മലബാറിന്റെ മണ്ണില്‍ ക്‌നാനായ കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢോജ്വല തുടക്കം. പൂര്‍വപിതാക്കള്‍ തെളിയിച്ച വഴിയെ മലബാറിന്റെ മണ്ണില്‍ പൊന്നുവിളയിച്ച കുടിയേറ്റ ജനത അതിന്റെ പൂര്‍വസ്‌മരണ പുതുക്കാന്‍ കുടിയേറ്റ ഗ്രാമത്തില്‍ ഒത്തുകൂടിയത് ഒരു പുനസമാഗമത്തിന്റെ വേദിയായി. 75 വര്‍ഷങ്ങള്‍ക്കു മുമ്പ് മധ്യതിരുവിതാംകൂറില്‍നിന്ന് മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഷെവ. വി.ജെ. ജോസഫ് കണ്ടോത്തിന്റെ നേതൃത്വത്തില്‍ കുടിയേറിയ 72 കുടുംബങ്ങളുടെ ആത്മസമര്‍പ്പണത്തിന്റെ പ്രതിഫലനമാണ് രാജപുരത്തിന്റെ മണ്ണില്‍ പ്രതിഫലിച്ചത്.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ക്‌നാനായ സഭാപിതാക്കന്മാരുടെ മഹനീയ സാന്നിധ്യത്തില്‍ കാഞ്ഞങ്ങാട് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍നിന്ന് അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ദീപശിഖ തെളിയിച്ച് രാജപുരം ഹോളി ഫാമിലി ഫൊറോന വികാരി ഫാ. ഷാജി വടക്കേതൊട്ടിയില്‍, ആഘോഷകമ്മിറ്റി കണ്‍വീനര്‍ ഫിലിപ്പ് കൊട്ടോടിയില്‍ എന്നിവര്‍ക്ക് കൈമാറി. കാഞ്ഞങ്ങാട് അപ്പസ്‌തോലിക് റാണി ദേവാലയത്തിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം അമ്പലത്തറ ഒടയംചാല്‍വഴി അഞ്ഞൂറോളം വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും പുരാതനപാട്ടുകളുടെയും അകമ്പടിയോടെ രാജപുരത്ത് എത്തിയ ദീപശിഖയെയും ഛായചിത്രപ്രയാണത്തെയും ഫൊറോനയ്‌ക്കുവേണ്ടി വികാരി ഫാ. ഷാജി വടക്കേതൊട്ടിയില്‍ സ്വീകരിച്ചു. തുടര്‍ന്ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേവാലയത്തില്‍ കൊണ്ടുവന്ന ദീപശിഖയില്‍നിന്ന് നിലവിളക്കിലേക്ക് ദീപം പകര്‍ന്ന് മൂന്നുവര്‍ഷത്തെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തിരി തെളിച്ചു. കൃതജ്ഞതാബലിക്ക് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, മോണ്‍. മാത്യു ഇളപ്പാനിക്കല്‍, ഫാ. ജോസ് ചിറപ്പുറത്ത്, ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. ഷാജി വടക്കേതൊട്ടിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മലബാര്‍ മേഖലയില്‍ സേവനം ചെയ്യുന്ന വൈദികരും കൃജഞ്‌താബലിയില്‍ സംബന്ധിച്ചു.
തുടര്‍ന്ന് രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ കാലങ്ങളിലെ തളര്‍ച്ചകളും കുറവുകളും പരിഹരിച്ച് വളര്‍ച്ചകളെ മുന്‍നിറുത്തി മൂന്നു വര്‍ഷങ്ങള്‍കൊണ്ട് മലബാര്‍ കുടിയേറ്റ ചരിത്രത്തെ അര്‍ത്ഥപൂര്‍ണമാക്കുവാന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്ന് മാര്‍ മൂലക്കാട്ട് പറഞ്ഞു. വളര്‍ച്ചയുടെ വഴികളില്‍ നമുക്ക് ലഭ്യമായിട്ടുള്ള നന്മകള്‍ പൊതുസമൂഹത്തിന് നല്‍കുവാന്‍ തയാറാകണം. മറ്റു കുടിയേറ്റങ്ങളില്‍നിന്ന് വ്യത്യസ്‌തമായി ക്‌നാനായ കുടിയേറ്റത്തിന്റെ വ്യതിരക്തത വിശ്വാസത്തിന്റെ വളര്‍ച്ചയാണ്. 60 ഓളം രാജ്യങ്ങളില്‍ ക്‌നാനായക്കാര്‍ തളരാതെ വളര്‍ച്ചയുടെ പടവുകള്‍ കയറിപോവുകയാണെന്നും മാര്‍ മൂലക്കാട്ട് പറഞ്ഞു.
സംഘടിത കുടിയേറ്റത്തിന്റെ അവശേഷിപ്പുകള്‍ നിലനറുത്തുവാനായി മലയോരം കേന്ദ്രീകരിച്ച് മലബാര്‍ കുടിയേറ്റ ചരിത്ര മ്യൂസിയം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉദ്‌ഘാടന പ്രസംഗത്തില്‍ സാംസ്‌കാരിക വകുപ്പുമന്ത്രി കെ.സി. ജോസഫ് പറഞ്ഞു. മലയോര വികസനത്തിന് നെടുംതൂണായത് കുടിയേറ്റജനതയാണ്. മലയോര ഹൈവേയുടെ പ്രവൃത്തികള്‍ നാറ്റ്‌പാകിന്റെ സര്‍വേ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് മന്ദാരപ്പടവില്‍നിന്ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മലബാറിലെ ക്‌നാനായ കുടിയേറ്റം മലയോരവികസനത്തിന് മുഖ്യപങ്ക് വഹിച്ചുവെന്ന് ആശംസാപ്രസംഗത്തില്‍ പി. കരുണാകരന്‍ എം.പി പറഞ്ഞു. ഫാ. തോമസ് ആനിമൂട്ടില്‍, മാത്യു പൂഴിക്കാല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സ്വാഗതവും കണ്‍വീനര്‍ ഫിലിപ്പ് കൊട്ടോടി നന്ദിയും പറഞ്ഞു. ആദ്യകാല കുടിയേറ്റ സംഘത്തില്‍ അവശേഷിക്കുന്ന 94-കാരിയായ ചുള്ളിക്കര ഇടവകയിലെ ഉള്ളാട്ടില്‍ ഏലിക്കുട്ടിയെ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പൊന്നാടയണിയിച്ച് ആദരിച്ചു. രാജപുരം ഫൊറോനയുടെ കീഴിലെ മുഴുവന്‍ അല്‍മായരും മലബാറിലെ മറ്റ് ഇടവകകളില്‍നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.