9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Church will support the Cause of the Knanaya Community: Cardinal Alencherry

  • February 6, 2020

 

കടുത്തുരുത്തി: സീറോ മലബാര്‍ സഭാ സിനഡും മേജര്‍ ആര്‍ച്ച്ബിഷപ്പും എക്കാലവും ക്നാനായ സമുദായത്തോടൊപ്പം അതിന്‍്റെ എല്ലാവിധ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുവാന്‍ പരിശുദ്ധ സിംഹാസനത്തിന്‍്റെ കാരുണ്യത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിക്ക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവി നല്‍കി സംസാരിക്കുകയായിരുന്നു പിതാവ്. അതിരൂപതയുടെ തലപ്പള്ളിയും തീര്‍ത്ഥാടന കേന്ദ്രവുമായ കടുത്തുരുത്തി സെന്‍്റ് മേരീസ് ഫൊറോന ദൈവാലയം, ഇന്ന് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. സീറോ മലബാര്‍ സഭയില്‍ ഒരു ദൈവാലയത്തിന് നല്‍കാവുന്ന വലിയ പദവിയാണിത്. സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ സിനഡ് 2018 ല്‍, ചരിത്രപരമായി പ്രാധാന്യമുള്ളതും, വിശ്വാസികളുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധനേടിയിട്ടുള്ളതുമായ നമ്മുടെ സഭയിലെ ദൈവാലയങ്ങള്‍ക്ക് ഈ പദവി നല്‍കുന്നതിനുള്ള തീരുമാനമെടുത്തു. അതുപ്രകാരം കടുത്തുരുത്തി ഇടവക പൊതുയോഗത്തിന്‍്റെ അഭ്യര്‍ത്ഥനയും അതിരൂപതാദ്ധ്യക്ഷനായ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്‍്റെ ശുപാര്‍ശയും പരിഗണിച്ച്, 2019 ഓഗസ്റ്റ് മാസത്തിലെ സിനഡില്‍ കടുത്തുരുത്തി വലിയ പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രമെന്ന പദവിയിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചു. ആ തീരുമാനത്തിന്‍്റെ പ്രഖ്യാപനമാണ് ഇന്ന് ഇവിടെ നടന്നത്. ഇത്തരം തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ വികാരിയായി സേവനം ചെയ്യുന്ന വൈദികര്‍ക്ക് ആര്‍ച്ച് പ്രീസ്റ്റ് എന്ന പദവിയും ഇതോടൊപ്പം നല്‍കുന്നുണ്ട്. അതിനാല്‍ നമ്മുടെ പ്രിയപ്പെട്ട വികാരിയച്ചന്‍, ബഹു. പറമ്പേട്ട് അബ്രാഹം അച്ചന്‍, ആര്‍ച്ച് പ്രീസ്റ്റ് ആയി ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. സന്തോഷകരമായ ഈ ചരിത്രനിമിഷങ്ങളില്‍ കടുത്തുരുത്തി വലിയ പള്ളിയിലെ ഇടവക ജനത്തിനും ബഹു. വികാരിയച്ചനും ഹൃദയപൂര്‍വ്വം അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊള്ളുന്നു.
കോട്ടയം അതിരൂപതയ്ക്കും അതുവഴി ക്നാനായ സമൂഹത്തിനും സീറോ മലബാര്‍ സഭയ്ക്കു മുഴുവനും ഏറെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ ദൈവാലയമാണ് കടുത്തുരുത്തി വലിയ പള്ളിയെന്നത് എടുത്തുപറയാന്‍ ആഗ്രഹിക്കുന്നു. ക്നാനായ സമൂഹം അനുഷ്ഠിച്ചുപോന്ന മതപരവും സാമുദായികവും സാംസ്കാരികവുമായ പല ആചാരമര്യാദകളും 16-ാം നൂറ്റാണ്ടു മുതല്‍ സാധിക്കുന്നിടത്തോളം തുടര്‍ന്നു പോരുന്നത് കടുത്തുരുത്തിയിലാണ് എന്നത്, ഈ പ്രദേശത്തിന്‍്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. സമുദായത്തിലെ പ്രമുഖരില്‍ പലരും യുദ്ധഭൂമിയായ കൊടുങ്ങല്ലൂരില്‍ നിന്ന് പുറപ്പെട്ട് താമസമാക്കിയത് കടുത്തുരുത്തിയിലാണ്. ക്നാനായ കുടിയേറ്റത്തിന് നേതൃത്വം നല്‍കിയ ക്നായിതോമായുടെ സ്വന്തം കുടുംബക്കാരും താമസമാക്കിയത് കടുത്തുരുത്തി പ്രദേശത്തായിരുന്നു. ഈ സമുദായത്തിന്‍്റെ ആത്മീയ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വടക്കുംകൂര്‍ രാജാവില്‍ നിന്ന് കരമൊഴിവായി ലഭിച്ച സ്ഥലത്താണ്, 4-ാം നൂറ്റാണ്ടില്‍ ആദ്യത്തെ പള്ളി നിര്‍മ്മിക്കപ്പെട്ടത്. രണ്ടാമത്തെ ദൈവാലയം നിര്‍മ്മിക്കപ്പെടുന്നത് 1456-ലാണ്. പിന്നീട് 1590 ലാണ് രണ്ടാമത്തെ ദൈവാലയം വലുതാക്കി നിര്‍മ്മിക്കുന്നത്. 1568 മുതല്‍ 1597 വരെ കേരളസഭയെ നയിച്ച സുറിയാനി മെത്രാപ്പോലീത്ത മാര്‍ അബ്രാഹമാണ് നവീകരിക്കപ്പെട്ട ദൈവാലയം കൂദാശ ചെയ്തത് എന്നതും സ്മരണീയമാണ്. ദൈവാലയങ്കണത്തില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ കല്‍ക്കുരിശ് 1509 -ല്‍ ആശീര്‍വദിച്ചത് ഗോവയിലെ മെത്രാപ്പോലീത്ത അലക്സിസ് ദെ മെനേസിസ് ആണ്. കോട്ടയം വികാരിയാത്തിന്‍്റെ സ്ഥാപനത്തിനു മുന്‍പും ശേഷവും സാമുദായികമായി പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ക്നാനായക്കാര്‍ സമ്മേളിച്ചിരുന്നത് കടുത്തുരുത്തിയിലായിരുന്നു. പ്രധാനപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു മുന്‍പ് കടുത്തുരുത്തി വലിയപള്ളിയില്‍ ചെന്ന് പരി. അമ്മയുടെ മാദ്ധ്യസ്ഥ്യം തേടുകയെന്നത് പൂര്‍വപിതാക്കന്മാരുടെ പതിവായിരുന്നു. കടുത്തുരുത്തി ഇടവകയില്‍ നിന്ന് പല രീതിയില്‍ മറ്റ് ഇടവകകളിലേക്ക് മാറിപ്പോയവര്‍ തിരുനാള്‍ ദിവസങ്ങളില്‍ ഇവിടെയത്തെി പ്രാര്‍ത്ഥിക്കുകയും തങ്ങളുടെ കുഞ്ഞുങ്ങളെ പരി. അമ്മയ്ക്ക് അടിമവയ്ക്കുകയും ചെയ്തുവരുന്നു എന്നത് ഈ ദൈവാലയത്തോട് സമുദായാംഗങ്ങള്‍ക്കുള്ള വൈകാരികമായ അടുപ്പത്തെയാണ് സൂചിപ്പിക്കുന്നത്.
ഈ ദൈവാലയത്തില്‍ നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന തിരുനാളുകളും അവയുടെ ചരിത്രപരമായ അടിസ്ഥാനങ്ങളുമെല്ലാം വലിയപള്ളിയുടെ സമ്പന്നമായ പൗരാണികത്വം വിളിച്ചോതുന്നവയുമാണ്. ധ്യാനത്തിനും ജീവിത നവീകരണത്തിനുമായുള്ള മൂന്ന് നോമ്പു തിരുനാള്‍, മൂന്നു നോമ്പിന്‍്റെ രണ്ടാം ദിവസം വൈകുന്നേരം, അതായതു ഇപ്പോള്‍ നമ്മള്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന പുറത്തുനമസ്ക്കാരം, സാഘോഷം നടത്തുന്ന എട്ടുനോമ്പു തിരുനാള്‍, മരിച്ചുപോയ പൂര്‍വികരെ അനുസ്മരിച്ചുകൊണ്ട് ഉയിര്‍പ്പുതിരുനാളില്‍ പ്രദക്ഷിണമായി കടല്‍ക്കരയില്‍ ചെന്ന് പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നുള്ള പ്രാര്‍ത്ഥന എന്നിവയെല്ലാം കടുത്തുരുത്തി വലിയ പള്ളിയിലേക്ക് ദൈവജനത്തെ ആകര്‍ഷിക്കുന്ന അവസരങ്ങളാണ്. പാരമ്പര്യങ്ങളിലുറച്ചുനിന്ന് ആത്മീയ അഭിവൃദ്ധിയും സമൂഹത്തിന്‍്റെ കൂട്ടായ്മയും ഉറപ്പിക്കുന്നതിനുള്ള അവസരങ്ങളാണ് ഈ തിരുനാളുകള്‍ എന്നത് കാലം തെളിയിച്ചിരിക്കുന്ന വസ്തുതയാണ്.
നമ്മുടെ ഈ ഇടവക ദൈവാലയം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രമെന്ന് പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്ന ഈ അവസരത്തില്‍ ദൈവസാന്നിദ്ധ്യം നിറഞ്ഞു നില്‍ക്കുന്ന ദൈവാലയത്തിന്‍്റെ പരിശുദ്ധിയെക്കുറിച്ച് കൂടി ഓര്‍മ്മിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. ദൈവാലയം കൂദാശ ചെയ്യുന്ന കര്‍മ്മത്തിന് കാര്‍മ്മികന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നുണ്ട്. “”അങ്ങയുടെ ദാസനായ മൂശ നിര്‍മ്മിച്ച കൂടാരത്തില്‍ അങ്ങ് വാസമുറപ്പിച്ചതുപോലെ, കര്‍ത്താവേ, അങ്ങയുടെ സാന്നിധ്യം ഇവിടെയും സ്ഥാപിക്കണമേ.. ഇത് പീഡിതരുടെ ആത്മാക്കള്‍ക്ക് ആശ്വാസത്തിനും ദു$ഖിതര്‍ക്ക് സങ്കേതത്തിനു എല്ലാ മനുഷ്യരുടെയും കടങ്ങളുടെയും പാപങ്ങളുടെയും പൊറുതിക്കും കാരണമാകട്ടെ. അങ്ങയുടെ ആരാധ്യവും മഹനീയവും പരിശുദ്ധവുമായ നാമത്തെ ഞങ്ങളുടെ ജീവിതത്തിന്‍്റെ എല്ലാ ദിവസങ്ങളിലും ഈ ആലയത്തില്‍ ഞങ്ങള്‍ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യട്ടെ.” ദൈവാലയത്തിന്‍്റെ മഹീനയതയെയും, ദൈവാലയത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യരഹസ്യങ്ങളുടെ ഫലപ്രാപ്തിയെയും, ദൈവജനത്തിന് ദൈവാലയവുമായി ഉണ്ടായിരിക്കേണ്ട ഇടമുറിയാത്ത ബന്ധത്തെയുമാണ് ഈ പ്രാര്‍ത്ഥന അര്‍ത്ഥപൂര്‍ണ്ണമായി അവതരിപ്പിക്കുന്നത്. ദൈവാലയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ദൈവികസാന്നിധ്യത്തില്‍ പരികര്‍മ്മം ചെയ്യപ്പെടുന്ന ദിവ്യരഹസ്യങ്ങള്‍ നമ്മുടെമേല്‍ ചൊരിയുന്ന അനുഗ്രഹങ്ങളാല്‍ നിറഞ്ഞ് ദൈവാലയത്തിന്‍്റെ വിശുദ്ധിയുടെ തുടര്‍ച്ചയായി നമ്മുടെ കുടുംബങ്ങളും പ്രാര്‍ത്തനരംഗങ്ങളും രൂപാന്തരപ്പെടുമ്പോഴാണ് ഈ ദൈവാലയം യഥാര്‍ത്ഥത്തില്‍ നമ്മുടെ ആത്മീയ ശക്തികേന്ദ്രമായി മാറുന്നത്.
ഇന്നലെയും ഇന്നും നാളെയുമായി നമ്മള്‍ മൂന്നു നോമ്പ് ആചരിക്കുകയാണല്ളോ. അന്‍പതുനോമ്പും ഇരുപത്തഞ്ചു നോമ്പും കഴിഞ്ഞാല്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ഏറ്റവും പ്രധാനമായി കരുതിയിരുന്നതാണ് മൂന്നു നോമ്പ്. പഴയ നിയമ പ്രവാചകനായ യൗനാന്‍ ദീര്‍ഘദര്‍ശി രക്ഷയുടെ പാതയിലേക്ക് ഇസ്രായേലിനെ നയിച്ച ചരിത്ര സംഭവമാണ് മൂന്നു നോമ്പിന്‍്റെ ബൈബിളിലെ അടിസ്ഥാനം. ഒരു ജനം ദൈവകാരുണ്യത്തിനുവേണ്ടി നടത്തുന്ന രോദനവും യാചനയുമാണ് മൂന്നു നോമ്പിന്‍്റെ അന്ത$സത്ത. ധ്യാനത്തിനും ജീവിത നവീകരണത്തിനും ഉദ്ദേശിച്ചുള്ള ഒരു അവസരമായിട്ടാണ് പിതാക്കന്മാര്‍ ഇന്ന് നോമ്പിനെ കാണുന്നത്. വലിയ നോമ്പിന് 18 ദിവസം മുമ്പുള്ള ഈ നോമ്പ് വേണ്ടത്ര പ്രാധാന്യത്തോടും ഭക്തിയോടും തീക്ഷ്ണതയോടും കൂടി കടുത്തുരുത്തിയില്‍ ആചരിക്കപ്പെടുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സീറോമലബാര്‍ സഭയില്‍ ഇദംപ്രഥമമായി “മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയം’ എന്ന പദവി കിട്ടിയ കുറവിലങ്ങാടും മൂന്നുനോമ്പാചരണത്തിന് പ്രസിദ്ധിയാര്‍ജ്ജിച്ച ദൈവാലയമാണെന്ന വസ്തുതയും ഞാനിപ്പോള്‍ അനുസ്മരിക്കുന്നു.
മൂന്ന് നോമ്പിന്‍്റെ ഉദ്ഭവത്തെക്കുറിച്ച് പറയപ്പെടുന്ന പല കാരണങ്ങളില്‍ ഒരെണ്ണം ഇതാണ്. സെലൂഷ്യാ മെത്രാന്‍ മാര്‍ സാബാറേശൂവിന്‍്റെ കാലത്ത് പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ പ്രദേശങ്ങളില്‍ ഉണ്ടായ “വസൂരി’ എന്ന വസന്ത നിമിത്തം അദ്ദേഹം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു മാലാഖ പറയുന്ന സ്വരം കേട്ടു: “”നോമ്പ് പ്രഖ്യാപിക്കുക, യാചന നടത്തുക, വസന്ത നിങ്ങളില്‍ നിന്ന് നീക്കപ്പെടും”.
തപശ്ചര്യയുടെ ഭാഗമായി നടത്തുന്ന ഉപവാസത്തിന്‍്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ആദിമസഭയില്‍ അമ്പതുനോമ്പിന് പുറമേ മറ്റ് ഉപവാസദിനങ്ങളും ആചരിച്ചു പോന്നിരുന്നത്. യഥാര്‍ത്ഥമായ ക്രൈസ്തവ ജീവിതത്തില്‍ തപശ്ചര്യയുടെ ഭാഗമായ ഉപവാസത്തിന് വലിയ സ്ഥാനമുണ്ടെന്ന് അറിയാവുന്നതുകൊണ്ടാണ് ആണ്ടുവട്ടത്തില്‍ പല ആഴ്ചകളും മാസങ്ങളും നോമ്പിന്‍്റെയും ഉപവാസത്തിന്‍്റെയും ദിനങ്ങളായി സഭാതനയര്‍ക്ക് സഭാ മാതാവ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സീറോമലബാര്‍ സഭയില്‍ 225 ദിവസത്തെ നോമ്പുദിനങ്ങള്‍ ഉണ്ടെന്നറിയുമ്പോള്‍ ഈ സഭയുടെ തപശ്ചര്യ ജീവിതത്തിന് വേറെ സാക്ഷ്യങ്ങള്‍ ആവശ്യമില്ലല്ളോ.
സുറിയാനി കത്തോലിക്കരുടെ സഭാജീവിതം തന്നെ ഉപവാസത്തില്‍ അധിഷ്ഠിതമായിരുന്നു. പാശ്ചാത്യ മിഷനറിമാരുടെ എഴുത്തുകളില്‍ നിന്നും മാര്‍തോമ്മാ ക്രിസ്ത്യാനികളുടെ തപശ്ചര്യജീവിതത്തിന്‍്റെ കാഠിന്യവും ദിവസങ്ങളുടെ എണ്ണവും മനസ്സിലാക്കാന്‍ സാധിക്കും. വളരെ ഗൗരവമുള്ള ഒരു കാര്യമായിട്ടാണ് നോമ്പിനെ അവര്‍ കണ്ടിരുന്നത്. “”ഉപവാസത്തിന്‍്റെ സ്നേഹിതര്‍” “”നോമ്പിന്‍്റെ മക്കള്‍” എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്നു. വളരെ കര്‍ശനമായി ഉപവാസദിനങ്ങള്‍ അനുഷ്ഠിക്കുന്ന രീതിയാണ് അവര്‍ക്കുണ്ടായിരുന്നത്. കടുത്തുരുത്തി വലിയപള്ളിയിലെ ഇടവക ജനത്തിനും ഇന്ന് ഇവിടെ വന്നുചേര്‍ന്നിരിക്കുന്ന എല്ലാവര്‍ക്കും ദൈവാനുഗ്രഹം ആശംസിക്കുന്നു. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി മാറിയ ഈ വലിയപള്ളി, സ്വര്‍ഗോന്മുഖമായ യാത്രയില്‍ നമുക്ക് അഭയകേന്ദ്രവും ആശ്രയവുമായിത്തീരട്ടെ. അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവിനെയും സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിനെയും വൈദികരെയും സമര്‍പ്പിതരെയും ദൈവജനം മുഴുവനെയും അഭിനന്ദിക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നു. ഇന്നത്തെ ചടങ്ങുകളും ആഘോഷങ്ങളും ഭംഗിയായി ക്രമീകരിച്ച ആര്‍ച്ച് പ്രീസ്റ്റ് ബഹു. അബ്രാഹം പറമ്പേട്ടച്ചനും കൈക്കാരന്മാര്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്കും സ്നേഹത്തോടെ നന്ദിപറയുന്നു. നല്ലവനായ ദൈവം നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ

Golden Jubilee Celebrations
Micro Website Launching Ceremony