1972 നവംബര്‍ 26-ാം തീയതി സ്ഥാപിതമായ ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലിയിലേക്ക് ചുവടുവയ്ക്കുകയാണ്. വിവാഹിതരായ എല്ലാ ക്നാനായ വനിതകളും, 30 വയസ്സു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകളും അംഗങ്ങളായ ഈ സംഘടന അവരുടെ സര്‍വ്വോത്മുഖമായ വളര്‍ച്ച ലക്ഷ്യമാക്കി രൂപീകൃതമായതാണ്. കോട്ടയം അതിരൂപതയില്‍ അല്മായ സംഘടനകളായ ക്നാനായ കാത്തോലിക്ക കോണ്‍ഗ്രസ് 1938ലും, ക്നാനായ കാത്തലിക് യൂത്ത് ലീഗ് 1969ലും രൂപീകരിക്കപ്പെട്ടു. ഇതിന്‍റെ തുടര്‍ച്ചയായി ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്ന ജസ്റ്റീസ്. സിറിയക് ജോസഫിന്‍റെ നേതൃത്വത്തിലും, അഭിവന്ദ്യ തറയില്‍ പിതാവിന്‍റെയും അഭിവന്ദ്യ കുന്നശ്ശേരിയില്‍ പിതാവിന്‍റെയും അനുഗ്രഹാശിസ്സുകളോടെ ക്നാനായ വനിതകള്‍ക്കായി ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ സ്ഥാപിതമായി. പ്രഥമ പ്രസിഡന്‍റായി ശ്രീമതി. ലീലാമ്മ മാക്കീല്‍ ചുമതലയേല്‍ക്കുകയും കുടുംബിനികളായ ക്നാനായ വനിതകളെ സംഘടിപ്പിച്ച് യൂണിറ്റുകള്‍ രൂപീകരിക്കുകയും ചെയ്തു. കേരളത്തില്‍ രൂപതാടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ട ആദ്യ വനിതാ സംഘടനയാണ് KCWA. സംസ്കാരികവും വിദ്യാഭ്യാസപരവുമായി ഉന്നത നിലയിലുള്ള ക്നാനായ വനിതകളെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്, സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന തരത്തില്‍ KCWA യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് BCM കോളേജില്‍ വേദിയൊരുക്കുന്നതില്‍ കോളേജ് പ്രിന്‍സിപ്പിലായിരുന്ന റവ. സി. സാവിയോ എസ്.വി.എം. പ്രത്യേകമായ താല്പര്യമെടുത്തിരുന്നു. പിടിയരി സംസ്കാരത്തിലൂടെ 2 രൂപ വീതം പിരിവെടുത്ത് 11/2 രൂപയുടെ ഊണ് BCM കോളേജ് ഹോസ്റ്റലില്‍ നിന്നും കഴിച്ചതും ബാക്കി തുക സംഘടനാ ഫണ്ടിലേക്ക് സ്വരുക്കൂട്ടി പ്രവര്‍ത്തനങ്ങളും വിനോദയാത്രകളും നടത്തിയതുമൊക്കെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളായി നമ്മുടെ അമ്മമാര്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു.
ശ്രീമതി. ലീലാമ്മ മാക്കീലിനുശേഷം KCWAയുടെ പ്രസിഡന്‍റുമാരായിരുന്നത് ശ്രീമതി. ഏലിക്കുട്ടി മാത്യു കോട്ടൂര്‍, ശ്രീമതി. ലില്ലി തറയില്‍, പ്രൊഫ. ഏലിയാമ്മ സ്റ്റീഫന്‍, വട്ടാടികുന്നേല്‍, ശ്രീമതി. കുഞ്ഞമ്മ ജോണ്‍ വള്ളിത്തോട്ടത്തില്‍, പ്രൊഫ. ആലി ജോര്‍ജ് മണിമല, ഡോ. ഷൈനി സ്റ്റീഫന്‍ നടുവീട്ടില്‍, പ്രൊഫ. ഡെയിസി ജോസ് പച്ചിക്കര, ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതികള്‍ സുത്യര്‍ഹമായി സേവനം കാഴ്ച വെച്ചിട്ടുണ്ട്. ഇവര്‍ കാലാകാലങ്ങളില്‍ സംഘടനയെ ഫലപ്രദമായി നയിക്കുകയും മൂല്യബോധത്തിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീശാക്തീകരണം സാധ്യമാക്കുകയും ചെയ്തു. KCWA ഭാരവാഹികളും പ്രവര്‍ത്തകരുമായിരുന്ന അദ്ധ്യാപികമാരായിരുന്ന നമ്മുടെ അമ്മമാര്‍ അന്നത്തെ വിദ്യാര്‍ത്ഥികളുടെ ഭൗതികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തില്‍ നിര്‍ണ്ണായകമായൊരു പങ്കുവഹിച്ചിട്ടുള്ളതായി കാണാം. ഇന്നത്തെ ക്നാനായ സമുദായത്തിന്‍റെ സാമ്പത്തികാടിത്തറ കെട്ടിപ്പടുത്തതിന്‍റെ ചരിത്രവും മറ്റൊന്നല്ല. സംഘടനാപ്രവര്‍ത്തനങ്ങളിലൂടെ ക്നാനായ വനിതകള്‍ കുടുംബങ്ങളിലും സഭയിലും സമൂഹത്തിലും സജീവമായി പ്രവര്‍ത്തിക്കുന്നതിന് ഇടയായി. കാലാകാലങ്ങളില്‍ സംഘടനയ്ക്ക് മാര്‍ഗ്ഗദര്‍ശികളായിരുന്ന അഭിവന്ദ്യപിതാക്കന്മാരെയും ചാപ്ലെയിന്‍ വൈദികരെയും സിസ്റ്റര്‍ അഡ്വൈസര്‍മാരെയും ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. സംഘടനയ്ക്ക് എന്നും താങ്ങായി സഹയാത്രികരായിരുന്ന ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികളെയും സ്നേഹത്തോടെ ഓര്‍ക്കുന്നു. KCWA യുടെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ച കാലഘട്ടത്തില്‍ പ്രൊഫ. ഏലിയാമ്മ സ്റ്റീഫന്‍റെ നേതൃത്വത്തില്‍ സംഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിന് മുന്‍ എം.എല്‍.എ.യും കെ.സി.സി. പ്രസിഡന്‍റുമായിരുന്ന ശ്രീ. ഇ.ജെ. ലൂക്കോസ് എള്ളങ്കിയിലും അന്നത്തെ കെ.സി.സി. ജനറല്‍ സെക്രട്ടറിയും ഇന്നത്തെ കെ.സി.സി. പ്രസിഡന്‍റുമായ ശ്രീ. തമ്പി എരുമേലിക്കരയും ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്.
മലബാര്‍ റീജിയണില്‍ KCWA രൂപം കൊണ്ടത് 2003 നവംബര്‍ 25നാണ്. അന്നത്തെ KCWA പ്രസിഡന്‍റ് ശ്രീമതി. കുഞ്ഞമ്മ ജോണിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം ബറുമറിയം പാസ്റ്ററല്‍ സെന്‍ററിലെത്തി മടമ്പം, രാജപുരം, പെരിക്കല്ലൂര്‍ എന്നീ ഫൊറോനകളില്‍ KCWA അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. പിന്നീട് ചങ്ങലേരി, ബാംഗ്ലൂര്‍ ഫൊറോനകളിലും KCWA രൂപീകരിച്ചു.
ഇടവക, ഫൊറോന, അതിരൂപത തലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സംഘടനയ്ക്ക് 14 ഫൊറോനകളിലും പ്രവര്‍ത്തനമേഖലകളുണ്ട്. ഇന്ന് 140 ഇടവകകളില്‍ സംഘടനയുടെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. മൂന്നുവര്‍ഷക്കാലത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അതിരൂപതാ ഫൊറോന യൂണിറ്റ് ഭാരവാഹികളാണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. അഭിവന്ദ്യപിതാക്കന്മാരും കാലാകാലങ്ങളിലെ ചാപ്ലെയില്‍ വൈദികരും സിസ്റ്റര്‍. അഡ്വൈസര്‍മാരും എല്ലാ പ്രോത്സാഹനവും നല്‍കി സംഘടനയെ പരിപോഷിപ്പിക്കുന്നു.
പരിശുദ്ധ കന്യകാമറിയമാണ് സംഘടനാംഗങ്ങളുടെ മാര്‍ഗ്ഗദര്‍ശി. ക്നാനായ കത്തോലിക്കാ സമുദായത്തിന്‍റെ പൊതുവെയും ക്നാനായ കത്തോലിക്കാ വനിതകളുടെ വിശേഷിച്ചുമുള്ള സര്‍വ്വോത്മുഖമായ അഭിവൃദ്ധിയും ക്ഷേമവുമാണ് സംഘടനയുടെ ലക്ഷ്യം. ക്രൈസ്തവ മൂല്യങ്ങളിലൂന്നിയ സമൂഹനിര്‍മ്മിതി എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകളെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ച് യഥാര്‍ത്ഥ കുടുംബജീവിതം സാധ്യമാക്കുന്നതിലേക്ക് പ്രാപ്തരാക്കുന്നതിന് സഹായിക്കുന്നു. ആദ്ധ്യാത്മികവും, സാമൂഹികവും, വിദ്യാഭ്യാസപരവും, കലാ-സാംസ്ക്കാരിക പരവുമായ കഴിവുകള്‍ വികസിക്കുന്നതിലൂടെ ക്നാനായ വനിതകളുടെ ആത്മവിശ്വാസവും നേതൃപാടവവും ഉയര്‍ത്തുന്നു. കൂടുതല്‍ പേര്‍ വിവിധ മേഖലകളില്‍ നേതൃത്വത്തിലേക്ക് കടന്നുവരുന്നു. ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയപ്പെടാതിരി ക്കുവാനും പ്രതികരണശേഷി വളര്‍ത്തുവാനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ വഴി തെളിയിക്കുന്നു.
ക്നാനായ സമുദായത്തിന്‍റെ പാരമ്പര്യവും പൈതൃകവും അതിന്‍റെ തനിമ ഒട്ടും ചോരാതെ മക്കളിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന അമ്മമാരുടെ സംഘടന എന്ന നിലയില്‍ KCWA യുടെ പ്രസക്തി വളരെ വലുതാണ്. അംഗങ്ങളുടെ സ്വയം പര്യാപ്തതയും തൊഴില്‍ സാധ്യതയും ലക്ഷ്യമിട്ടുകൊണ്ടുള്ള ശില്പശാലകള്‍, വനിതകളുടെ ബോധവല്‍ക്കരണത്തിനും ശാക്തീകരണ ത്തിനുമായി കാലിക പ്രസക്തമായ വിഷയങ്ങളില്‍ സെമിനാറുകള്‍, ധ്യാനം, തീര്‍ത്ഥ യാത്രകള്‍, വിനോദ യാത്രകള്‍, നേതൃത്വ പരിശീലന ക്ലാസ്, ഉപന്യാസ മത്സരങ്ങള്‍, ബൈബിള്‍ ക്വിസ് എന്നിവ കൂടാതെ കലാ-കായിക മത്സരങ്ങളും നടത്തി സമ്മാനങ്ങള്‍ നല്‍കി വരുന്നു. ക്നാനായ കൂട്ടായ്മ ദൃഢതരമാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ ഫൊറോനകളുടെ ആതിഥേയത്വത്തില്‍ ഏകദിന പരിപാടിയായി വനിതാദിനം, മാതൃദിനം, ഓണാഘോഷം ഇവയും സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ ഫണ്ടില്‍ നിന്ന് നിര്‍ദ്ധനരായ വിധവകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം ചെയ്തുകൊണ്ടിരിക്കുന്നു. കൂടാതെ ചികിത്സാഫണ്ടില്‍ നിന്നും നിര്‍ദ്ധനരായ കുടുംബാംഗങ്ങള്‍ക്ക് ചികിത്സാ സഹായവും നല്‍കിവരുന്നു. കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധി ഘട്ടം അതിജീവിക്കുന്നതിനായി വിവിധ വിഷയങ്ങളില്‍ വെബിനാറുകള്‍, ലേഖനമത്സരങ്ങള്‍, കാര്‍ഷിക മേഖലയിലെ ശില്പശാലകള്‍, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള അടുക്കളത്തോട്ട മത്സരങ്ങള്‍, മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ ഉല്പാദനം തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സൂമിലുടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും നടത്തി സംഘടനയെ ചലനാത്മകമായി നിലനിര്‍ത്തുന്നതിന് സാധിച്ചു.
വനിതകള്‍ ക്നാനായ സമുദായത്തിന്‍റെ സമഗ്രമായ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട് എന്ന ചരിത്രസത്യം ഒരിക്കലും വിസ്മരിക്കാനാവില്ല. മഹത്തായ മാതൃത്വത്തിനുമുപരിയായി കുടിയേറ്റ പ്രദേശങ്ങളിലും വിദേശങ്ങളിലും അവരൊഴുക്കിയ കണ്ണുനീരിന്‍റെയും വിയര്‍പ്പിന്‍റെയും പരിണിതഫലമായ സാമ്പത്തിക പുരോഗതിയും അതേ തുടര്‍ന്നുണ്ടായ ബഹുമുഖ വളര്‍ച്ചയും സമുദായത്തിന് വലിയ മുതല്‍ക്കൂട്ടായി തീര്‍ന്നു. ഇന്നു ക്നാനായ സമുദായത്തിലെ കുടുംബങ്ങള്‍ സാമ്പത്തികമായി സ്വയം പര്യാപ്തതയിലേക്കെത്തുവാന്‍ വഴിയൊരുക്കിയ പ്രധാനഘടകങ്ങളി ലൊന്ന് ഈ സമുദായത്തിലെ പെണ്‍കുട്ടികള്‍, ഒരു കാലഘട്ടത്തില്‍, നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി വിദേശങ്ങളില്‍ ചേക്കേറിയതു കൊണ്ടാണ് എന്ന വസ്തുത മറക്കാനാവില്ല. ഇനിയും കനലൂതി ജ്വലിപ്പിച്ച് നമ്മുടെ തനിമയും ഐക്യവും വിശ്വാസസത്യങ്ങളും സംരക്ഷിക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
സര്‍പ്പത്തേപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരു മായിരിക്കുവാനാണ് തിരുവചനം നമ്മോട് ആവശ്യപ്പെടുന്നത്. പ്രാവിന്‍റെ നിഷ്കളങ്കതയോടു കൂടിയുള്ള ജീവിതമാണ് സാക്ഷ്യം. സര്‍പ്പത്തിന്‍റെ വിവേകമാണ് ജാഗ്രത. ഇതു രണ്ടും ചേരുമ്പോഴാണ് സാക്ഷ്യം ഫലവത്താകുന്നത്. നമ്മുടെ ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ജാഗരൂകരായിരിക്കുകയും വ്യക്തിപരമായി ഓരോരുത്തരും നന്മയുടെ സാക്ഷികളായിത്തീരുകയും ചെയ്യേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. വിവിധ മതസമുദായങ്ങളുടെ വ്യത്യസ്തമായ ആചാരങ്ങള്‍ക്കും പ്രാദേശിക സംസ്കാരങ്ങള്‍ക്കും വൈവിധ്യമാര്‍ന്ന അനുഷ്ഠാനങ്ങള്‍ക്കും വൈകാരികതയ്ക്കും കൂച്ചുവിലങ്ങിടുന്ന സൂചനകള്‍ സമസ്തമേഖലകളിലും കണ്ടു വരുന്നു. ചെറുത്തുനില്പ് ആശയപ്രചരണത്തിലൂടെയും ബോധവല്‍ക്കണ ത്തിലൂടെയും സമയബന്ധിതമായി നടക്കേണ്ടതാണ്. തക്കസമയത്ത് ജാഗ്രതയോടെ പ്രതികരിക്കാനും സമൂഹത്തിന്‍റെ – സമുദായത്തിന്‍റെ അഖണ്ഡതയും ക്ഷേമവും സ്വപ്നം കാണുവാനും ഓരോ KCWA അംഗത്തിനും സാധിക്കട്ടെ. നമ്മുടെ ശുശ്രൂഷകളില്‍ ക്രിയാത്മകമായും ഗുണപരമായും മാറ്റം വരുത്തുവാനും വളര്‍ത്തുവാനും ഏറെ ഉപകാരപ്രദമാണ് KCWA എന്ന അല്മായ വനിതാ സംഘടന എന്നു പറയുന്നതില്‍ അഭിമാനമുണ്ട്.
സ്നേഹം കൊണ്ടും വാല്‍സല്യം കൊണ്ടും കരുതല്‍ കൊണ്ടും സമര്‍പ്പണം കൊണ്ടും ജീവിതം കൊണ്ടും അമ്മ എന്ന വാക്കിനെ പുണ്യമാക്കി മാറ്റാന്‍ നമുക്കു ശ്രമിക്കാം. മാതൃത്വവും നേതൃത്വവും സമന്വയിപ്പിച്ചു കൊണ്ടു പോകുവാന്‍ സാധിക്കട്ടെ. പ്രത്യാശയുടെ തിരിനാളങ്ങള്‍ അണയാതിരിക്കട്ടെ. മാനവികതയുടെ കൊടി പാറിപ്പറക്കട്ടെ. സുവര്‍ണ്ണ ജൂബിലി ആഘോഷനിറവിലായിരിക്കുന്ന നമുക്ക് ഒരുമിച്ച് സമുദായ നിലനില്പിനായി യത്നിക്കാം. നമ്മുടെ കുടുംബങ്ങളില്‍ ക്നാനായ തനിമയുടെ ചൈതന്യം നിലനിര്‍ത്താം. കോട്ടയം അതിരൂപതയ്ക്ക് KCWA വലിയൊരു സംഭാവനയായി തീരട്ടെ. നാടിനു തന്നെയും അനുഗ്രഹമായി മാറട്ടെ. അടുക്കള മുതല്‍ ആകാശം വരെ നമ്മള്‍ വിജയശില്പികളായിത്തീരട്ടെ.