1974-ല്‍ അഭിവന്ദ്യ കുന്നശ്ശേരി പിതാവ് രാജപുരം പള്ളി സന്ദര്‍ശിച്ച അവസരത്തില്‍ രാജപുരം വികാരിയായിരുന്ന ബഹു. സിറിയക് കൂപ്‌ളിക്കാട്ട് അച്ചനോടൊപ്പം അയറോട്ടുള്ള വീടുകളില്‍ സന്ദര്‍ശനം നടത്തുകയും ഇവിടെ ഒരു ദേവാലയം ആവശ്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
1975-ല്‍ മലബാര്‍ എപ്പിസ്‌കോപ്പല്‍ വികാരി ബഹു.സൈമണ്‍ കൂന്തമറ്റത്തിലച്ചന്റെ നേത്യത്വത്തില്‍ ചക്കാലക്കുന്നേല്‍ കുരുവിള, വഞ്ചിപ്പുരയ്ക്കല്‍ ജോസഫ്, ഉള്ളാട്ടില്‍ തോമസ്, പുത്തുപ്പള്ളി മ്യാലില്‍ മാനി, കുന്നേല്‍ സ്റ്റീഫന്‍ എന്നിവര്‍ പിതാവിനെ കാണുകയും തുടര്‍ന്ന് പിതാവ് പള്ളി പണിയുവാന്‍ അനുവാദം നല്കുകയും ചെയ്തു.
1976 ജനുവരി 1-ാം തീയതി ഫാ. സൈമണ്‍ കൂന്തമറ്റത്തില്‍, ചക്കാലക്കുന്നേല്‍ കുരുവിള ദാനമായി നല്കിയ 1/2 ഏക്കര്‍ സ്ഥലത്ത് ഉണ്ണിമിശിഹായുടെ നാമധേയത്തിലുള്ള പള്ളിക്ക് ശിലാസ്ഥാപനം നടത്തുകയും പള്ളി പണിക്ക് നേതൃത്വം നല്കുകയും ചെയ്തു. 1976 മാര്‍ച്ച് 25 ന് അഭിവന്ദ്യ പിതാവ് രാജപുരം ഫൊറോനായിലെ 5-ാമത്തെ ദേവാലയമായി അയറോട്ട് ഉണ്ണിമിശിഹാപള്ളി കൂദാശ ചെയ്തു. തുടര്‍ന്ന് ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും രാജപുരം പള്ളി വികാരി ഇവിടെ ദിവ്യബലി അര്‍പ്പിച്ചുപോന്നു. 1979-ല്‍ ഫാ. കുര്യാക്കോസ് താഴത്തോട്ടത്തിന്റെ നേതൃത്വത്തില്‍ പള്ളി കാലോചിതമായി പരിഷ്‌കരിച്ചു. 1988- ല്‍ ഫാ.തോമസ് വള്ളോപ്പള്ളി, ഫാ.ജോസഫ് കീഴങ്ങാട്ട് എന്നിവരുടെയും ഇടവക ജനങ്ങളുടെയും സഹകരണത്തോടെ പള്ളിമുറിയുടെയും പള്ളിയുടെ മുഖവാരത്തിന്റെയും പണി നടത്തി. 1989 -ല്‍ അഭിവന്ദ്യ കുന്നശ്ശേരി പിതാവ് പള്ളി മുറിയുടെ വെഞ്ചരിപ്പു കര്‍മ്മം നടത്തി. 1991 മെയ്1-ാംതീയതി ഈ ദേവാലയത്തെ ഒരു സ്വതന്ത്ര ഇടവകയായി ഉയര്‍ത്തുകയും പ്രഥമ വികാരിയായി ഫാ.ജോര്‍ജ് ഊന്നുകല്ലേലിനെ നിയമിക്കുകയും ചെയ്തു. 2000- ല്‍ ഈ ദേവാലയത്തിന്റെ രജതജൂബിലിക്ക് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് തുടക്കം കുറിച്ചു. 2006 -ല്‍ ഫാ. ബിനു വളവുങ്കലിന്റെ നേതൃത്വത്തില്‍ പാരിഷ് ഹാള്‍ നിര്‍മ്മിച്ചു. 2008 മുതല്‍ ചുള്ളിക്കര സെന്റ് ജോസഫ് കോണ്‍വെന്റില്‍ നിന്നും 2 സിസ്റ്റേഴ്‌സിന്റെ സേവനം ഈ ഇടവകയ്ക്ക് ലഭിക്കുന്നുണ്ട്. ഈ ഇടവകയില്‍ നിന്നും 3 വൈദികരും, 6 സിസ്റ്റേഴ്‌സും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. 7 വൈദിക വിദ്യാര്‍ത്ഥികള്‍ വിവിധ സെമിനാരികളിലായി പരിശീലനം നടത്തികൊണ്ടിരിക്കുന്നു. ഈ ഇടവകയില്‍ ഇപ്പോള്‍ 65 കുടുംബങ്ങള്‍ ഉണ്ട്.