9567789732, 0481 - 2790948 (Reception) | 9400331281 (Office)

Holy Family Knanaya Catholic Forane Church, Rajapuram, Kanhangad

Holy Family Forane Church, Rajapuram, Kanhangadകോട്ടയം അതിരൂപതയുടെ ചരിത്രത്തിലെ അവിസ്മരണീയവും ഐതിഹാസികവും അതിസാഹസികവുമായ സംരംഭങ്ങളിലൊന്നായിരുന്നു മലബാര്‍ കുടിയേറ്റം. മദ്ധ്യതിരുവിതാംകൂറിലെ കോട്ടയം രൂപതയില്‍പ്പെട്ട വിവിധ ഇടവകകളില്‍ നിന്നും 72 കുടുംബങ്ങള്‍ 1943 ഫെബ്രുവരി മാസത്തില്‍ ബഹു. അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പ്രഫ. വി.ജെ ജോസഫ് കണ്ടോത്തിന്റെയും, ഫാ.മാത്യു ചെറുശ്ശേരിയുടെയും നേത്യത്വത്തില്‍ ഇന്നത്തെ കാസര്‍ഗോഡ് ജില്ലയിലെ രാജപുരം കോളനിയിലേക്ക് സംഘടിതമായി കുടിയേറി.

കുടിയേറ്റത്തോടനുബന്ധിച്ച് രാജപുരത്ത് ഒരു താത്കാലിക ഷെഡില്‍ ആദ്യമായി ദിവ്യബലി അര്‍പ്പിക്കുകയും പിന്നീട് ”തിരുക്കുടുംബ നാമധേയത്തില്‍” താത്കാലിക ദേവാലയം പണിയുകയും ചെയ്തു. സീറോ മലബാര്‍ സഭയുടെ മലബാര്‍ മേഖലയിലെ ആദ്യത്തെ പള്ളിയാണ് രാജപുരം. 1944 ല്‍ കുടിയേറ്റ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി എല്‍.പി. സ്‌കൂള്‍ അനുവദിച്ചുകിട്ടി.
1953 നവംബര്‍ 28-ാം തീയതി ഇന്നു നാം കാണുന്ന തിരുക്കുടുംബ ദേവാലയത്തിന്റെ പണി ആരംഭിക്കുകയും 1962 ഓഗസ്റ്റ് 15 ന് മാര്‍ തോമസ് തറയില്‍ പിതാവ് പുതിയ പള്ളിയുടെ കൂദാശ കര്‍മ്മം നടത്തുകയും ചെയ്തു. തിരുക്കുടുംബ ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്കിയത് അന്നത്തെ വികാരിയായ ഫാ. ഫിലിപ്പ് ചെമ്മലക്കുഴിയായിരുന്നു. തിരുക്കുടുംബ ദേവാലയത്തിന്റെ പ്രധാനതിരുനാള്‍ കുടിയേറ്റ തിരുനാള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ തിരുനാളിന് എല്ലാ കുടിയേറ്റ ജനതകളും എത്തിച്ചേരുകയും ദൈവത്തിന് നന്ദി അര്‍പ്പിക്കുകയും ചെയ്തുവരുന്നു. കുടിയേറ്റ നാളുകളില്‍ ഈ പ്രദേശത്തെ ”ഏച്ചിക്കോല്‍” എന്നാണു വിളിച്ചിരുന്നത്. എന്നാല്‍ കുടിയേറ്റക്കാര്‍ ആ പേരുമാറ്റി രാജാധിരാജനായ യേശുദേവന്‍ വാഴുന്ന ഇടം എന്നര്‍ത്ഥത്തില്‍ രാജപുരം എന്ന് വിളിക്കുകയും ഇന്ന് രാജപുരമായി അറിയപ്പെടുകയും ചെയ്യുന്നു.
15-20 കി.മീ. ചുറ്റളവിലായി കുടിയേറ്റക്കാര്‍ സ്ഥലം വാങ്ങുകയും കൃഷിയിറക്കുകയും വീട് പണിയുകയും താമസിക്കുകയും ചെയ്തിരുന്നു. എങ്കിലും ആത്മീയ പാലനത്തിനും, പ്രാഥമിക വിദ്യാഭ്യാസത്തിനും രാജപുരം മാത്രമായിരുന്നു ആശ്രയം.
മലയോടും, മലമ്പാമ്പിനോടും, കാട്ടുമൃഗങ്ങളോടും, മലമ്പനിയോടും മല്ലിട്ട് ഭൂമിയില്‍ കനകം വിളയിച്ച് സ്വന്തം മക്കളുടെ ഭാവിയൊരുക്കി സ്‌കൂളും കോളേജുമൊക്കെ പടുത്തുയര്‍ത്തിയ സഭാ നേതൃത്വത്തോടും ഇടവക വികാരിമാരോടും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് 1960 ല്‍ രാജപുരത്ത് ഹോളിഫാമിലി ഹൈസ്‌കൂള്‍ രൂപം കൊണ്ടു. ഇന്ന് 2010-ല്‍ സ്‌കൂളിന്റെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ നിറവിലാണ് ഇടവകക്കാരും നാട്ടുകാരും. ഫാ. സ്റ്റീഫന്‍ മുതുകാട്ടിലിന്റെ ശ്രമഫലമായി 1969-ല്‍ വിസിറ്റേഷന്‍ കന്യകാ സമൂഹത്തിന്റെ ശാഖാഭവനം ഇവിടെ ആരംഭിച്ചു. ഇന്ന് മഠത്തോടനുബന്ധിച്ച് ഒരു നേഴ്‌സറി സ്‌കൂളും നടത്തിവരുന്നു. 1968-ല്‍ കുടിയേറ്റത്തിന്റെ രജതജൂബിലി സ്മാരകമായി രൂപതാദ്ധ്യക്ഷന്‍ രാജപുരം പള്ളിയെ ഫൊറോന പള്ളിയായി ഉയര്‍ത്തി. ഈ ഇടവകയുടെ കീഴില്‍1995-ല്‍ സ്ഥാപിതമായ പാലങ്കല്ല്, അയ്യങ്കാവ് കുരിശുപള്ളികളില്‍ ഞായറാഴ്ചകളിലും മറ്റു വിശേഷ ദിവസങ്ങളിലും വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു. താഴത്തോട്ടത്തിലച്ചന്റെ നേതൃത്വത്തിലാണ് കുടിയേറ്റക്കാരുടെ ചിരകാലാഭിലാഷമായിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്ഥലം വാങ്ങുന്നതിനും അതിന്റെ അംഗീകാരത്തിനുമായുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ ആരംഭിച്ചത്.
2000-ാം ആണ്ടില്‍ രാജപുരം ഹോളി ഫാമിലി ഹൈസ്‌കൂളിന് +2 അനുവദിച്ചുകിട്ടി. വിദ്യാഭ്യാസ രംഗത്ത് കുടിയേറ്റ മേഖല അടിക്കടി ഉയര്‍ന്നുക്കൊണ്ടിരിക്കുന്നു. ഇടവകയില്‍ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്, കെ.സി.വൈ.എല്‍., കെ.സി.ഡബ്ല്യു.എ, വിന്‍സെന്റ് ഡി പോള്‍, മിഷന്‍ലീഗ്, തിരുബാലസഖ്യം എന്നീ ഭക്ത സംഘടനകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. 375 കുടുംബക്കാര്‍ ഇന്ന് രാജപുരം തിരുക്കുടുംബദേവാലയത്തില്‍ ഇടവകക്കാരായുണ്ട്. 10 ഇടവകകളും 6 നടത്തുപള്ളികളും രാജപുരം ഫൊറോനാ ദേവാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

Golden Jubilee Celebrations
Micro Website Launching Ceremony