കോട്ടയം അതിരൂപതയിലെ പെരിക്കല്ലൂര്‍ ഫൊറോനായില്‍ വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാല്‍ ഗ്രാമത്തിലെ ഏക കത്തോലിക്കാ ദേവാലയം. ക്രിസ്തു രാജന്റെ നാമത്തില്‍ 1972 ഏപ്രില്‍ 23 ന് സ്ഥാപിതമായി. ബഹു. തോമസ് കുന്നശ്ശേരില്‍ അച്ചന്‍ ആയിരുന്നു സ്ഥാപക വികാരി. ആരംഭകാലങ്ങളില്‍ തേറ്റമല പള്ളിയില്‍ നിന്നും വികാരിമാര്‍ ഈ ഇടവക ജനങ്ങളുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍ നിര്‍വ്വഹിച്ചു. 1989-ല്‍ വികാരിയായിരുന്ന ബഹു.തോമസ് ആനിമൂട്ടില്‍ അച്ചനാണ് അവിടെ താമസിച്ച് ശുശ്രൂഷ ആരംഭിച്ചത്. 1992-ല്‍ വിസിറ്റേഷന്‍ സിസ്റ്റേഴ്‌സ് മഠം സ്ഥാപിച്ച് ഇടവകയുടെ ആത്മീയ ഭൗതിക കാര്യങ്ങളില്‍ സഹായിക്കുന്നു. ദേവാലയത്തോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിച്ച ക്രിസ്തുരാജ എല്‍ . പി. സ്‌കൂള്‍ നാനാജാതി മതസ്ഥരുടെ ആശ്രയമായിരുന്നു. പിന്നീട് വെള്ളമുണ്ടയില്‍ സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ ഈ സ്ഥാപനം നിര്‍ത്തലാക്കി.
ഇടവകയില്‍ കെ.സി.സി., കെ.സി.ഡബ്ല്യൂ.എ. വിന്‍സെന്റ് ഡി പോള്‍ , കെ.സി.വൈ.എല്‍ . സി.എം.എല്‍ , തിരുബാലസംഖ്യം ബൈബിള്‍ നേഴ്‌സറി എന്നിവ നന്നായി പ്രവര്‍ത്തിക്കുന്നു. മതബോ ധനക്ലാസ്സുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതുമൂലം അതിരൂപതയിലെ എ.ഗ്രേഡ് ലിസ്റ്റില്‍ തുടര്‍ച്ചയായി നാലാം തവണയും ഇടം നേടി. അര്‍പ്പണമനോഭാവമുള്ള അദ്ധ്യാപകര്‍ , സേവന സന്നദ്ധരായ സിസ്റ്റേഴ്‌സ് ത്യാഗ മനോഭാവമുള്ള അദ്ധ്യാപകര്‍ എല്ലാം ഉള്‍ച്ചേര്‍ന്നപ്പോള്‍ വയനാട്ടിലെ എന്നല്ല, കോട്ടയം അതിരൂപതയിലെ തന്നെ നല്ലൊരു ഇടവകയായി ഈ സ്ഥാപനം മാറിക്കഴിഞ്ഞു.
185 ഭവനങ്ങളിലായി 1250 ഇടവകാംഗങ്ങള്‍ ഉണ്ട്. ഇടവകയില്‍നിന്നും അഞ്ച് വൈദികരും പന്ത്രണ്ട് സിസ്റ്റേഴ്‌സും രൂപതയിലും പുറത്തുമായി സേവനം ചെയ്യുന്നു.