മദ്യത്തിനു മാന്യത നല്‍കുന്ന സംസ്‌കാരം അപകടകരമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപത ടെംപറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ എസ്. എച്ച്. മൗണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ലഹരി വിരുദ്ധ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ഇടയിലൂടെ കടന്നു വരുന്ന ലഹരി ഉപയോഗം നാളത്തെ തലമുറയെ നശിപ്പിക്കും. മദ്യവര്‍ജനത്തിന് നമുക്ക് നമ്മോടുതന്നെയുള്ള കര്‍ക്കശമായ സമീപനം ആവശ്യമാണ്. മദ്യത്തിന്റെ വിപത്തുകള്‍ തിരിച്ചറിഞ്ഞ് അവയെ ഉപേക്‌ഷിക്കാനുള്ള ഇച്ഛാശക്തി കുട്ടികള്‍ ആര്‍ജ്ജിക്കണം. ധന്യമായ ഈ ജീവിതം മദ്യത്തിനടിമപ്പെടുത്താനുള്ളതല്ലെന്നും വളര്‍ച്ചയുടെ അനന്തമായ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.