ക്‌നാനായക്കാരുടെ പിന്‍തുടര്‍ച്ചക്കാരില്‍ ചില കുടുംബങ്ങള്‍ എ.ഡി. 1820-ന് മുമ്പ് പിറവത്ത് വാസമാരംഭിച്ചിരുന്നു. അന്ന് അവര്‍ ദൈവാരാധന നടത്തിയിരുന്നത് യാക്കോബായ വലിയപള്ളിയിലായിരുന്നു. എന്നാല്‍ ദൈവപരിപാലനയുടെ നിറവില്‍ 1821-ല്‍ വി.കുര്‍ബാനയുടെ തിരുനാള്‍ ദിനത്തില്‍ വി. രാജാക്കന്മാരുടെ നാമധേയത്തില്‍ പുതിയൊരു പള്ളിക്ക് കല്ലിട്ടു. ഇപ്പോഴത്തെ പള്ളിയുടെ സ്ഥാനത്തുതന്നെയായിരുന്നു പഴയപള്ളിയും ഉണ്ടായിരുന്നത്. `കൊച്ചുപള്ളി’ എന്ന വിളിപ്പേരില്‍ അന്നുമിന്നും അറിയപ്പെടുന്ന വി.രാജക്കന്മാരുടെ കത്തോലിക്കാപ്പള്ളി തനിമയില്‍ പുലരുന്ന ഒരു ജനതയുടെയും മതേതരത്വത്തിന് പേരുകേട്ട ഒരുനാടിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുന്നു.
ആദ്ധ്യാത്മികതയിലും ഭൗതികതയിലും ഉത്തരോത്തരം അഭിവൃദ്ധി നേടിക്കൊണ്ടിരിക്കുന്ന ഈ ദേവാലയം 1921-ല്‍ നൂറിന്റെ നിറവില്‍ ശതാബ്‌ദി ആഘോഷിച്ചു. 1960 ആയപ്പോള്‍ കാലോചിതമായി പള്ളി പുതുക്കിപ്പണിയണമെന്ന ചിന്ത വിശ്വാസികളിലുടലെടുത്തു. 1969-ല്‍ അന്നത്തെ വികാരി അപ്പോഴിപ്പറമ്പില്‍ ബഹു. സിറിയക്കച്ചന്റെ നേതൃത്വത്തില്‍ ആ വര്‍ഷം ഒക്‌ടോബര്‍ 19-ാം തീയതി രൂപതാദ്ധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ തിരുമേനി പുതിയ പള്ളിക്ക് ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു. ദൈവാനുഗ്രഹത്താല്‍ രണ്ടുവര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാവുകയും 1971 മെയ് 29-ാം തീയതി രൂപതയുടെ അന്നത്തെ സഹായമെത്രാന്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പുതിയ ദേവാലയത്തിന്റെ കൂദാശകര്‍മ്മം നിര്‍വ്വഹിക്കുകയും മെയ് 30-ാം തീയതി അഭിവന്ദ്യ തറയില്‍ തിരുമേനി ആദ്യമായി ദിവ്യബലിയര്‍പ്പിക്കുകയും ചെയ്‌തു.
ഇടവകജനങ്ങളുടെ ആദ്ധ്യാത്മിക വളര്‍ച്ചയ്‌ക്ക് പ്രചോദനമായി 1972 ജനുവരി 1-ാം തീയതി വിസിറ്റേഷന്‍ സന്യാസസമൂഹത്തിന്റെ ഒരു ഭവനം ഇവിടെ സ്ഥാപിതമായി. മഠത്തിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിതമായ പ്രീപ്രൈമറി സ്‌കൂളും തയ്യല്‍ സ്‌കൂളും വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ സഹായകമായി.
ഇടവകയിലെ പ്രധാനതിരുനാള്‍ എല്ലാവര്‍ഷവും ജനുവരി 5,6, തീയതികളില്‍ ആഘോഷിക്കുന്നു. ദനഹാ തിരുനാള്‍ എന്നറിയപ്പെടുന്ന ഈ തിരുനാളിലൂടെ രക്ഷകന്റെ ജനനവും, കാഴ്‌ചവയ്‌പ്പും, മാമ്മോദീസായുമാണ് അനുസ്‌മരിക്കുന്നത്. എല്ലാവര്‍ഷവും മെയ് മാസം അവസാനത്തെ ശനിയാഴ്‌ച 12 മണിക്കൂര്‍ ആരാധനനടത്തുന്നു. വളര്‍ച്ചയുടെ 190 വര്‍ഷം പിന്നിടുമ്പോള്‍ എറണാകുളം ജില്ലയിലെ ഈ ഇടവകയില്‍ 615 കുടുംബങ്ങള്‍ തങ്ങളുടെ പാരമ്പര്യവും തനിമയും നിലനിര്‍ത്തിക്കൊണ്ട് പൂര്‍വ്വികരുടെ പാതപിന്തുടരുന്നു.