ഇവിടെ പള്ളി സ്ഥാപിക്കുന്നതിനുള്ള ദൗത്യം കോട്ടയം രൂപതയില്‍ പ്രവര്‍ത്തിക്കുന്ന വി. പത്താം പിയൂസ് മിഷനറി സമൂഹം ഏറ്റെടുത്തു. സൊസൈറ്റിയുടെ അന്നത്തെ ഡയറക്‌ടറായിരുന്ന ബഹു. സൈമണ്‍ എടത്തിപ്പറമ്പില്‍ അച്ചനും റെക്‌ടര്‍ ബഹു സിറിയക് അപ്പോഴിപ്പറമ്പിലച്ചനും ബഹു. വൈദികരും പലതവണ ചര്‍ച്ച ചെയ്‌ത് 1992 നവംബര്‍ 30-ാം തീയതി ഇപ്പോള്‍ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം അനുയോജ്യമെന്ന് കണ്ടു വാങ്ങിക്കുകയും ആധാരം ചെയ്യിക്കുകയും ചെയ്‌തു. 1993 ഫെബ്രുവരി 23-ാം തീയതി ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ബഹു. സൈമണ്‍ എടത്തിപ്പറമ്പിലച്ചന്‍ കുര്‍ബാനയര്‍പ്പിച്ചു. തുടര്‍ന്ന് ഞായറാഴ്‌ചകളിലും വിശേഷ ദിവസങ്ങളിലും പടമുഖത്തു നിന്നും അച്ചന്‍ വന്ന് വീട്ടുമുറിയില്‍ ബലിയര്‍പ്പിച്ചു പോന്നു. വി. പത്താം പിയൂസ് മിഷനറി സൊസൈറ്റിയുടെയും ഇടവകക്കാരുടെയും ഫെറോനാ വികാരി മാത്യു പോളയ്‌ക്കലച്ചന്റെയും കൂട്ടായ ശ്രമഫലമായി ഇന്നത്തെ ദേവാലയവും മോണ്ടളവും പണികഴിപ്പിച്ചു. തുടര്‍ന്ന് ആദ്യ വികാരിയായി ബഹു. സ്റ്റാനി എടത്തിപ്പറമ്പിലച്ചനെ നിയമിച്ചു. 1995-ല്‍ വോള്‍ട്ടിന് അനുമതി കിട്ടുകയും കറുത്തേടത്ത് പുത്തന്‍പുരയില്‍ കെ.എം. കുരുവിള പണിതീര്‍ത്ത പള്ളിക്ക് നല്‍കിയ വോള്‍ട്ടിന്റെ കൂദാശകര്‍മ്മം 16/09/1996 ന് അഭിവന്ദ്യ പിതാവ് നടത്തുകയും ചെയ്‌തു. 1997 മെയ് മാസം 19 ന് അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് മരിയദാസന്‍ എന്നു പേരു നല്‍കി വെഞ്ചരിച്ച ആനിമേഷന്‍ സെന്റര്‍ മുന്‍വികാരിമാരുടെയും ഇടവക ജനത്തിന്റെയും മിഷനറി സൊസൈറ്റിയുടെയും സംയുക്ത ശ്രമഫലമാണ്. ഈ ഇടവകയില്‍ ഇപ്പോള്‍ 110 കുടുംബങ്ങളുണ്ട്.