കോവിടിന്റെ പശ്ചാത്തലത്തിൽ കോട്ടയം അതിരൂപതയിൽ 2020 ആം ആണ്ടിൽ നടത്തുന്ന ഓൺലൈൻ വിശ്വാസപരിശീലനത്തിലേക്ക് – ദൊമൂസ് ക്യാറ്റിക്കേസിസ് – ക്ഷണിച്ചുകൊണ്ട് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പുറപ്പെടുവിക്കുന്ന സർക്കുലർ (circular no 261/2020)
പ്രിയ വൈദികരെ, വിശ്വാസ പരിശീലകരെ, ദൈവജനമേ,
വിശ്വാസപരിശീലനമെന്നത് സഭയുടെ പ്രഥമമായ ദൗത്യങ്ങളിലൊന്നാണല്ലോ. ”വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക” (2 തിമോ 4, 2). വി. പൗലോസ് ശ്ലീഹാ തിമോത്തിയോസിന് നല്‍കുന്ന ഈ ഉപദേശം വിശ്വാസപ്രഘോഷണത്തില്‍ പുലര്‍ത്തേണ്ട ശുഷ്‌കാന്തിയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നതാണ്. മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചില നിയന്ത്രണങ്ങളിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ഒന്നിച്ചു കൂടുന്നതിനും മുന്‍വര്‍ഷങ്ങളില്‍ വിശ്വാസപരിശീലനം ക്ലാസ് മുറികളില്‍ ആരംഭിച്ചതുപോലെ നടത്തുന്നതിനും ഈ വര്‍ഷം തത്കാലം നമുക്ക് കഴിയില്ല. എന്നിരുന്നാലും, വിശ്വാസപരിശീലന പ്രക്രിയയ്ക്ക് മുടക്കം വരുത്താതിരിക്കാന്‍ പരിശ്രമിക്കാം.
ആദിമ നൂറ്റാണ്ടുകളിലും ഇപ്പോഴും മതസ്വാതന്ത്ര്യമില്ലാത്ത സ്ഥലങ്ങളില്‍ ചെറിയ കൂട്ടായ്മകളിലും കുടുംബങ്ങളിലുമാണ് വിശ്വാസപരിശീലനം നടത്തപ്പെട്ടതും നടത്തപ്പെടുന്നതും. പൗലോസ് ശ്ലീഹാ, താന്‍ ബന്ധനത്തിലും ഞെരുക്കത്തിലും കഴിഞ്ഞകാലത്തും വചനപ്രഘോഷണത്തിന് പരിശ്രമിച്ചു. അതിന് കാരണമായി അദ്ദേഹം പറഞ്ഞത് ”ദൈവവചനത്തിന് വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ലാ’
കുടുംബ മതബോധനമെന്ന (ദോമൂസ് കാറ്റിക്കേസിസ്) ഓണ്‍ ലൈന്‍ ക്യാറ്റിക്കസത്തിന്റയും അതുവഴി 2020-2021 വർഷത്തെ വിശ്വാസ പരിശീലനത്തിന്റെയും ഔപചാരിക ഉത്ഘാടനം ജൂണ്‍ 14 ഞായറാഴ്ചയായിരിക്കും. കൂടാതെ, ഓരോ ആഴ്ചയും വിശ്വാസ പരിശീലനത്തിനായി നിശ്ചയിച്ചിരിക്കുന്ന കാര്യങ്ങള്‍ വിവിധ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും എത്തിക്കുവാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ എല്ലാ ഇടവകകളിലും ക്ലാസ് അടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുവാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം.
അതിരൂപതയിലെ വിശ്വാസപരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കുന്ന പദ്ധതി ഇപ്രകാരമാണ്: അതിരൂപതയുടെ വെബ്‌സൈറ്റില്‍ ക്യാറ്റിക്കിസത്തിനായി ക്രമീകരിച്ചിരിക്കുന്ന ലിങ്കിലൂടെ ഓരോ ആഴ്ചയിലും കുട്ടികള്‍ക്ക് നല്‌കേണ്ട പ്രോഗ്രാമുകള്‍ ലഭ്യമാക്കും. പ്രധാനമായും രണ്ടു വീഡിയോകളാണ് അവയിലുള്ളത്. ഒന്നാമത്തെ വിഡിയോയില്‍ നമ്മുടെ അതിരൂപതയിലെ വിവിധ സണ്‍ഡേ സ്‌കൂളുകളിലെ കുട്ടികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രാര്‍ത്ഥന, വിശുദ്ധരുടെ ജീവചരിത്രം, ബൈബിള്‍ ദൃശ്യാവിഷ്‌കാരം, ആക്ഷന്‍ സോങ്, എന്നിവ ഉള്‍പ്പെട്ട പ്രോഗ്രാമായിരിക്കും ചേര്‍ത്തിരിക്കുന്നത്. രണ്ടാമത്തെ വീഡീയോയില്‍ ഓരോ ക്ലാസിലെയും ടെക്സ്റ്റുകളുടെ അവതരണം കൊടുത്തിരിക്കുന്നു. ഇപ്രകാരം, കുട്ടികള്‍ക്ക് വീടുകളിലിരുന്ന് ഓരോ ഞായറാഴ്ചയും തങ്ങളുടെ വിശ്വാസ പരിശീലനം നടത്താവുന്ന വിധത്തിലാണ് ദോമൂസ് ക്യാറ്റിക്കിസമെന്ന ഓണ്‍ലൈന്‍ വിശ്വാസപരിശീലനപദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
മാതാപിതാക്കളോട് പ്രത്യേകമായി ഒരു കാര്യം പറയട്ടെ. നിങ്ങളുടെ പൂര്‍ണ പിന്തുണയോടെ മാത്രമേ ഈ പദ്ധതി വിജയകരമാക്കാന്‍ കഴിയൂ. എല്ലാ ഞായറാഴ്ചയും നിശ്ചിത സമയം വിശ്വാസ പരിശീലനത്തിന് വേണ്ടി നിങ്ങളും കുട്ടികളോടൊപ്പം നീക്കി വയ്ക്കണമെന്ന് ഞാന്‍ സ്‌നേഹബുദ്ധ്യാ ഓര്‍മിപ്പിക്കട്ടെ. പ്രാര്‍ത്ഥനയോടെ പ്രസ്തുത പരിശീലനം ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക. ദോമൂസ് കാറ്റക്കേസി’സിന് കുടുംബത്തിൽ പ്രാധാന്യം കൊടുത്താലേ കുട്ടികൾ അതിന് വില കൊടുക്കുകയുള്ളൂ. മാതാപിതാക്കളാണ് മക്കളുടെ ആത്മരക്ഷയുടെ കണക്കുകൊടുക്കേണ്ടവർ എന്ന ബോധ്യത്തോടെ കുടുംബത്തിൽ വിശ്വാസകൈമാറ്റത്തിന് നേതൃത്വം നൽകണം. വിശ്വാസ പരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും ദൈവാനുഗ്രഹങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്,
മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത
https://m.facebook.com/groups/860340577814852?view=permalink&id=923850174797225&sfnsn=wiwspwa&extid=ENmy1yf9Lbm0FqyK&d=w&vh=i