1925 സെപ്‌റ്റംബര്‍ 6-ാം തീയതി കിഴക്കേ നട്ടാശ്ശേരിയില്‍ രൂപീകൃതമായ ഒരു അല്‌മായ ഭക്തസംഘടനയാണ് തിരുഹൃദയ സമാജം. ഇവിടെയുള്ള ക്‌നാനായ കുടുംബങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിന് നേതൃത്വം കൊടുക്കുന്നതിനാണിത് ആരംഭിച്ചത്. പ്രാരംഭത്തില്‍ 16 കുടുംബങ്ങളാണ് ഇതില്‍ അംഗങ്ങളായുണ്ടായിരുന്നത്. മാസാദ്യവെള്ളി കഴിഞ്ഞുവരുന്ന ഞായറാഴ്‌ച ഉച്ചയ്‌ക്ക് മുന്‍പ് കുടുംബനാഥന്മാര്‍ ക്രമാനുസരണം ഓരോ ഭവനത്തില്‍ ചേരുകയും പ്രാര്‍ത്ഥിക്കുകയും മാസപിരിവായി എടുത്തിരുന്ന തുകയില്‍നിന്നും ശുദ്ധീകരാത്മാക്കള്‍ക്കായി ദിവ്യബലി ചൊല്ലിക്കുകയും ചെയ്‌തു പോന്നു. ഇവിടെയുള്ള കുട്ടികള്‍ക്ക് സണ്‍ഡേ ക്ലാസ്സുകള്‍ നടത്തുവാന്‍ സ്വന്തമായി സ്ഥലമില്ലാതിരുന്നതിനാല്‍ ചമ്പപ്പള്ളി മത്തായിയുടെ വകയായിരുന്ന കുന്നക്കാട്ട് പുരയിടത്തില്‍ ഷെഡ് കെട്ടി സണ്‍ഡേ സ്‌കൂള്‍ ആരംഭിച്ചു. അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവിന്റെ സെക്രട്ടറിയായിരുന്ന ബഹു. മാത്യു ചെറുശ്ശേരിയിലച്ചനാണ് പുതിയ സണ്‍ഡേസ്‌കൂള്‍ ഹാളിന് തറക്കല്ലിട്ടത്.
ഇടവകപ്പള്ളിയായ ഇടയ്‌ക്കാട്ട് പള്ളിയിലേക്കുള്ള ദൂരവും പ്രത്യേകിച്ച് വര്‍ഷകാലങ്ങളില്‍ വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന അസൗകര്യങ്ങളും പരിഗണിച്ച് കിഴക്കേ നട്ടാശ്ശേരിയില്‍ ഒരു സെമിത്തേരി കിട്ടുന്നതിനായിരുന്നു സമാജത്തിന്റെ അടുത്തശ്രമം. ഇതിന്റെ ഫലമായി 1958-ല്‍ ഇടയ്‌ക്കാട്ട് പള്ളി വികാരിയായിരുന്ന മോണ്‍.മാത്യു തെക്കനാട്ടിന്റെ പിന്‍തുണയോടുകൂടി അഭിവന്ദ്യ തറയില്‍ പിതാവിന് നിവേദനം നല്‌കി. സെമിത്തേരി ഉണ്ടായതോടുകൂടി ഒരു ദേവാലയത്തിനുള്ള ആഗ്രഹം വര്‍ദ്ധിച്ചു. നിലവില്‍ വാങ്ങിയ സ്ഥലത്ത് ഉണ്ടായിരുന്ന വീട് റിപ്പയര്‍ ചെയ്‌ത് ഒരു ചാപ്പല്‍ ഉണ്ടാക്കി. മൃതസംസ്‌ക്കാരം, വിവാഹം, മരിച്ചവരുടെ തിരുനാള്‍ എന്നീ ദിവസങ്ങളില്‍ മാത്രം കുര്‍ബാന ചൊല്ലുവാന്‍ അരമനയില്‍നിന്നും അനുവാദം നല്‌കി. സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ ഇടവകാംഗമായ പൊക്കന്താനത്ത് മാത്യു ഒരു ദേവാലയത്തിന്റെ പ്ലാന്‍ തയ്യാറാക്കി അരമനയില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങി. ഇപ്രകാരം സമാരംഭിച്ചു പള്ളിയുടെ പണി പൂര്‍ത്തീകരിച്ച് 1970 സെപ്‌റ്റംബര്‍ 6-ന് അഭിവന്ദ്യ തറയില്‍ പിതാവ് വെഞ്ചരിച്ച് പ്രഥമബലി അര്‍പ്പിച്ചു. തിരുഹൃദയ സമാജത്തിന്റെ സ്ഥാപകദിനമായ സെപ്‌റ്റംബര്‍ 6-ന് തന്നെ പള്ളിവെഞ്ചരിപ്പ് നടന്നത് ഒരു ദൈവനിശ്ചയമായി കരുതാം. തുടര്‍ന്ന് ബഹു.വില്ലുത്തറ അച്ചന്‍ പള്ളി നടത്തിപ്പിന് ചുമതലയേറ്റു. 1975 ആയപ്പോഴേക്കും പള്ളിമുറി പണികഴിപ്പിക്കുവാന്‍ സാധിച്ചു. ഈ കാലഘട്ടത്തില്‍ ഒരു ചെറിയ പാരീഷ് ഹാളും പണികഴിപ്പിച്ചു. സണ്‍ഡേസ്‌കൂള്‍ കാര്യക്ഷമമായി നടത്തുന്നതിന് വിസിറ്റേഷന്‍ സമൂഹത്തിലെ സിസ്റ്റേഴ്‌സിന്റെ സഹായവും ലഭിച്ചു. അതോടൊപ്പം നഴ്‌സറി സ്‌കൂളും ആരംഭിച്ചു.
നിലവിലുള്ള പള്ളി തികച്ചും അപര്യാപ്‌തമായ അവസരത്തിലാണ് ബഹു.മേലേടത്ത് ജോസഫ് അച്ചന്‍ ഇവിടെ ചാര്‍ജ് എടുത്തത്. അച്ചന്‍ നിലവിലുള്ള ദേവാലയത്തിന്റെ രജതജൂബിലി സ്‌മാരകമായി ഒരു പുതിയ ദേവാലയം നിര്‍മ്മിക്കാമെന്ന ആശയം മുന്നോട്ടുവച്ചു. അതോടൊപ്പം പുതുതായി ആരംഭിച്ച എല്‍.പി.സ്‌കൂള്‍ പള്ളി പുരയിടത്തില്‍ നിന്നും മാറ്റി പണിയേണ്ടത് ആവശ്യമായി. ഒപ്പം സ്‌കൂളിനു സ്ഥലം വാങ്ങി. പഴയപള്ളി സ്‌കൂള്‍ കെട്ടിടത്തിനായി ഉപയോഗിച്ചു. 1993 ജനുവരി 28-ന് പുതിയ പള്ളി വെഞ്ചരിച്ച് തിരുനാള്‍ ആഘോഷിച്ചു.