കോട്ടയം മെത്രാസനമന്ദിരത്തില്‍ , രൂപതയിലെ വൈദികരുടെയും ഇടവക പ്രതിനിധികളുടെയും ഒരു സംയുക്ത യോഗം 1938 നവംബര്‍ ഒന്നാം തീയതി ചേര്‍ന്ന് മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിന്റെ മെത്രാഭിഷേക രജതജൂബിലി എങ്ങനെ ആഘോഷിക്കണമെന്ന് ആലോചന നടത്തി. അന്ന് രൂപതയ്‌ക്ക് സ്വന്തമായി ഒരു കത്തീഡ്രല്‍ ഇല്ലാതിരുന്നതുകൊണ്ട് ജൂബിലി സ്‌മാരകമായി കത്തീഡ്രല്‍ നിര്‍മ്മിക്കണമെന്ന് അഭിപ്രായമുണ്ടായി. അഭിവന്ദ്യ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവ് കത്തീഡ്രല്‍ പണിയുവാനുള്ള തീരുമാനം അംഗീകരിച്ചു. ആര്‍ക്കിടെക്‌റ്റ് റോബര്‍ട്ട് ഫെര്‍ണാന്‍ഡോയും മകന്‍ സ്റ്റാനിയും കൂടിയാലോചിച്ച്, തയ്യാറാക്കിയ പ്ലാന്‍ അനുസരിച്ച് എഞ്ചിനീയര്‍ കെ.സി. തോമസിന്റെ മേല്‍നോട്ടത്തില്‍ പണി ചെയ്യുവാന്‍ നിശ്ചയിച്ചു.1939 നവംര്‍ 1 ന് അഭിവന്ദ്യ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവ് കത്തീഡ്രലിന് ശിലാസ്ഥാപനം നടത്തി. ഫാ. തോമസ് എടത്തിപ്പറമ്പില്‍ , ഫാ. മാത്യു ചെറുശ്ശേരി, ബ്രദര്‍ സ്റ്റീഫന്‍ , ചൂളപ്പറമ്പില്‍ പിതാവിന്റെ സഹോദരന്‍ കോര എന്നിവര്‍ പണികള്‍ക്കു നേത്യത്വം നല്‌കി.
1944 ഒക്‌ടോര്‍ 29 ന് അഭിവന്ദ്യ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവ് കത്തീഡ്രല്‍ കൂദാശ ചെയ്‌തു. വിജയപുരം രൂപതാമെത്രാന്‍ റൈറ്റ് റവ. ബൊനവന്തൂര, ചങ്ങനാശ്ശേരി രൂപതാമെത്രാന്‍ അഭിവന്ദ്യ മാര്‍ ജയിംസ് കാളാശ്ശേരില്‍ , തിരുവല്ല രൂപതാമെത്രാന്‍ അഭിവന്ദ്യ മാര്‍ സേവേരിയോസ് എന്നീ പിതാക്കന്മാര്‍ സഹകാര്‍മ്മികത്വം വഹിച്ചു. അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവ് സഹായ മെത്രാനായ ശേഷം രണ്ടു വലിയ മണികള്‍ ഫ്രാന്‍സില്‍ നിന്നും ഏര്‍പ്പാടു ചെയ്യുകയും കപ്പല്‍ മാര്‍ഗ്ഗം അത് കേരളത്തില്‍ എത്തിച്ച് കത്തീഡ്രലിന്റെ മണിമാളികയില്‍ സ്ഥാപിക്കുകയും ചെയ്‌തു. അഭിവന്ദ്യ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ , മാര്‍ തോമസ് തറയില്‍ എന്നിവരെ അടക്കം ചെയ്‌തിരിക്കുന്നത് ഈ കത്തീഡ്രലിന്റെ മദ്‌ഹയ്‌ക്കടിയില്‍ പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന മുറിയിലാണ്. 1925 .-
1986 ഫെബ്രുവരി 8 ന് പരി. പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കോട്ടയം സന്ദര്‍ശിച്ചപ്പോള്‍ ക്രിസ്‌തുരാജ കത്തീഡ്രലില്‍ എത്തി പ്രാര്‍ത്ഥിക്കുകയും കത്തീഡ്രല്‍ മൈതാനിയില്‍ കൂടിയ ജനങ്ങളെ അഭിവാദനം ചെയ്‌തു സംസാരിക്കുകയും ആശീര്‍വദിക്കുകയും ചെയ്‌തു. 2004 ജനുവരി 1 -ന് കത്തീഡ്രലിനോടനുന്ധിച്ച് ഒരു ഇടവക യൂണിറ്റ് അഭിവന്ദ്യ കുര്യാക്കോസ് കുന്നശേരി പിതാവ് ഔദ്യോഗിക കല്‌പനയിലൂടെ (No. Bp. 202/2003) സ്ഥാപിച്ച് അനുവദിച്ചു.