കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ വര്‍ണ്ണാഭമായ പരിസമാപ്‌തി. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ട സുവര്‍ണ്ണ ജൂബിലി സമാപനാഘോഷങ്ങളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ പ്രതിബദ്ധത ഉണര്‍ത്തുന്നതും മാതൃകാപരവും സമൂഹത്തിന് പ്രചോദനം നല്‍കുന്നവയുമാണെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയിലും സ്വയംതൊഴില്‍ സംരംഭകമേഖലകളിലും കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തായും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യപ്രതിബദ്ധത സമൂഹത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ വഴിതെളിച്ചുവെന്നും പുതുതലമുറയ്‌ക്ക് സാമൂഹ്യബോധം പകര്‍ന്ന് നല്‍കുവാന്‍ സമൂഹം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുവര്‍ണ്ണ ജൂബിലി ആംബുലന്‍സ് പദ്ധതിയുടെ ഉദ്‌ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എം.മാണി നിര്‍വ്വഹിച്ചു. ഗവണ്‍മെന്റ് പദ്ധതികളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കെ.എസ്.എസ്.എസ് പോലുള്ള സന്നദ്ധ സംഘടനകള്‍ നടത്തുന്ന ശ്രമങ്ങള്‍ അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു. സുവര്‍ണ്ണ ജൂബിലി കര്‍മ്മ പദ്ധതി ഡോക്കുമെന്ററി പ്രകാശനം വന-ഗതാഗത-പരിസ്ഥിതി വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിര്‍വ്വഹിച്ചു. സമസ്‌തമേഖലകളിലും പുരോഗതി കൈവരിക്കുവാന്‍ സാധാരണക്കാരായ ആളുകള്‍ക്ക് കെ.എസ്.എസ്.എസിലൂടെ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ജോസ് കെ. മാണി എം.പി, ജോയി അബ്രാഹം എം.പി, സുരേഷ് കുറുപ്പ് എം.എല്‍.എ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, തോമസ് ചാഴികാടന്‍ എക്‌സ് എം.എല്‍.എ, എം.ജി യൂണിവേഴ്‌സിറ്റി പ്രൊ.വൈസ് ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂര്‍, കെ.എസ്.എസ്.എസ് പ്രസിഡന്റ് മോണ്‍. മാത്യു ഇളപ്പാനിക്കല്‍, സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഹൗ ഓള്‍ഡ് ആര്‍ യു സിനിമാ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ ആദരിച്ചു. തുടര്‍ന്ന് വണ്‍മാന്‍ ഷോയും നടത്തപ്പെട്ടു. രണ്ടായിരത്തി അഞ്ഞൂറോളം സ്വാശ്രയസംഘ പ്രതിനിധികള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.
നിര്‍ദ്ധന രോഗികള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി പങ്കാളിത്താധിഷ്‌ഠിത സ്വഭാവത്തോടെ വിഭാവനം ചെയ്‌ത ചൈതന്യ ജീവകാരുണ്യനിധി ചികിത്സാ സഹായ പദ്ധതി, സ്വാശ്രയസംഘങ്ങളുടെ ചരിത്രത്തിലാദ്യമായി സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സ്വാശ്രയസംഘ കലാകായിക മേള, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക കൂട്ടായ്‌മകളും വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങളും തുടങ്ങി നിരവധിയായ സുവര്‍ണ്ണ ജൂബിലി കര്‍മ്മപരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയാണ് കെ.എസ്.എസ്.എസ് സുവര്‍ണ്ണ ജൂബിലിയാഘോഷങ്ങള്‍ സമാപിക്കുന്നത്. ആറ് ദിവസം നീണ്ടുനിന്ന സുവര്‍ണ്ണ ജൂബിലി സമാപനാഘോഷങ്ങളോടനുബന്ധിച്ച് മെഗാ കര്‍ഷക ദമ്പതി സംഗമം, വയോജ് 2014 – അനുഭവക്കൂട്ടായ്‌മ,സ്വാശ്രയ വരുമാന സംരംഭകരുടെ സംഗമം, സ്വാശ്രയനേതൃസംഗമം, കെ.എസ്.എസ്.എസ് -ചൈതന്യ കുടുംബസംഗമം എന്നിവ നടത്തപ്പെട്ടു. 1964 സെപ്‌റ്റംബര്‍ 14 ന് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്‌ത് പ്രവര്‍ത്തനം ആരംഭിച്ച കെ.എസ്.എസ്.എസ് സ്വാശ്രയസംഘങ്ങളിലൂടെ സമൂഹത്തില്‍ നിശബ്‌ദ വിപ്ലവം സൃഷ്‌ടിച്ചുകൊണ്ടാണ് സുവര്‍ണ്ണ ജൂബിലി നിറവില്‍ എത്തി നില്‍ക്കുന്നത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നീ അഞ്ച് ജില്ലകളിലായി കര്‍ഷകര്‍, വനിതകള്‍, ശാരീരിക മാനസീക ന്യൂനതകള്‍ അനുഭവിക്കുന്നവര്‍, കുട്ടികള്‍, വയോജനങ്ങള്‍, വിധവകളും കുടുംബഭാരം പേറുന്നവരുമായ വീട്ടമ്മമാര്‍ എന്നിവര്‍ ഉള്‍പ്പെടെ അമ്പത്തിഅയ്യായിരത്തില്‍പ്പരം കുടംബങ്ങള്‍ സൊസൈറ്റിയുടെ സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.