കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ സുവര്‍ണ്ണജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് പടമുഖം ഫൊറോന സംഗമവും അതിരൂപതാതല ഓണാഘോഷവും സംഘടിപ്പിച്ചു. അതിരൂപതാ പ്രസിഡന്റ് ലിന്‍സി രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം യുവവനിതാസംരംഭക പ്രീതി പറക്കാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫൊറോന വികാരി ഫാ. ഷാജി പൂത്തറ, കെ.സി.ഡബ്ല്യു.എ ഫൊറോന ചാപ്ലെയിന്‍ ഫാ. ഷെല്‍ട്ടണ്‍ അപ്പോഴിപറമ്പില്‍, അതിരൂപതാ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, ഫൊറോന പ്രസിഡന്റ് ലിന്‍സി കുര്യന്‍, വൈസ് പ്രസിഡന്റ് മഞ്ജു ജിന്‍സ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെക്ലാര്‍ക്ക് എന്നിവര്‍ പ്രസംഗിച്ചു. മലയാളി മങ്ക മത്സരം, പൂക്കള മത്സരം, വടംവലി തുടങ്ങി വിവിധ മത്സരങ്ങളും നൂറിലധികം പേര്‍ പങ്കെടുത്ത മെഗാതിരുവാതിര വിവിധ കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു. അതിരൂപതയിലെ വിവിധ ഫൊറോനകളില്‍ നിന്നുള്ള പ്രതിനിധികളും കെ.സി.ഡബ്ല്യു.എ പടമുഖം ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങളും ആഘോഷങ്ങളില്‍ പങ്കെടുത്തു.