ദാരിദ്യമനുഭവിക്കുന്നവര്‍ക്കും, അശരണര്‍ക്കും, രോഗികള്‍ക്കും അത്താണിയായിരുന്ന ഏലൂര്‍ തോമസച്ചന്‍ തന്റെ ജന്മനാടായ കൈപ്പുഴയില്‍ ഏകസ്ഥരായ സ്‌ത്രീ പുരുഷന്മാരെ അംഗങ്ങളായി ചേര്‍ത്ത് അവരുടെ സംരക്ഷണം ലക്ഷ്യമാക്കി- “ദൈവപരിപാലന ഭവനം” എന്ന പേരില്‍ ഒരു സ്ഥാപനമുണ്ടാവണമെന്ന് ആഗ്രഹിച്ചു. അങ്ങനെ ഒരു സ്ഥാപനം ഉണ്ടാകുമ്പോള്‍, അവര്‍ക്ക് രോഗം വന്നാല്‍ ചികിത്സിക്കാനുംശൂശ്രൂഷിക്കാനും ഒരു ആശുപത്രി വേണമല്ലോഎന്ന് മുന്‍കൂട്ടികണ്ടാണ് ബഹു.തോമസച്ചന്‍, കോട്ടയരികില്‍പുരയിടം വിലയ്‌ക്ക് വാങ്ങി അവിടെ ആശുപത്രി പണിയാന്‍അഭിവന്ദ്യ കോട്ടയം രൂപതയുടെ മെത്രാനച്ചന്‍ മാര്‍ ചൂളപ്പറമ്പില്‍ തിരുമേനിയുടെ അനുവാദം വാങ്ങിയത്. കൂടാതെ മെത്രാനച്ചന്‍ തിരുമേനി ചെയര്‍മാനായി ഒരുഅഡ്‌ഹോക്ക് കമ്മറ്റിക്കും രൂപം കൊടുത്തു. പ്രസ്‌തുത കമ്മറ്റിയുടെ സെക്രട്ടറിയായിരുന്നു ബഹു.കണ്ടാരപ്പള്ളി ജോസഫ് അച്ചന്‍.
കോട്ടയം രൂപതയില്‍ ആതുരസേവനരംഗത്ത്‌ആദ്യത്തെ ചുവടുവച്ചുകൊണ്ട് House of Divine Providence Hospital എന്ന പേരില്‍ ബഹു. ഏലൂര്‍തോമസച്ചന്‍ തന്റെ ജന്മനാടായ കൈപ്പുഴയില്‍ പള്ളിവക പുരയിടത്തില്‍ ഇന്നു നിലവിലുള്ള ആശുപത്രി സ്ഥാപിച്ചു. 1947 മെയ് മാസം 3-ാംതീയതി ബഹു. കോട്ടയം രൂപതാദ്ധ്യക്ഷന്‍ കെട്ടിടം വെഞ്ചരിച്ച് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രി തുടങ്ങി 6 മാസം കഴിഞ്ഞപ്പോള്‍ ബഹു. ഏലൂരച്ചന്‍ നിര്യാതനായി. പിന്നീട് ആശുപത്രിയുടെ ഭരണച്ചുമതല കമ്മിറ്റിയുടെ സെക്രട്ടറി എന്ന നിലയില്‍ ബഹു. കണ്ടാരപ്പള്ളില്‍ ജോസഫച്ചന്‍ ഏറ്റെടുത്തു.
ഏലൂരച്ചനുമായുള്ള വാഗ്‌ദാനമനുസരിച്ച് ബഹു കൈപ്പുഴ മലയില്‍ ചാക്കോച്ചനും, ബഹു തോമസ് (ഓ.എസ്.എച്ച്) മുകളേലച്ചനും, പള്ളിക്കിഴക്കേതില്‍ ബഹു. തോമസച്ചനും, കുമരകംകൊടിയന്തറ ഇട്ടിക്കുഞ്ഞും ആശുപത്രിയുടെ വികസനത്തിനു വാര്‍ഡുകള്‍ നിര്‍മ്മിച്ചു നല്‌കുകയുണ്ടായി. ഒട്ടക്കാട്ടിലച്ചന്റെ ഓര്‍മ്മയ്‌ക്കായി പ്രഫസര്‍ വി.ജെ ജോസഫ് കണ്ടോത്ത് നിര്‍മ്മിച്ചു നല്‌കിയ കെട്ടിടമാണ് ഇപ്പോള്‍ ഡോക്‌ടറുടെ ക്വാര്‍ട്ടേഴ്‌സായി ഉപയോഗിക്കുന്നത്.
ഡോ. സഖറിയാ കൈതാരം എല്‍.എം.ഡി. ആയിരുന്നു ആദ്യത്തെ ഡോക്‌ടര്‍. മത്തായി ഡോക്‌ടര്‍ ഏറെക്കാലം ഈ ഹോസ്‌പിറ്റലില്‍ സ്‌തുത്യര്‍ഹമായ രീതിയില്‍ സേവനമനുഷ്‌ഠിച്ചു. 1993 മുതല്‍ ഡോ. ജോസ് തിരുപ്പാല്‍ ഈ ഹോസ്‌പിറ്റലില്‍ സേവനം നടത്തിവരുന്നു. 2007 സെപ്‌റ്റംബര്‍ മാസം ഈ ഹോസ്‌പിറ്റലിന്റെ പുതിയ കെട്ടിടം പണിയുകയും 03.09.2007 ല്‍ വെഞ്ചരിപ്പുകര്‍മ്മം മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കുകയും ചെയ്‌തു.