1920-ല്‍ കോട്ടയം വലിയപള്ളി ഇടവകക്കാരായിരുന്ന നെടുംചിറ കുടുംബം മുഴുവനും കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടു. തങ്ങള്‍ക്ക് സ്വന്തമായി ഒരു പള്ളി വേണം എന്ന ആഗ്രഹത്തില്‍ നെടുംചിറ കുടുംബാംഗങ്ങള്‍ നല്കിയ പുരയിടത്തില്‍ ഒരു താത്കാലിക ദേവാലയം നിര്‍മ്മിച്ചു. അതിന് ഇടയ്ക്കാട്ട് ഇടവകാംഗ ങ്ങളായി ഇവിടെ ഉണ്ടായിരുന്ന പൂങ്കശ്ശേരി കുടുംബവും സഹകരിച്ചു. 1922-ല്‍ അഭിവന്ദ്യ ചൂളപ്പറമ്പില്‍ തിരുമേനിയുടെ കൈവയ്പു ശുശ്രൂഷയിലൂടെ വൈദികപട്ടം സ്വീകരിച്ച നെടുംചിറ ജേക്കബ് അച്ചന്‍ ഇവിടെ ദിവ്യബലി അര്‍പ്പിച്ചു. 1927-ല്‍ ആദ്യം ഉണ്ടാക്കിയ ദേവാലയം പുനര്‍നിര്‍മ്മിച്ച് നെടുംചിറ ജേക്കബ് അച്ചന്‍ ഇവിടെ വികാരിയായി ചുമതലയേറ്റു. 1975 മെയ് 11-ന് മോണ്‍സിഞ്ഞോര്‍ ജേക്കബ് നെടുംചിറ നിര്യാതനായി.
1978-ല്‍ പള്ളിയിലേക്കുള്ള യാത്രാ സൗകര്യം കണക്കിലെടുത്ത് ബഹു. കരോട്ടുകുന്നേലച്ചന്റെ നേതൃത്വത്തില്‍ പ്രധാനവഴിയോടു ചേര്‍ന്നുള്ള മറ്റത്തില്‍ പറമ്പ് വാങ്ങുകയും അവിടെ ഒരു പള്ളി പണിയുകയും ചെയ്തു. 2000-ല്‍ ബ. മൂലക്കാട്ട് ജയിംസച്ചന്റെ നേതൃത്വ ത്തില്‍ വൈദിക മന്ദിരം പുതുക്കി പണിയുകയും വിശ്വാസ പരിശീലനകേന്ദ്രം നിര്‍മ്മിക്കുകയും ചെയ്തു.
ഇന്ന് ഈ ഇടവകയില്‍ , നെടുംചിറ, പണിക്കശ്ശേരില്‍ , പൂങ്കശ്ശേരില്‍ , ചിറപ്പറമ്പില്‍ , പള്ളിച്ചിറ കുടുംബങ്ങളില്‍പെട്ട 52 കുടുംബങ്ങള്‍ ഇടവകാംഗങ്ങളായുണ്ട്.