സ്‌നേഹത്തിന്റെ പൂര്‍ണതയിലേയ്ക്കുള്ള വളര്‍ച്ചയാണ് ക്രിസ്തുമസ്: മാര്‍ മാത്യു മൂലക്കാട്ട്.
സ്‌നേഹത്തിന്റെ പൂര്‍ണതയിലേയ്ക്കുള്ള വളര്‍ച്ചയാണ് ക്രിസ്തുമസെന്ന് അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ്. കോട്ടയം ക്രിസ്തുരാജ കത്തീഡ്രല്‍ ദൈവാലയത്തില്‍ ക്രിസ്തുമസ് കുര്‍ബാനയിലെ സന്ദേശത്തില്‍ സഹോദരങ്ങളെ ദൈവമക്കളായി കണ്ട് സ്‌നേഹത്തോടെ മുമ്പോട്ടു പോകണമെന്ന് പിതാവ് ആഹ്വാനം ചെയ്തു.
ഭീതിയാണ് ഈ കാലഘട്ടത്തിന്റെ വെല്ലുവിളി. ഭീതിയുടെ നിഴലാട്ടം ഹോറോദോസിന്റെ നിലപാടുകളില്‍ പ്രതിഫലിക്കുന്നതായി നാം വിശുദ്ധ ഗ്രന്ഥത്തില്‍ കാണുന്നു. സ്‌നേഹത്തിന്റെ പൂര്‍ണതയായ ഈശോ ജനിക്കുമ്പോള്‍ പോലും ഹോറോദോസില്‍ ഭീതിയാണ്. അത് അയാളെ അക്രമത്തിനും കൂട്ടക്കുരുതിക്കും പ്രേരിപ്പിച്ചു. ഇന്നും ചുറ്റുപാടുകളില്‍ നന്മ കണ്ടിട്ടും മനസിലാകാത്തവരുണ്ട്. നന്മപോലും ചിലരില്‍ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കുന്നു. അവ ഇന്നും, അക്രമത്തിലേയ്ക്കും നിഷ്‌കളങ്കരെ വാക്കുകൊണ്ടും പ്രവര്‍ത്തി കൊണ്ടും ഇല്ലായ്മ ചെയ്യുന്നതിലേയ്ക്കും അവരെ നയിക്കുന്നുവെന്നതാണ് ഈ കാലത്തിന്റെ ദുര്യോഗം. എന്നാല്‍ ദൈവസ്‌നേഹത്തിന്റെ പൂര്‍ണതയിലേയ്ക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ആ പൂര്‍ണതയിലേയ്ക്ക് – ഈശോമിശിഹായിലേയ്ക്ക് – നാം വളരണമെന്നതാണ് ക്രിസ്തുമസ് നല്‍കുന്ന സന്ദേശം. സഹോദരങ്ങളെ ദൈവമക്കളായി കണ്ടുകൊണ്ട് അവര്‍ക്ക് ക്രിസ്തുവിനെ നാം പകര്‍ന്നുകൊടുക്കുമ്പോള്‍ അവിടെ ക്രിസ്തു പിറവിയെടുക്കും.
അതിരൂപതാ വികാരിജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കത്തീദ്രല്‍ വികാരി ഫാ. ജയിംസ് പൊങ്ങാനയില്‍, പ്രൊക്കുറേറ്റര്‍ ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, സെക്രട്ടറി ഫാ. ഗ്രേസണ്‍ വേങ്ങക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.