിരൂപതാംഗത്വ നിര്‍വ്വചനമെന്താണ് ?

  • October 18, 2022

നവീകരണസമിതി കേസില്‍ നല്‍കിയ അതിരൂപതാംഗത്വ നിര്‍വ്വചനമെന്താണ് ?
നവീകരണസമിതി കേസില്‍ അതിരൂപതാ നിയമസംഹിതയുടേയും 2000 ലെ എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെയും നിലപാടുകളാണു കോടതിയില്‍ വ്യക്തമായി നല്‍കിയിരിക്കുന്നത്. അതില്‍ ഒരു വ്യത്യാസവും വരുത്തിയിട്ടില്ല. അസംബ്ലിയിലെ കണ്ടെത്തലുകള്‍ രൂപപ്പെട്ടതാകട്ടെ 2000 നു മുന്‍പ് പരിശുദ്ധ സിംഹാസനത്തിലേക്ക് അഭി. കുന്നശ്ശേരി പിതാവു നടത്തിയ കത്തിടപാടുകളുടെ അടിസ്ഥാനത്തിലും.
കോട്ടയം അതിരൂപതയിലെ അംഗത്വം
ക്‌നാനായക്കാരായ മാതാപിതാക്കളില്‍ നിന്നു ജനിക്കുന്നതിലൂടെ മാത്രം ക്‌നാനായക്കാരനാകുന്ന ഒരാള്‍ മാമ്മോദീസായിലൂടെ കോട്ടയം അതിരൂപതയിലെ അംഗത്വത്തിന് അര്‍ഹനാകുന്നു. എന്നാല്‍ ക്‌നാനായ സമുദായത്തിനു പുറത്തു നിന്നു വിവാഹം കഴിക്കുന്ന വ്യക്തിയുടെ കുടുംബം ക്‌നാനായേതര കുടുംബമാകയാല്‍ ആ കുടുംബത്തിനു തെക്കുംഭാഗ ജനതയ്ക്കുവേണ്ടി മാത്രം സ്ഥാപിക്കപ്പെട്ട കോട്ടയം രൂപതയുടെ ഭാഗമായിരിക്കാന്‍ സാധിക്കുകയില്ല. ഇക്കാരണത്താല്‍ സ്വവംശവിവാഹനിഷ്ഠ ലംഘിക്കുന്ന വ്യക്തിയുടെ കുടുംബത്തെ പ്രത്യേക അനുവാദം നല്‍കി ക്‌നാനായേതര രൂപതയിലേക്ക് മാറ്റുന്ന അജപാലന സമീപനമാണ് കോട്ടയം രൂപത സ്വീകരിച്ചിരിക്കുന്നത്. ഈ രീതി കോട്ടയം രൂപത അവലംബിക്കാനുള്ള നൈയാമിക കാരണം കോട്ടയം രൂപതാദ്ധ്യക്ഷന് ക്‌നാനായേതര കുടുംബത്തിന്മേല്‍ അജപാലന അധികാരമില്ല എന്നുള്ളതാണ്. എന്നാല്‍ മരണം വഴിയോ മറ്റുവിധത്തിലോ ഈ വിവാഹബന്ധം കാനോനികമായി ഇല്ലാതായാല്‍ ആ ക്‌നാനായ വ്യക്തിക്ക് കോട്ടയം അതിരൂപതയില്‍ തിരികെയെത്തുവാന്‍ അവസരം ലഭിക്കുന്നതാണ്. ക്‌നാനായേതര കുടുംബത്തിന്മേല്‍ കോട്ടയം രൂപതാദ്ധ്യക്ഷന് അജപാലനാധികാരം ഇല്ലാത്തതിനാലാണ് ഇപ്രകാരം രൂപീകൃതമാകുന്ന ക്‌നാനായേതര കുടുംബത്തെ ക്‌നാനായേതര രൂപതയിലേക്കു മാറ്റുന്നത് എന്ന് ഇതില്‍ നിന്നും വ്യക്തമാണല്ലോ.
‘Endogamy is the constitutive principle of the Knanaya Community because only children born of Knanaya father and Knanaya mother will be reckoned as Knanaya. If a Knanaya person marries a non-knanaya spouse, the children born of such wedlock will not be knanaya. The non-knanaya spouse and the children cannot be absorbed in to the Knanaya Community. That is tha constitutive rule of the Knanaya Ethnic Community. The born Knanaya marrying a non- knanaya, however, does not lose his/her Knanaity. Because Knanaity is acquired by birth from Knanaya parents, and by no other way. It cannot be lost also.
When knanaya marries a non-knanaya, he/she joins a non-knanaya parish only a pastoral reason, i.e., to safeguard the unity of that family, enabling it to fulfill the spiritual duties together and to celebrate its unity also sacramentally, all the members approaching the table of the Lord together. So it is not an exclusion or expulsion of the Knanaya person from the Knanaya Eparchy, but a pastoral arrangement by which he/she is helped to maintain his/het family’s unity ecclesiastically(Knanaya Pearl Page 64-65)’.
കോട്ടയം രൂപതയില്‍ 2000 -ല്‍ ആദ്യമായി അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന അതിരൂപതാ അസംബ്ലി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുകയും വ്യക്തമായ നിലപാടുകള്‍ ലിഖിതരൂപത്തില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
‘A.D 345 ല്‍ കൊടുങ്ങല്ലൂരില്‍ കുടിയേറിയ ഏഴില്ലം എഴുപത്തിരണ്ട് കുടുംബക്കാര്‍ സ്വവംശവിവാഹനിഷ്ഠയിലൂടെ രൂപവത്ക്കരിച്ചതാണ് ക്‌നാനായ സമുദായം. ക്‌നാനായക്കാരായ പിതാവില്‍ നിന്നും മാതാവില്‍നിന്നും ജനിക്കുന്ന വ്യക്തിക്കു മാത്രമേ ക്‌നാനായ സമുദായത്തില്‍ അംഗമാകുവാന്‍ സാധിക്കൂ. ക്‌നാനായക്കാരുടെ സാമുദായിക നിലനില്‍പിന് അടിസ്ഥാനം അവര്‍ പാലിച്ചുപോരുന്ന സ്വവംശവിവാഹനിഷ്ഠ മാത്രമാണ്.
ക്‌നാനായ പുരുഷന്‍ ക്‌നാനായ സ്ത്രീയെ വിവാഹം ചെയ്യണമെന്നതാണ് സ്വീകാര്യമായ പാരമ്പര്യം. ഈ പാരമ്പര്യം ലംഘിച്ച് ക്‌നാനായ പുരുഷനോ സ്ത്രീയോ ഇതരസമുദായത്തില്‍ നിന്ന് ജീവിതപങ്കാളിയെ സ്വീകരിച്ചാല്‍ അപ്രകാരമുണ്ടാകുന്ന കുടുംബം ക്‌നാനായ സമുദായത്തില്‍ ആയിരിക്കുകയില്ല. ക്‌നാനേയതര സമൂഹത്തിലായിരിക്കും നിലനില്‍ക്കുക. സമുദായത്തില്‍ നിന്നല്ലാത്ത വ്യക്തിയെ തെരഞ്ഞെടുക്കാനാഗ്രഹിക്കുന്ന വ്യക്തി ക്‌നാനായ രൂപതാധികാരികളില്‍ നിന്നും അനുവാദം വാങ്ങി ക്‌നാനായേതര രൂപതയിലും ഇടവകയിലും അംഗമാവുക എന്നതാണ് പ്രായോഗികമായി സ്വീകരിച്ചു പോരുന്ന നടപടിക്രമം. ആ വിവാഹം നിലനില്‍ക്കുന്നിടത്തോളം കാലം പ്രസ്തുത വ്യക്തി ക്‌നാനായേതര ഇടവകയില്‍ അംഗമായി തുടരും. മരണം വഴിയോ മറ്റ് വിധത്തിലോ ഈ വിവാഹബന്ധം കാനോനികമായി ഇല്ലാതായാല്‍ ക്‌നാനായ വ്യക്തിക്കു മറ്റ് പ്രതിബന്ധങ്ങള്‍ ഇല്ലെങ്കില്‍ സഭാധികാരുകളുടെ അനുവാദത്തോടുകൂടി വീണ്ടും ക്‌നാനായ സഭാഘടകത്തിന്റെ അംഗമാകാം.”(കോട്ടയം എപ്പാര്‍ക്കിയല്‍ അസംബ്ലി പേജ് 38)

അംഗത്വ നിര്‍വ്വചനത്തില്‍ പത്രികയില്‍ തിരുത്തല്‍ വേണമെന്ന ആവശ്യം
അംഗത്വ നിര്‍വ്വചനം സംബന്ധിച്ച് പത്രികയില്‍ തിരുത്തല്‍ വേണമെന്ന ആവശ്യം ചിലരുയര്‍ത്തിയതിനാല്‍ അതിന്റെ ആവശ്യകതയെക്കുറിച്ചും സാധ്യതകളെക്കുറിച്ചും പല യോഗങ്ങളിലും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന 2000-ലെ എപ്പാര്‍ക്കിയല്‍ അസംബ്ലി അംഗീകരിച്ചു രേഖപ്പെടുത്തിയിട്ടുള്ള ക്‌നാനായനിര്‍വ്വചനവും സ്വവംശവിവാഹനിഷ്ഠാപാരമ്പര്യവും ഉള്‍പ്പെടുത്തി പഠനങ്ങള്‍ക്കും ഡ്രാഫ്റ്റ് പ്രസിദ്ധീകരണത്തിനും ശേഷം 2009-ല്‍ പ്രാബല്യത്തില്‍ വന്ന അതിരൂപതാ നിയമസംഗ്രഹത്തില്‍ നല്കിയിരിക്കുന്ന അതിരൂപതാംഗത്വം സംബന്ധിച്ച നിര്‍വ്വചനമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആയതിനാല്‍ നിലവിലുള്ള അടിസ്ഥാനരേഖകളില്‍ പറയുന്നതില്‍നിന്നും ഭിന്നമായ നിലപാട് കോടതിയില്‍ പറയാനാവില്ല. തന്നെയുമല്ല, നവീകരണസമിതി കേസില്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന നിര്‍വ്വചനത്തില്‍ മാറ്റംവരുത്തുന്നത് കേസിലെ നമ്മുടെ വാദങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് നിയമോപദേശം. ഇക്കാര്യം ഒക്‌ടോബര്‍ 4-ാം തീയതിയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം വിശകലനം ചെയ്ത് അംഗീകരിക്കുകയും ചെയ്തു.

Golden Jubilee Celebrations
Micro Website Launching Ceremony