കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായി 1972 നവംബര്‍ 26-ാം തീയതി തുടക്കം കുറിച്ച ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലിയുടെ മലബാര്‍ റീജിയണ്‍തല ആഘോഷങ്ങള്‍ക്ക് ഡിസംബര്‍ 11 നു തുടക്കം കുറിച്ചു. കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ മലബാര്‍ റീജിയണ്‍ പ്രസിഡന്റ് പെണ്ണമ്മ ജെയിംസ് പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്കു തുടക്കമായത്. ചട്ടയും മുണ്ടുമണിഞ്ഞ് പരമ്പരാഗത വേഷവിധാനങ്ങളോടെ വിശിഷ്ടാതിഥികളെ കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ സ്വീകരിച്ചു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതയിലെ വനിതകളുടെ സഭാ-സമുദായ സ്‌നേഹവും പരസ്പര ഇഴയടുപ്പവും പരിപോഷിപ്പിക്കുവാനും സഭയുടേയും സമുദായത്തിന്റേയും പൊതുനന്മയ്ക്കായി കൂട്ടായി പ്രവര്‍ത്തിക്കുവാനും കെ.സി.ഡബ്ല്യു.എ സംഘടനയ്ക്കു കഴിയട്ടെയെന്ന് അഭിവന്ദ്യ പിതാവ് ആശംസിച്ചു. ആത്മീയതയില്‍ അടിയുറച്ച് സഭയോടു ചേര്‍ന്നുനിന്ന് കുടുംബങ്ങളെയും അതുവഴി സമുദായത്തെയും ശക്തിപ്പെടുത്തുവാന്‍ ജൂബിലി വര്‍ഷ പ്രവര്‍ത്തനങ്ങള്‍ ഇടവരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി.ഡബ്ല്യു.എ മലബാര്‍ റീജിയണ്‍ പ്രസിഡന്റ് പെണ്ണമ്മ ജെയിംസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോസ് നെടുങ്ങാട്ട് ആമുഖസന്ദേശം നല്‍കി. കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ് ലിന്‍സി രാജന്‍, തളിപ്പറമ്പ് ആര്‍.ഡി.ഒ മേഴ്‌സി ആഗസ്റ്റിന്‍, കെ.സി.സി മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം, കെ.സി.വൈ.എല്‍ പ്രസിഡന്റ് ആല്‍ബര്‍ട്ട് തോമസ്, കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബിന്‍സി മാറികവീട്ടില്‍, വൈസ് പ്രസിഡന്റ് ബിന്ദു ജോണ്‍, റീജിയണല്‍ ട്രഷറര്‍ ജോളി വിന്‍സന്റ്എന്നിവര്‍ പ്രസംഗിച്ചു. ക്‌നാനായ തനിമയുള്ള വേഷവിധാനങ്ങളോടെ അന്‍പത് കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്റെ മാര്‍ഗ്ഗിനിര്‍ദ്ദേശത്തില്‍ ജൂബിലി ഗാനം ആലപിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായ മലബാര്‍ റീജിയണിലെ അംഗങ്ങള്‍ക്കു സമ്മാനങ്ങളും വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തപ്പെട്ട സമ്മേളനത്തില്‍ മലബാര്‍ റീജിയണിലെ പെരിക്കല്ലൂര്‍, രാജപുരം, മടമ്പം, ചങ്ങലേരി, ബാംഗ്ലൂര്‍ ഫൊറോനഭാരവാഹികളും യൂണിറ്റു ഭാരവാഹികളുടെ പ്രതിനിധികളും പങ്കെടുത്തു. 1972 നവംബര്‍ 26-ാം തീയതി തുടക്കം കുറിച്ച ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണു നടപ്പിലാക്കുന്നത്.