ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് എഡ്യുഹെല്‍പ്പ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം അള്‍ജീരിയ-ടുണീഷ്യ അപ്പസ്‌തോലിക ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ നിര്‍വ്വഹിച്ചു. കെ.സി.ഡബ്ല്യു.എ ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അതിരൂപതാ ഭാരവാഹികളായ ലിന്‍സി രാജന്‍, ഷൈനി ചൊള്ളമ്പേല്‍, പെണ്ണമ്മ ജെയിംസ്, ബിന്‍സി ഷിബു, എല്‍സമ്മ സക്കറിയ, ജിജി ഷാജി എന്നിവര്‍ സന്നിഹിതരായിരുന്നു. സാമ്പത്തിക പരിമിതിയുള്ള കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്ന മക്കള്‍ക്കായാണ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. സമുദായത്തിലെ ഉദാരമതികളുടെ സഹകരണവും പങ്കാളിത്തവും പ്രയോജനപ്പെടുത്തിയാണ് ഫണ്ടു ലഭ്യതയനുസരിച്ച് കെ.സി.ഡബ്ല്യു.എ പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ കെ.സി.ഡബ്ല്യു.എ സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അംഗത്തിന്റെ, 2022 ല്‍ പ്രൊഫഷണല്‍ കോഴ്‌സിനു പ്രവേശനം നേടിയ മകനോ മകള്‍ക്കോ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അര്‍ഹതയുളള കുടുംബത്തിലെ അംഗങ്ങളെയാണ് സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുന്നത്. ലഭ്യമാകുന്ന അപേക്ഷകള്‍ കെ.സി.ഡബ്ല്യു.എ അതിരൂപതാ സമിതി വിലയിരുത്തിയായിരിക്കും അര്‍ഹരായവരെ തെരഞ്ഞെടുക്കുക. കോഴ്‌സിന്റെ പഠനച്ചിലവു വിലയിരുത്തി നിശ്ചിത തുക വീതം കോഴ്‌സു പൂര്‍ത്തിയാകുന്നതുവരെ പ്രതിവര്‍ഷം ലഭ്യമാക്കുന്നതാണു പദ്ധതി. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് നേരിട്ടോ കെ.സി.ഡബ്ല്യു.എ യൂണിറ്റു വഴിയോ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കും. പഠനനിലവാരം, കുടുംബപശ്ചാത്തലം എന്നിവ വിലയിരുത്തിയായിരിക്കും അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. തുടര്‍ സ്‌കോളര്‍ഷിപ്പു ലഭ്യമാക്കുന്നതു പഠനപുരോഗതി വിലയിരുത്തിയായിരിക്കും. കെ.സി.ഡബ്ല്യു.എ യൂണിറ്റു തെരഞ്ഞെടുക്കുന്ന അപേക്ഷ ഇടവക വികാരിയുടെ ശുപാര്‍ശയോടെ അതിരൂപതാസമിതിക്കു സെപ്റ്റംബര്‍ 30 നകം സമര്‍പ്പിക്കേണ്ടതാണെന്ന് അതിരൂപതാ ഭാരവാഹികള്‍ അറിയിച്ചു.