9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

കേരളസഭയ്ക്കും പൊതുസമൂഹത്തിനും ക്‌നാനായ സമുദായം നല്‍കിയ സംഭാവനകള്‍ നിസ്തുലം: മാര്‍ ജോസഫ് പാംബ്ലാനി

  • August 30, 2022

കോട്ടയം: കേരളസഭയ്ക്കും പൊതുസമൂഹത്തിനും  ക്‌നാനായ സമുദായം നല്‍കിയ സംഭാവനകള്‍ നിസ്തുലമെന്ന് തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പാംബ്ലാനി. കോട്ടയം അതിരൂപതയുടെ 112-ാമത് വാര്‍ഷികാഘോഷങ്ങള്‍ കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസിലോകത്തെ സീറോ മലബാര്‍ സഭാസമൂഹങ്ങളെ ശക്തിപ്പെടുത്താന്‍ സവിശേഷ സംഭാവനകള്‍ നല്‍കിയ ക്‌നാനായ സമുഹം സീറോ മലബാര്‍ സഭയുടെ ഹൃദയഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മലബാര്‍ കുടിയേറ്റത്തിനും പുനരൈക്യത്തിലും മുന്‍പേ പറക്കുന്ന പക്ഷിയായി പ്രവര്‍ത്തിച്ച കോട്ടയം അതിരൂപത ഭാരതസഭയ്ക്കു നല്‍കിയ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍, അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. എബ്രാഹം പറമ്പേട്ട്, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, സമര്‍പ്പിത സമൂഹങ്ങളുടെ പ്രതിനിധി സിസ്റ്റര്‍ അനിത എസ്.ജെ.സി, കെ.സി.വൈ,എല്‍ പ്രസിഡന്റ് ലിബിന്‍ പാറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച അനിറ്റ പി. ജോസഫ്, ജിനി ജോയി ചേലമ്മൂട്ടില്‍, മരിയ ജോയി പാലയില്‍, ജോണ്‍സണ്‍ കെ.ജെ കുഞ്ഞമ്മാട്ടില്‍, എലിസബത്ത് ജോണി, അബില്‍ ജോയി കൊച്ചുപറമ്പില്‍, ജിബിന്‍ ജോബ് മ്യാലില്‍ എന്നിവരെ ആദരിച്ചു. തെരഞ്ഞെടുക്കപ്പെട്ടവരെ കമ്മിറ്റി കണ്‍വീനര്‍ ഫാ. ജോയി കട്ടിയാങ്കല്‍  പരിചയപ്പെടുത്തി. അതിരൂപതയില്‍ നടത്തപ്പെടുന്ന അജപാലനപ്രവര്‍ത്തനങ്ങളുടെ  സംക്ഷിപ്ത റിപ്പോര്‍ട്ടും  അവതരിപ്പിച്ചു. തെക്കുംഭാഗജനതയ്ക്കായി ‘ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29 നാണ് വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചത്.  കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണ് ദിനാഘോഷങ്ങള്‍ക്കു തുടക്കമായത്.  ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, അതിരൂപതയിലെ വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ക്‌നാനായ സമുദായത്തിന്റെ മിഷനറി ദൗത്യത്തെക്കുറിച്ച് അള്‍ജീരിയ, ടുണീഷ്യ രാജ്യങ്ങളുടെ അപ്പ്‌സ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ ക്ലാസ്സ് നയിച്ചു.   അതിരൂപതയിലെ വൈദികരും സമര്‍പ്പിത പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും പാരിഷ് കൗണ്‍സില്‍ പ്രതിനിധികളും സമുദായസംഘടനാ പ്രതിനിധികളും ആഘോഷങ്ങളില്‍ പങ്കെടുത്തു.

Golden Jubilee Celebrations
Micro Website Launching Ceremony