കോട്ടയം അതിരൂപതയുടെ വിശ്വാസപരിശീലന വാര്‍ഷികത്തോട നുബന്ധിച്ച് അഭിവന്ദ്യ മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ ഉദ്‌ഘാടന പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം.
മോനിപ്പള്ളി സണ്‍ഡേ സ്‌കൂളിനെ സംബന്ധിച്ചടത്തോളം അഭിമാനിക്കാവുന്ന ഒരു സുദിനമാണിന്ന്. ആ അഭിമാനത്തില്‍ പങ്കുപറ്റുവാന്‍ അര്‍ഹതയുള്ളവരാണ് ഇവിടെയുള്ള മാതാപിതാക്കള്‍, വിശ്വാസപരിശീലകര്‍, വിശ്വാസപരിശീലനം നടത്തുന്ന കുഞ്ഞുങ്ങള്‍. എല്ലാവരെയും ഞാന്‍ സ്‌നേഹപൂര്‍വ്വം അഭിനന്ദിക്കുകയാണ്.
നമ്മുടെ അതിരൂപതയില്‍ വിശ്വാസപരിശീലനത്തിനായി നടത്തുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നമുക്കറിയാം. യഥാര്‍ത്ഥത്തില്‍ വിശ്വാസപരിശീലനത്തില്‍ ഈശോയെ കണ്ടെത്തുവാനണ് നാം പരിശ്രമിക്കുന്നത്. ചരിത്ര ക്ലാസുകളില്‍ മഹാന്മാരായ ആളുകളെക്കുറിച്ച് നാം പഠിക്കാറുണ്ട്. ഈശോയെക്കുറിച്ച് അങ്ങനെയല്ല നാം പഠിക്കുന്നത്. ഈശോ നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു വ്യക്തിയാവണം. അങ്ങനെയുള്ള ഒരു വ്യക്തി ബന്ധത്തിലേക്ക് നമ്മള്‍ എല്ലാവരും വളരണം. അതാണ് വിശ്വാസപരിശീലനത്തിന്റെ ആത്യന്തികമായ ലക്‌ഷ്യം.
ഈശോയെ ഒന്ന് കാണാന്‍ വേണ്ടി സിക്കമൂര്‍ മരത്തില്‍ കയറിയിരുന്ന സക്കേവൂസ് ഈശോ ആരെന്ന് അറിഞ്ഞ് തന്റെ വീട്ടിലേക്ക് പോകാന്‍ ആഗ്രഹിച്ച ആളാണ്. എന്നാല്‍ അവന്‍ ഈശോയെ കണ്ടു. ഈശോ അദ്ദേഹത്തെ കണ്ടു; അദ്ദേഹത്തെ വിളിച്ചു; ഈശോ അദ്ദേഹത്തോടെപ്പം താമസിച്ചു. സക്കേവൂസിന്റെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടായി. അതുപോലെ ഈശോയെ കണ്ടുമുട്ടിയ ആളുകള്‍ ഓരോരുത്തരും ആ വിശ്വാസത്തില്‍ വളരണമെന്ന് ഈശോ ആഗ്രഹിക്കുകയും ചെയ്‌തു. അപ്പം വര്‍ദ്ധിപ്പിച്ചു കൊടുത്തപ്പോള്‍ ആളുകള്‍ക്ക് വലിയ സന്തോഷമുണ്ടായി. അവര്‍ ഈശോയെ പിടിച്ച് രാജാവാക്കാന്‍ നോക്കി. എന്നാല്‍ ഈശോ അവിടെ നിന്ന് മാറിക്കളഞ്ഞു. കാരണം ഈശോയിക്ക് ആവശ്യം തല്‍ക്കാലത്തെ നേട്ടങ്ങള്‍ക്ക് വേണ്ടി ദൈവത്തെ തേടുന്നവരെയല്ല, ദൈവത്തില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കുന്നവരെയാണ്. അങ്ങനെയുള്ളവര്‍ക്ക് മാത്രമേയുള്ളൂ ലോകത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കുകയുള്ളൂവെന്ന് ഈശോയിക്ക് അറിയാമായിരുന്നു. വിശ്വാസപരിശീലനത്തിലൂടെ നാമെല്ലാവരും യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് കടന്നുവരുന്നവരാകണം. ഇന്ന് ലോകത്തില്‍ ധാരാളം സൗകര്യങ്ങള്‍ മനുഷ്യര്‍ക്കുണ്ട്. അതുകൊണ്ടതന്നെ കൂടുതല്‍ സൗകര്യം ഉണ്ടാക്കാനയിട്ട് മനുഷ്യര്‍ പരിശ്രമിക്കുകയും ചെയ്യുന്നു. പക്‌ഷേ ഇവിടെയെക്കെ നാം ഓര്‍ത്തിരിക്കേണ്ടത് എല്ലാറ്റിനും ഉപരിയായിട്ട് ദൈവവുമായുള്ള വലിയ ബന്ധം നമുക്ക് ആവശ്യമാണ്. ആ ബന്ധത്തിലൂടെ മാത്രമേയുള്ളൂ നമുക്ക് ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുവാനായിട്ട് സാധിക്കുകയുള്ളൂ.
വിശ്വാസപരിശീലനത്തിലൂടെ നമ്മുടെ കുഞ്ഞുങ്ങളുടെ നല്ല വളര്‍ത്തലിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടതിന്റെ ആവശ്യകത പ്രത്യേകം അനുസ്‌മരിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇന്ന് ലൗകീക നേട്ടങ്ങള്‍ക്ക് വേണ്ടി കുഞ്ഞുങ്ങള്‍ക്ക് എന്തും ചെയ്‌തുകൊടുക്കുവാന്‍ മാതാപിതാക്കള്‍ തയ്യാറാണ്. എന്നാല്‍ എന്തൊക്കെയുണ്ടായാലും അടിസ്ഥാനപരമായ മൂല്യങ്ങളും ബോധ്യങ്ങളും ഇല്ലെങ്കില്‍ ആ കുഞ്ഞുങ്ങളുടെ ജീവിതം മണലില്‍ പണിത ഭവനം പോലെ ആയിരിക്കുമെന്ന് കര്‍ത്താവ് തന്നെ നമ്മെ അനുസ്‌മരിപ്പിക്കുന്നുണ്ട്. അതുകൊണ്ട് വിശ്വാസ വളര്‍ച്ച, വിശ്വാസത്തില്‍ ആഴപ്പെട്ട് ജീവിക്കുക, മൂല്യങ്ങളില്‍ ഉറച്ച ബോധ്യങ്ങളോടെ ജീവിക്കുവാനായിട്ട് അവരെ സഹായിക്കുക, അവര്‍ക്ക് മാതൃക നല്‍കുക തുടങ്ങിയവയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
നമ്മുടെ കുടുംബങ്ങളില്‍ കുഞ്ഞുങ്ങളുടെ വിശ്വാസപരിശീലനത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് കുഞ്ഞുങ്ങളുടെ എണ്ണമാണ്. കൂടുതല്‍ കുട്ടികളുള്ള വീടുകളില്‍ കുഞ്ഞുങ്ങള്‍ വളരെയേറെ നല്ല ക്രൈസ്‌തവ മൂല്യങ്ങള്‍ രൂപം കൊള്ളുന്നു. ഇല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ പലപ്പോഴും സ്വാര്‍ത്ഥരായും തന്‍കാര്യം മാത്രം നോക്കുന്നവരായും മാറുന്ന ഒരു ദയനീയ അവസ്ഥ നമ്മള്‍ കാണുന്നുണ്ട്. നമ്മുടെ കുടുംബങ്ങളില്‍ അല്ലെങ്കില്‍ ക്രൈസ്‌തവ കുടുംബങ്ങളില്‍ മാതാപിതാക്കളുടെ ആഴമേറിയ വിശ്വാസമാണ് ദൈവം നല്‍കുന്ന കുഞ്ഞുങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്നത്. അങ്ങനെയുള്ള കുടുംബങ്ങളില്‍ വളരുന്ന ഓരോ കുട്ടിയും ക്രൈസ്‌തവ വിശ്വാസത്തില്‍ ആഴപ്പെട്ടു തന്നെയാണ് വളരുന്നതെന്ന് ഇവിടെയുള്ള എല്ലാ മാതാപിതാക്കന്‍മാര്‍ക്കും അറിയാം. നിര്‍ഭാഗ്യവശാല്‍ ആധുനിക ലോകത്തിന്റെ സൗകര്യങ്ങള്‍ക്ക് പിന്നാലെയുള്ള പരക്കംപാച്ചിലില്‍ മാതാപിതാക്കന്മാരുടെ വിശ്വാസ്‌ത്തിന് ബലക്‌ഷയം സംഭവിക്കുകയും തല്‍ഭലമായി കുഞ്ഞുങ്ങളുടെ എണ്ണം കുറയുകയും ചെയ്യുമ്പോള്‍ ആ കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ ക്രിസ്‌തീയ മൂല്യങ്ങളും സദാചാരബോധ്യങ്ങളുമൊക്കെ ബലഹീനമാവുകയും അവരുടെ ജീവിതം മാതാപിതാക്കള്‍ ആഗ്രഹിക്കുന്നതില്‍ നിന്നും വളരെ വ്യത്യസ്‌തമായ രീതിയിലേക്ക് വഴുതിപ്പോവുകയും ചെയ്യുന്നത് നമ്മള്‍ കാണാറുണ്ട്.
അതുകൊണ്ട് നല്ല കുടുംബങ്ങള്‍ എന്ന് പറയുമ്പോള്‍ ദൈവത്തില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ച മാതാപിതാക്കള്‍, ആ കുടുംബത്തിലുള്ള കുഞ്ഞുങ്ങള്‍ ഒത്തുച്ചേര്‍ന്ന് പ്രാര്‍ത്ഥനയിലൂടെയും സ്‌നേഹം പങ്കുവച്ചും ത്യാഗം പങ്കുവച്ചും ജീവിക്കുന്നതിന്റെ സന്തോഷം, അതൊക്കെയാണ് നല്ല വ്യക്തികളായി മാറാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ശക്തി പകരുന്നത്; അതിന് അവസരം ഒരുക്കുന്നത്. അതുകൊണ്ട് ഇക്കാര്യങ്ങള്‍ നമ്മുടെ ചിന്തയിലുണ്ടാകണം. നമ്മുടെ കുടുംബങ്ങളില്‍ ധാരാളം നന്മയില്‍ വളരുന്ന, ദൈവവിശ്വാസത്തില്‍ വളരുന്ന കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ കുഞ്ഞുങ്ങളിലൂടെ അവരുടെ ജീവിതത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും കണ്ട് സന്തോഷിക്കുവാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കും. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് എന്ന ഭാവത്തില്‍ കുഞ്ഞുങ്ങളുടെ എണ്ണം കുറയ്‌ക്കുന്ന മാതാപിതാക്കള്‍ അവാസാനം എത്തുക സന്തോഷത്തിലാണോ എന്നുള്ളത് ഗൗരവപൂര്‍വ്വം നാം ചിന്തിക്കണം. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല ക്രൈസ്‌തവപരിശീലനം നല്‍കുവാന്‍ മാതാപിതാക്കള്‍ക്കുള്ള സ്ഥാനം ഏറ്റവും പ്രധാനമാണ്.
വിശ്വാസപരിശീലന രംഗത്ത് ത്യാഗപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന ധാരാളം വിശ്വാസപരിശീലകര്‍ നമുക്കുണ്ട്. അതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുകയാണ്. അവര്‍ മാതാപിതാക്കള്‍ക്ക് ചെയ്യുന്ന സേവനം വളരെ വലുതാണ്. അവരുടെ സമയവും അദ്ധ്വാനവും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാറ്റി വയ്‌ക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് മാതാപിതാക്കളാണ്. അതുകൊണ്ട് തന്നെ ഇടവകയുടെ വിശ്വാസപരിശീലനരംഗത്ത് ആവശ്യമായ എല്ലാ പ്രോത്സാഹനവും നല്‍കുവാന്‍ ഇടവക സമൂഹം പ്രതേകം ശ്രദ്ധ ചെലുത്തണം. വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന വിശ്വാസപരിശീലകരേയും സമ്മാനര്‍ഹരായ കുഞ്ഞുങ്ങളെയും ഞാന്‍ സ്‌നേഹപൂര്‍വ്വം അഭിനന്ദിക്കുന്നു. നിങ്ങളുടെ നല്ല പ്രവര്‍ത്തനങ്ങള്‍ ഇനിയും മുന്നോട്ട് കൊണ്ടുപോകുവാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നമ്മുടെ വിശ്വാസപരിശീലനരംഗം കൂടിതല്‍ ശോഭിതമാക്കുവാനായി നിങ്ങളുടെ എല്ലാവരുടെയും പ്രവര്‍ത്തനങ്ങള്‍ സഹായകമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. വിശ്വാസപരിശീലനത്തിലൂടെ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുവാനും, അങ്ങനെ ദൈവത്തിന്റെ മനസിനിണങ്ങിയ ഒരു സമൂഹമായി വളരുവാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. അതിന് ഈ പുതിയ വിശ്വാസ വര്‍ഷം നമുക്ക് ശക്തി പകരട്ടെ.