കേരളത്തില്‍ പ്രചാരത്തിലിരിക്കുന്ന ഒരു വണക്കത്തെക്കുറിച്ച് നമുക്ക് ഇന്ന് ചിന്തിക്കാം- വി. സെബസ്ത്യാനോസിനോടുള്ള വണക്കം. പല പള്ളികളിലും വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിക്കാറുണ്ടല്ലോ. എങ്ങനെയാണ് ഈ തിരുനാള്‍ കേരള സഭയില്‍ കടന്നുവന്നത്?
സെബസ്ത്യാനോസ് എന്ന പേരിന്റെ തദ്ദേശീയമായ രൂപങ്ങളാണ് ദേവസ്യാ, ദേവസ്യാച്ചന്‍ എന്നിവ. പൊതുവേ, ക്‌നാനായക്കാരുടെ ഇടയില്‍ ഈ പേര് മാമ്മോദീസ പേരായുള്ളവര്‍ ഇല്ലെന്നു തന്നെ പറയാം. അതിന് കാരണം, നാലാം നൂറ്റാണ്ടു വരെയുള്ള സുറിയാനി വിശുദ്ധരുടെ പേരുകളാണ് മാമ്മോദീസാ പേരുകളായി നമുക്ക് ലഭിച്ചിരുന്നത്. മാര്‍ കുര്യക്കോസ് സഹദായുടെ പേരുകള്‍ വരെയാണ് മാമ്മോദീസായില്‍ ലഭിക്കുന്നത്. കാരണം, കാരണവന്മാരുടെ പേരുകളാണല്ലോ കുഞ്ഞുങ്ങള്‍ക്ക് പേരായി നല്‍കുന്നത്. അതുകൊണ്ട് തന്നെ, ആന്റണി, മാര്‍ട്ടിന്‍, അഗസ്റ്റ്യന്‍, ഗ്രിഗറി, റോസ, കാതറിന്‍ തുടങ്ങിയ പാശ്ചാത്യ നാമങ്ങള്‍ അടുത്ത കാലം വരെയും കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. പില്‍ക്കാലത്ത് ഈ പേരുകളില്‍ പള്ളികള്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ ചില നാമങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കി വരുന്നതായി കാണുന്നു.
യൂറോപ്യന്‍ മിഷനറിമാരുടെ ആഗമനത്തിന് ശേഷം കേരളത്തില്‍ പ്രചരിച്ച രണ്ട് പ്രധാന നാമങ്ങളാണ് ത്രേസ്യാ, സെബാസ്റ്റ്യന്‍ എന്നിവ. കര്‍മ്മലീത്ത (OCD) സന്യാസികളാണ് വി. അമ്മത്രേസ്യായോടുള്ള വണക്കം കേരളത്തില്‍ പ്രചരിപ്പിച്ചത്. റോമിലെ സഭയില്‍ വളെരെ പ്രചാരത്തിലിരുന്ന ഭക്തിയായിരുന്നു വി. സെബസ്ത്യാനോടുള്ള വണക്കം. പഞ്ഞം (ദാരിദ്ര്യം), പട (യുദ്ധം), വസന്ത (സാംക്രമിക രോഗം) എന്നിവയില്‍നിന്ന് വിമുക്തി നേടാന്‍ വി. സെബസ്ത്യാനോസിന്റെ മാധ്യസ്ഥ്യം ജനം അപേക്ഷിച്ചു. റോമില്‍ രക്തസാക്ഷിയായി മരിച്ച (സഹദാ = രക്തസാക്ഷി) സെബസ്ത്യാനോസിനോടുള്ള വണക്കം കേരളക്കരയില്‍ പ്രചരിക്കാനുള്ള ഒരു കാരണം കഴിഞ്ഞ നൂറ്റാണ്ടുകളില്‍ കേരളത്തില്‍ പടര്‍ന്ന ചില പകര്‍ച്ച വ്യാധികളും അവയില്‍നിന്ന് മുക്തിനേടാനുള്ള പ്രാര്‍ത്ഥനകളുമാണ്. സെബസ്ത്യാനോസിനോടുള്ള പ്രസിദ്ധമായ ഗീതം രൂപപ്പെട്ടത് അര്‍ത്തുങ്കല്‍ പള്ളിയോട് ബന്ധപ്പെട്ടാണ്. പ്രസ്തുത ഗീതം കേള്‍ക്കാം.
അർത്തുങ്കലും വി. സെബാസ്ത്യാനോസും
(പോര്‍ച്ചുഗല്‍ രാജ്യത്ത് വി. സെബസ്ത്യാനോസിനോടുള്ള വണക്കം ശക്തമായിരുന്നു. 14 ആം നൂറ്റാണ്ടിലും 15 ആം നൂറ്റാണ്ടിലും പോര്‍ച്ചുഗലില്‍ പടര്‍ന്നുപിടിച്ച പ്ലേഗുമൂലം പതിനായിരങ്ങള്‍ അവിടെ മരിച്ചുവീണു. ജനം വി. സെബസ്ത്യാനോസിന്റെ മാധ്യസ്ഥം തേടി; വിശുദ്ധന്റെ രൂപം വഹിച്ച് രാജ്യത്ത് പ്രദിക്ഷണം നടത്തി. തത്ഫലമായി പ്ലേഗ് മാറി. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലേയ്ക്ക് വന്നപ്പോള്‍ വിശുദ്ധന്റെ ഒരു വലിയ രൂപവുമായാണ് വന്നത്. ഇന്ത്യയുടെ അടുത്തെത്താറയപ്പോള്‍ രൂപം കടലില്‍ പതിച്ചു. പക്ഷേ, മിഷനറിമാര്‍ സുരക്ഷിതരായി കരയിലെത്തി. പിന്നീട് കടലില്‍ പോയ മുക്കുവര്‍ക്ക് ഈ രൂപം കിട്ടുകയും അതു അര്‍ത്തുങ്കലില്‍ മിഷനറിമാരുടെ സഹായത്തോടെ സ്ഥാപിക്കപ്പെടുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. വര്‍ഷങ്ങള്‍ക്കുശേഷം കടല്‍ത്തീരങ്ങളില്‍ വസൂരി പടര്‍ന്നുപിടിച്ചപ്പോള്‍ വിശുദ്ധനോടുള്ള വണക്കം ശക്തിപ്പെട്ടു. വസൂരി ഇല്ലാതായി. ഇതിന്റെ അനുസ്മരണമായിട്ടാണ് അരിനേര്‍ച്ചയില്‍ കുരുമുളകു കൂടി ഇടുന്നത്. ഈ പശ്ചാത്തലത്തില്‍ തന്നെയാണ് പഞ്ഞം, പട, വസന്ത ഇവയില്‍നിന്നുള്ള മുക്തിയ്ക്കായി ആളുകള്‍ വിശുദ്ധന്റെ മാധ്യസ്ഥ്യം കുടുതലായി തേടിയത്. വിവരങ്ങള്‍ നല്‍കിയത്: റവ. ഡോ. ജോര്‍ജ് കറുകപ്പറമ്പില്‍)
മാര്‍ച്ച് 30 നുള്ള TASK
വായിക്കാന്‍: വി. മത്തായിയുടെ സുവിശേഷം 9, 10 അധ്യായങ്ങള്‍
ചെയ്യാന്‍: വി. സെബസ്ത്യാനോസിന്റെ ജീവചരിത്രം നോട്ട് ബുക്കില്‍ എഴുതുക
പ്രര്‍ത്ഥിക്കാന്‍: പകര്‍ച്ച വ്യാധിയില്‍നിന്ന് മുക്തി നല്‍കാന്‍ വി. സെബസ്ത്യാനോസിനോടുള്ള പ്രാര്‍ത്ഥന കണ്ടു പിടിച്ച് ചൊല്ലുക (പഴയ ക്രിസ്തീയ വേദോപദേശ സംക്ഷേപം എന്ന പുസ്തകത്തിലും ചില കുടുംബപ്രാര്‍ത്ഥന പുസ്തകത്തിലും അവയുണ്ട്)
മനപാഠമാക്കാന്‍: രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല (ഏശ 59,1)
ഉത്തരമെഴുതുക
1. വി. സെബസ്ത്യാനോസ് ജനിച്ചതെവിടെ? (ഉത്തരം പാട്ടിലുണ്ട്)
2. സഹദാ എന്ന സുറിയാനി വാക്കിന്റെ അര്‍ത്ഥമെന്ത്?
3. നിങ്ങളുടെ ഫൊറോനയില്‍ വി. സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള പള്ളികളുണ്ടോ? ഏവ?
4. സഭയില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ദിവസം ഏതാണ്?
ഓരോ ദിവസവും നല്‍കുന്ന Tasks 5 ആം ക്ലാസുമുതലുള്ള കുട്ടികള്‍ ചെയ്താല്‍ മതിയാവും. L P ക്ലാസുകാര്‍ വീഡിയോകള്‍ കാണുകയും പ്രാര്‍ത്ഥനകള്‍ ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്യണം.