9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലിയാഘോഷങ്ങള്‍ക്കു പ്രൗഢോജ്ജ്വലസമാപനം.

  • November 26, 2022

കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ  സംഘടനയായി 1972 നവംബര്‍ 26-ാം തീയതി തുടക്കം കുറിച്ച ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷ ആഘോഷങ്ങള്‍ക്ക് പ്രൗഢോജ്ജ്വലസമാപനം. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ അങ്കണത്തില്‍ പതാക ഉയര്‍ത്തലിനെ തുടര്‍ന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണു ദിനാഘോഷങ്ങള്‍ക്കു തുടക്കമായത്. സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം വചനസന്ദേശം നല്‍കി. തുടര്‍ന്ന് ജൂബിലി വര്‍ഷത്തില്‍ കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ക്കായി വിവിധ മേഖലകളില്‍ സംഘടിപ്പിച്ച മാര്‍ഗ്ഗംകളിയുടെ അതിരൂപതാതല ഫൈനല്‍ മത്സരം കോട്ടയം ബി.സി.എം കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു. എട്ടു ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍  മടമ്പം ഒന്നാം സ്ഥാനവും രാജപുരം രണ്ടാം സ്ഥാനവും കല്ലറ മൂന്നാം സ്ഥാനവും അലക്‌സ്‌നഗര്‍ നാലാം സ്ഥാനവും സ്വന്തമാക്കി.
മലബാര്‍, ഹൈറേഞ്ച് പ്രദേശങ്ങളില്‍ നിന്നുള്‍പ്പടെ അതിരൂപതയിലെ 135 യൂണിറ്റുകളില്‍ നിന്ന് ഫൊറോന അടിസ്ഥാനത്തില്‍ ആയിരക്കണക്കിനു വനിതകള്‍ മാര്‍ എലിയ കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നും ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിലേക്ക് സുവര്‍ണ്ണജൂബിലി റാലിയില്‍ അണിനിരന്നു. പരമ്പരാഗത വേഷവിധാനങ്ങളോടെയും നിശ്ചലദൃശ്യാവിഷ്‌ക്കാരങ്ങളുടേയും അകമ്പടിയോടെ അണിനിരന്ന റാലി കോട്ടയം നഗരത്തിന് വര്‍ണ്ണ പ്രഭ ചാര്‍ത്തി. നിശ്ചലദൃശ്യാവിഷ്‌ക്കാര മത്സരത്തില്‍ പേരൂര്‍ യൂണിറ്റ് ഒന്നാം സ്ഥാനവും കത്തീഡ്രല്‍ യൂണിറ്റ് രണ്ടാം സ്ഥാനവും കൈപ്പുഴ യൂണിറ്റ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.  ബി.സി.എം കോളേജ് ഓഡിറ്റോറിയത്തില്‍ കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജൂബിലിസമാപന പൊതുസമ്മേളനം  കോട്ടയം  അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ വിശ്വാസവും സമുദായതനിമയും കാത്തുപരിപാലിക്കുന്നതില്‍ ക്‌നാനായ അമ്മമാര്‍ വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണെന്ന് അഭിവന്ദ്യ പിതാവ് ഉദ്ഘാടനസന്ദേശത്തില്‍ പറഞ്ഞു. കുടുംബത്തെയും സമുദായത്തെയും പൂര്‍വ്വികര്‍ കാണിച്ചുതന്ന വിശ്വാസ പൈതൃകമാതൃകയില്‍ നയിക്കുവാന്‍ പുതിയ തലമുറയിലെ അമ്മമാര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും അഭിവന്ദ്യ പിതാവു കൂട്ടിച്ചേര്‍ത്തു.  അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി.  കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. എബ്രാഹം പറമ്പേട്ട്, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ പാറയില്‍, മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സൗമി എസ്.ജെ.സി, കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, ട്രഷറല്‍ എല്‍സമ്മ സക്കറിയ എന്നിവര്‍ പ്രസംഗിച്ചു. ജൂബിലി വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി  മടമ്പത്തെ മികച്ച ഫൊറോനയായി തെരഞ്ഞെടുത്തു. പിറവം, ഇടയ്ക്കാട്ട് ഫൊറോനകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. മികച്ച റാലിക്ക് ഇടയ്ക്കാട്, കടുത്തുരുത്തി, ചുങ്കം മേഖലകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.  കെ.സി.ഡബ്ലു.എ യൂണിറ്റ്-ഫൊറോന-അതിരൂപതാ ഭാരവാഹികള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

Golden Jubilee Celebrations
Micro Website Launching Ceremony