1890-ല്‍ സ്ഥാപിതമായ വെള്ളൂര്‍ ശ്രായിക്കുന്നം തിരുക്കുടുംബ ദൈവാലയത്തിന്, ഒരു പൂര്‍വചരിത്രമുണ്ട്. `വല്യമ്യാലില്‍ ചാണ്ടി’ എന്ന വ്യക്തിയുടെ ഒറ്റയാള്‍ പരിശ്രമം ഈ ദൈവാലയ സ്ഥാപനത്തിനു കാരണമായി. കടുത്തുരുത്തി വലിയപള്ളി അംഗങ്ങളായിരുന്ന `പാലകന്‍ ‘ കുടുംബത്തില്‍ നിന്ന്, ചിലര്‍ കൊയ്‌ത്തുകാലത്ത് വെള്ളൂര്‍ പ്രദേശങ്ങളില്‍ കച്ചവടത്തിനായി വന്നിരുന്നു. `ബാര്‍ട്ടര്‍ സിസ്റ്റം’ നിലനിന്നിരുന്ന അക്കാലത്ത് പ്രതിഫലമായി കിട്ടിയിരുന്ന നെല്ല് ഇവിടെത്തന്നെ സൂക്ഷിച്ച് കച്ചവടത്തിന്റെയവസാനം അതുമായി കടുത്തുരുത്തിക്ക് പോവുകയായിരുന്നു പതിവ്. അങ്ങനെ പാലകന്‍ കുടുംബക്കാരുമായി, ഇവിടെയുള്ള നാനാജാതി മതസ്ഥര്‍ക്ക് അടുപ്പമായി.
വെള്ളൂര്‍ അമ്പലത്തിലേക്ക് തലയോലപ്പറമ്പില്‍ നിന്നും വാങ്ങിക്കൊണ്ടുവരുന്ന `എണ്ണ’, മാപ്പിള തൊട്ടാലേ ശുദ്ധം വരുകയുണ്ടായിരുന്നുള്ളൂ. അതിലേക്കായി കടുത്തുരുത്തി പാലകന്‍ കുടുംബത്തിലെ ,അഞ്ചുസഹോദരന്‍മാരില്‍ ഇളയവനായ ചാണ്ടിയെ ഭാര്യാസമേതം പുഴവക്കിലുള്ള തേക്കാട്ടില്‍ പുരയിടത്തില്‍ കൊണ്ടുവന്നു താമസിപ്പിച്ചു. അമ്പലത്തിലെ പൂജാരിയും ജന്മിയുമായ വല്ല്യേല്‍ പോറ്റിയുടെ വിസ്‌ത്യതമായ കൃഷിയിടത്തില്‍ കാര്യസ്ഥനായി, കാര്യവിവരമുള്ള ചാണ്ടിയെ പോറ്റി ചുമതലപ്പെടുത്തി. അധികം താമസിയാതെ തന്റെ മൂത്ത മൂന്നു സഹോദരങ്ങളെക്കൂടി അദ്ദേഹം വെള്ളൂര്‍ തേക്കാട്ടില്‍ പുരയിടത്തിലേക്കു കൊണ്ടുവന്നു. ഇന്ന് റെയില്‍വേസ്റ്റേഷനു ഇരുപുറവുമായിക്കിടന്നിരുന്ന സ്ഥലം വെട്ടിത്തെളിച്ച് കൃഷിയിറക്കുകയും ചെയ്‌ത ചാണ്ടി , ഇപ്പോഴത്തെ റോഡിനും കിണറിനും മുകളിലായി ഒരു പള്ളി പണിയിപ്പിച്ചു. 1896 മുതല്‍ കടുത്തുരുത്തിയില്‍ നിന്നും,കരിപ്പാടത്തുനിന്നും വൈദികര്‍ ഇവിടെ വന്ന് കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നു.
പള്ളി സ്ഥാപിച്ചതില്‍ ദേവസ്വം അധികാരികള്‍ ക്ഷുഭിതരായി. കേസുകൊടുത്ത് പള്ളി പൊളിപ്പിക്കാനായിരുന്നു പിന്നീടുള്ള അവരുടെ ശ്രമം. വൈക്കം താലൂക്കുകച്ചേരിയില്‍ നിന്നും പള്ളിക്ക് അനുകൂലമായ വിധിയുണ്ടായെങ്കിലും കോട്ടയം ഡിസ്‌ട്രിക്‌റ്റ് കോടതിയില്‍നിന്നും പള്ളി പൊളിച്ചുമാറ്റാന്‍ ഉത്തരവുണ്ടായി. പള്ളിപൊളിച്ചതിനുശേഷം, വല്യമ്യാലിപുരയിടത്തില്‍ അദ്ദേഹം ഇരുനിലയില്‍ ഒരു മാളിക പണിതു. രണ്ടാം നിലയില്‍ കുര്‍ബ്ബാനചൊല്ലുവാനുള്ള ക്രമീകരണങ്ങളും ഉണ്ടായിരുന്നു. ഇവിടെനിന്നും ആലപ്പുഴയിലെ ഹൈക്കോടതിയില്‍ വള്ളത്തില്‍ പോയി ചാണ്ടി കേസുനടത്തുകയും ക്രൈസ്‌തവ ദൈവാലയം പണിയുവാന്‍ ആവശ്യമായ അനുകൂലവിധി സമ്പാദിക്കുകയും ചെയ്‌തു. സ്ഥലം ഉടമസ്ഥതയ്‌ക്കുവേണ്ടി ഉടന്‍ ദേവസ്വം അധികാരികള്‍ കേസുകൊടുത്തതിന്റെ ഫലമായി, ഈ സ്ഥലം ലേലത്തില്‍ വച്ചു. ദേവസ്വം കാര്യസ്ഥന്‍മാര്‍ വിളിച്ചതിനെക്കാള്‍ കൂടിയ വിലയ്‌ക്ക് വസ്‌തു അദ്ദേഹം ലേലത്തില്‍ പിടിച്ചു (അറുപത് രൂപ, അന്നത്തെ കാല ത്ത് അത് വലിയയൊരു തുക തന്നെയായിരുന്നു.) വെള്ളൂരെത്തിയ ചാണ്ടി സ്വ ന്തം ചിലവില്‍ പുതിയ പള്ളി പണിയിച്ചു. 1.11.1907 -ല്‍ അദ്ദേഹം അന്തരിച്ചു. പൊതുയോഗ താത്‌പര്യമനുസരിച്ച് പിതൃസ്‌മരണാര്‍ത്ഥം 1.11.2008 ല്‍ കല്ലറ പണിയുകയും റാസ നടത്തുകയും ചെയ്‌തു.
പള്ളി പുതുക്കി പവണിയുന്നതിന് 1958 ഒകടോബര്‍ 7 ന് മാര്‍ തോമസ് തറയില്‍ ശിലാസ്ഥാപനം നടത്തി. ഏഴു വര്‍ഷത്തിനു ശേഷം 1965 ഒക്‌ടോബര്‍ 24-ാം തീയതി തറയില്‍ പിതാവ് പള്ളി വെഞ്ചരിച്ചു. പള്ളി നിര്‍മ്മാണത്തിന് ബഹുമാനപ്പെട്ട ഫാ. ഫിലിപ്പ് വിശാഖംതറ, ഫാ. മാത്യു കൊരട്ടിയില്‍ , ഫാ. ജേക്കബ് മുടക്കാലില്‍ , ഫാ. ജോസഫ് മേക്കര എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. ഈ ദൈവാലയത്തിന്റെ ശതാബ്‌ദി 1989 ഫെ.25ന് അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് ഉദ്‌ഘാടനം ചെയ്‌തു. അതേ ദിവസം തന്നെ ഇടവകയുടെ ആത്മീയ പുരോഗതി ലക്ഷ്യമാക്കി സെന്റ് ജോസഫ്‌സ് കോണ്‍വെന്റും പിതാവ് വെഞ്ചരിച്ചു. പ്രധാനതിരുനാള്‍ ദിനം – മൂന്നുനോമ്പു കഴിഞ്ഞുവരുന്ന ശനി, ഞായര്‍.