9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Circular of Mar Moolakkatt on the Ecclesial life of the Knanites in the world

  • August 4, 2019

മിശിഹായില്‍ പ്രിയ ദൈവജനമെ,

2019 ലെ നമ്മുടെ അതിരൂപതാദിനം ഓഗസ്റ്റ് 31-ാം തീയതി ശനിയാഴ്ച തൂവാനിസായില്‍ നടത്തുകയാണ്. ശതാബ്ദി പിന്നിട്ട നമ്മുടെ അതിരൂപതയ്ക്കും ക്നാനായ സമുദായത്തിനും ദൈവം തന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനും ദൈവോന്മുഖമായി ജീവിക്കുവാനും ക്നാനായ സമുദായത്തിന്‍്റെ തനിമയും പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു പരിപാലിച്ച് വരും തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുവാനും സഭയോടു ചേര്‍ന്നു മിഷനറി ദൗത്യം തുടരുവാനുമുള്ള ഉത്തരവാദിത്വത്തെ ഓര്‍മ്മപ്പെടുത്തുന്ന അവസരംകൂടിയാകണം അതിരൂപതാദിനാചരണം.
1911-ല്‍ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചുകൊണ്ട് തെക്കുംഭാഗ ജനതയ്ക്ക് തങ്ങളുടെ തനിമയും പാരമ്പര്യവും പാലിച്ച് സഭാത്മകജീവിതം അനുഷ്ഠിക്കാനുള്ള സാധ്യതയാണ് പരിശുദ്ധ സിംഹാസനം നല്കിയത്. സ്വവംശ വിവാഹനിഷ്ഠ പാലിച്ച് ക്നാനായ സമുദായത്തെ കലര്‍പ്പുകൂടാതെ കാത്തുസൂക്ഷിക്കുകയെന്നത് ഓരോ സമുദായംഗത്തിന്‍്റെയും അടിസ്ഥാനപരമായ അവകാശവും ഉത്തരവാദിത്തവുമാണ്.
നമ്മുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതില്‍ പൂര്‍വികര്‍ കാണിച്ച നിതാന്ത ജാഗ്രതയും ത്യാഗമനോഭാവവും നമുക്ക് മാതൃകയാകണം. അതുകൊണ്ടുതന്നെ സ്വവംശ നിഷ്ഠ പാലിച്ച്  ആചാരാനുഷ്ഠാനങ്ങളില്‍ നിലനിന്നുകൊണ്ട് ക്രിസ്തുവിനു സഭയിലൂടെ സാക്ഷ്യം കൊടുക്കുവാനുള്ള നമ്മുടെ അവകാശത്തേയും ഉത്തരവാദിത്വത്തെയും നാം ഗൗരവമായി കാണണം.
ഈ അവകാശത്തിന്‍്റെ വിനിയോഗത്തിലും ചുമതലയുടെ നിര്‍വഹണത്തിലും ഓരോ ക്നാനായക്കാരനും ഓരോ ക്നാനായ കുടുംബത്തിനും തങ്ങളുടേതായ ചുമതല നിര്‍വഹിക്കുവാനുണ്ട്. മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക്, ആഴമായ ക്രൈസ്തവ വിശ്വാസം പകര്‍ന്നുകൊടുക്കുവാന്‍, ചുമതലപ്പെട്ടവരാണ്. അതോടൊപ്പം സമുദായത്തിന്‍്റെ തനിമയിലും പാരമ്പര്യത്തിലും അഭിമാനം കണ്ടത്തെി കുഞ്ഞുങ്ങള്‍ വളര്‍ന്നുവരുവാനുള്ള സാഹചര്യം കുടുംബത്തില്‍ സംജാതമാക്കണം. ചെറുപ്രായത്തില്‍ തന്നെ നമ്മുടെ സമുദായത്തിന്‍്റെ ചരിത്രവും പാരമ്പര്യങ്ങളും കുഞ്ഞുങ്ങളെ പഠിപ്പിക്കുവാന്‍ അതിരൂപതാ വിശ്വാസപരിശീലനകമ്മീഷന്‍ നടത്തുന്ന നിസ്തുലമായ പരിശ്രമത്തെ ഈ അവസരത്തില്‍ ഞാന്‍ ശ്ളാഘിക്കുകയാണ്. അതോടൊപ്പം മാതാപിതാക്കള്‍ പകര്‍ന്നുതരുന്ന കറപുരളാത്ത സമുദായബോധവും വിശ്വാസവും നമ്മുടെ കുഞ്ഞുങ്ങളും യുവതി യുവാക്കളും സ്വാംശീകരിക്കുകയും തുടരുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ യുവജനങ്ങള്‍ക്ക് ഭാരിച്ച ഉത്തരവാദിത്വമാണുള്ളത്. നമ്മുടെ അതിരൂപതയിലെ യുവജനസംഘടനയായ കെ.സി.വൈ.എല്‍ അതിന്‍്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കൃത്യമായ ബോധ്യവും നിലപാടും ഉള്ളവരായിരിക്കണം. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ- Christus vivit- ക്രിസ്തു ജീവിക്കുന്നു എന്ന പ്രബോധനത്തില്‍, യുവജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതുപോലെ, അവര്‍ ക്രിസ്തുവിന് സഭയിലൂടെ സാക്ഷ്യം കൊടുക്കേണ്ടവരാണ്. നമ്മുടെ അതിരൂപതയിലെ യുവജനങ്ങള്‍ സമുദായത്തിന്‍്റെ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനിച്ചുകൊണ്ടും അവ മുറുകെ പിടിച്ചുകൊണ്ടുമായിരിക്കണം ഈ ക്രിസ്തുസാക്ഷ്യം നല്‍കേണ്ടത്. താല്‍ക്കാലിക ആകര്‍ഷണങ്ങളുടെ പേരില്‍ യുവതീയുവാക്കള്‍ സമുദായത്തെയും സഭയേയും ഉപേക്ഷിക്കുന്ന, ഒറ്റപ്പെട്ട സംഭവങ്ങള്‍, ചിലപ്പോഴെങ്കിലും നാം കാണാറുണ്ട്. ഇവയെക്കുറിച്ചും യുവജനങ്ങളോടൊപ്പം മാതാപിതാക്കളും ക്നാനായ സമുദായം മുഴുവനായും ശ്രദ്ധയും ജാഗ്രതയും പാലിച്ചേ മതിയാവൂ.
അടുത്തകാലത്ത്, സമുദായംഗങ്ങള്‍ സ്വവംശ വിവാഹനിഷ്ഠ പാലിക്കുന്നതിനെ സഭാനേതൃത്വം എതിരാണെന്ന വിധത്തില്‍ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നു എന്നതും, സമുദായംഗങ്ങള്‍ക്കിടയില്‍ ആശയ കുഴപ്പം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നു എന്നതും, എന്നെ ഏറെ വേദനിപ്പിക്കുന്നു. തെക്കുംഭാഗ ജനതയ്ക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ഈ അതിരൂപതയിലെ അംഗങ്ങള്‍ക്ക് തങ്ങളുടെ വംശത്തില്‍ നിന്ന് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും സഭ അംഗീകരിക്കുന്നുണ്ട്. സഭ അതിനു എതിരുനില്‍ക്കുന്നുമില്ല. ഏതെങ്കിലും കാരണത്താല്‍ കോട്ടയം അതിരൂപതാംഗമായ ഒരാള്‍ ക്നാനായേതര ജീവിതപങ്കാളിയെ സ്വീകരിച്ചാല്‍ കോട്ടയം രൂപതാധ്യക്ഷന്, തെക്കുംഭാഗജനത്തിന്‍്റെ മേല്‍ മാത്രം അജപാലന അധികാരം ഉള്ളതിനാലും, അല്ലാത്തവരുടെമേല്‍ അജപാലന അധികാരമില്ലാത്തതിനാലും, ക്നാനായേതര ജീവിതപങ്കാളിയുടെ രൂപതയിലേക്ക്, അനുവാദപ്രകാരം അംഗത്വം സ്വീകരിച്ചാണ് അവര്‍ ചേരുക. ഈ പതിവാണ് നാളിതുവരെ നാം സ്വീകരിച്ചുപോന്നിട്ടുള്ളത്. പ്രസ്തുത രീതിക്ക് യാതൊരു കോട്ടവും സംഭവിക്കുന്നില്ളെന്നു മാത്രമല്ല, ആ പതിവു ലംഘിക്കപ്പെട്ടാല്‍ കോട്ടയം അതിരൂപതയുടെ സ്ഥാപനോദ്ദേശത്തെതന്നെ അതു ചോദ്യം ചെയ്യുകയും ചെയ്യും. അതുകൊണ്ടുതന്നെ സീറോമലബാര്‍ സഭയില്‍ കോട്ടയം അതിരൂപതാംഗങ്ങളായ നമുക്ക് നമ്മുടെ തനതായ പാരമ്പര്യവും തനിമയും ആചാരവും അനുഷ്ഠാനവും സ്വവംശവിവാഹനിഷ്ഠയും കാത്തുസൂക്ഷിച്ചുകൊണ്ട്, സഭാജീവിതം നയിക്കുവാനുള്ള സാധ്യതയും അവകാശവും ചുമതലയും ഉണ്ട്. ഈ സാധ്യതയ്ക്കും അവകാശത്തിനും ഭംഗം വരുന്നു, അല്ളെങ്കില്‍ ഭംഗം വരുത്തുന്നു എന്ന തെറ്റായ പ്രചരണം, സത്യത്തിനും വസ്തുതകള്‍ക്കും നിരക്കുന്നതല്ളെന്നു മാത്രമല്ല, നമ്മുടെ സമുദായത്തിന്‍്റെ ഐക്യത്തെയും കെട്ടുറപ്പിനെയും സഭാത്മക വളര്‍ച്ചയേയും തളര്‍ത്തിക്കളയുകയും ചെയ്യും.
അമേരിക്ക ഉള്‍പ്പെടെ സീറോമലബാര്‍ സഭയുടെ തനതായ അതിര്‍ത്തിക്കു പുറത്തുള്ള ക്നാനായ മിഷനുകളിലും ഇടവകകളിലും നാട്ടിലേതുപോലെയുള്ള രീതി തുടരണമെന്നാണ് നമ്മുടെ എക്കാലവുമുള്ള ആവശ്യവും നിലപാടും. ഇക്കാര്യം, കാലാകാലങ്ങളില്‍ ഞാനുള്‍പ്പെടെയുള്ള അതിരൂപതയുടെ പിതാക്കന്മാര്‍ പരിശുദ്ധ സിംഹാസനത്തോടു നിരന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. അതിരൂപതാര്‍ത്തിക്ക് പുറത്ത് താമസിക്കുന്ന ക്നാനായക്കാര്‍ക്കു സ്വവംശവിവാഹനിഷ്ഠ പാലിക്കുവാനുള്ള സാധ്യതയും അവകാശവുമുണ്ട്. ഈ സാധ്യതയേയും അവകാശത്തെയും സഭ മുടക്കുന്നില്ല. ക്നാനായ സമുദായംഗമല്ലാത്ത ഒരു വ്യക്തിയേയും ക്നാനായ ഇടവകകളില്‍ അംഗങ്ങള്‍ ആക്കണമെന്ന് പരിശുദ്ധ സിംഹാസനം ആവശ്യപ്പെടുന്നില്ല. ഒരു കാര്യം മനസ്സിലാക്കണം. അതിര്‍ത്തിക്ക് പുറത്ത് നാം തുടങ്ങിയിരിക്കുന്ന ഇടവകകളിലും മിഷനുകളിലും സമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിച്ച ഒരാളും ഇന്നുവരെ ഇടവകാംഗമായി തുടരുന്നില്ല. സമുദായംഗമല്ലാത്തവരെ ഇടവകയില്‍ ചേര്‍ത്തിട്ടുമില്ല. ഫലത്തില്‍ കോട്ടയം അതിരൂപതയ്ക്കുള്ളില്‍ നിലനില്ക്കുന്ന അതേ രീതിയില്‍ മിഷനുകളും തുടര്‍ന്നുകൊണ്ടു പോകാനാണ് നമ്മള്‍ ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും. തന്നെയുമല്ല കോട്ടയം രൂപതാധ്യക്ഷന് ആഗോളതലത്തില്‍ ക്നാനായക്കാരുടെ മേല്‍ വ്യക്തിഗത അധികാരത്തിനായുള്ള നമ്മുടെ ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു.
ഈ വസ്തുതകള്‍ മനസിലാക്കി തെറ്റിദ്ധാരണ പരത്താതെയും തെറ്റിദ്ധാരണക്കു വശംവദരാവാതെയും നമ്മുടെ തനിമയും ഒരുമയും വിശ്വാസനിറവും പരിപാലിച്ച് സ്വവംശവിവാഹനിഷ്ഠ പാലിച്ചുകൊണ്ട് സഭയോടു ചേര്‍ന്ന് ജീവിക്കുവാന്‍ നമുക്കേവര്‍ക്കും കഴിയണം.
പ്രിയ ക്നാനായ മക്കളേ, ക്നാനായ സമുദായംഗമായി ജനിച്ചതിലും, ഈ സമുദായത്തില്‍ ശുശ്രൂഷ ചെയ്യുവാന്‍ ദൈവം നിയോഗിച്ചതിലും ഞാന്‍ സന്തോഷിക്കുന്നു. മുന്‍കാല പിതാക്കന്മാരുടെ കാലടികളെ പിന്‍തുടര്‍ന്ന് സമുദായ അസ്ഥിത്വത്തിന് യാതൊരു കോട്ടവും വരാതെ ക്നാനായ സമുദായത്തെ കാലാകാലം നിലനില്‍ക്കുവാന്‍ ഉതകുന്ന രീതിയില്‍ അഭംഗുരം കാത്തു പരിപാലിക്കുവാന്‍ ഞാന്‍ പ്രതിജ്ഞാ ബദ്ധനാണ്. സഭാപരമായും നിയമപരമായും സമകാലിക സാമൂഹ്യ ചുറ്റു പാടുകളില്‍ സമുദായത്തെ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. സമുദായത്തിന്‍്റെ നിലനില്പ്പിനോ ഭാവി സുരക്ഷിതത്വത്തിനോ വിഘാതമാകുന്ന യാതൊരു നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല; ഭാവിയില്‍ സ്വീകരിക്കുകയുമില്ല.

അതിരൂപതാദിത്തോടനുബന്ധിച്ച് ഓഗസ്റ്റ് 31 ന് കൃതജ്ഞതാബലി, പൊതുസമ്മേളനം, അജപാലന പ്രവര്‍ത്തനങ്ങളുടെ പങ്കുവയ്ക്കല്‍ തുടങ്ങിയ പരിപാടികളോടെ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 1.30 വരെ സംഘടിപ്പിക്കുന്ന അതിരൂപതാ ആചരണത്തിലേയ്ക്ക് എല്ലാ വൈദികരേയും, സമര്‍പ്പിത പ്രതിനിധികളേയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളേയും എല്ലാ പാരീഷ് കൗണ്‍സില്‍ അംഗങ്ങളേയും  ചൈതന്യ കമ്മീഷന്‍ അംഗങ്ങളേയും സമുദായ സംഘടനകളുടെ കേന്ദ്രഭാരവാഹികളേയും സ്നേഹപൂര്‍വ്വം തൂവാനിസയിലേക്ക് സ്വാഗതം ചെയ്യുന്നു.

സ്നേഹപൂര്‍വ്വം,

മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത

N.B. : 2019 ഓഗസ്റ്റ് 4-ാം തീയതി ഞായറാഴ്ച ഈ സര്‍ക്കുലര്‍ അതിരൂപതയിലെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലി അര്‍പ്പിക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും വായിച്ചറിയിക്കേണ്ടതാണ്.

Golden Jubilee Celebrations
Micro Website Launching Ceremony