9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Chavara Kuriakose Elias and Rokkos Schism

  • November 22, 2014

1599 ലെ ഉദയംപേരൂര്‍ സൂനഹദോസോടുകൂടെ ഇന്ത്യയിലെ സഭയ്ക്ക് കല്‍ദായ സുറിയാനിസഭയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. തുടര്‍ന്ന് ഭരണംനടത്തിയ പോര്‍ച്ചുഗീസ് പദ്രുവാദോ മെത്രാന്മാര്‍, മര്‍തോമക്രിസ്ത്യാനികളുടെ തലവനായ അര്‍ക്കദ്‌യാക്കോനെ അവഗണിക്കാനും അധികാരരഹിതനാക്കാനും ശ്രമം തുടങ്ങി. പ്രസ്തുത സംഭവങ്ങള്‍ കേരളത്തില്‍ അന്ത്യോഖ്യന്‍ പാരമ്പര്യത്തിലുള്ള സഭയുടെ ജനനത്തിനും കാരണമായി. 1838 ഏപ്രില്‍ 24 ന് മുള്‍ത പ്രക്ലാരെ എന്ന ശ്ലൈഹിക ലേഖനംവഴി ഗ്രിഗറി 16മന്‍ മാര്‍പാപ്പ പദ്രൊവാദോ ഭരണക്രമം അവസാനിപ്പിച്ച് പാപ്പയുടെ നേരിട്ടുള്ള അധികാരത്തിന്‍ കീഴിലെ പ്രൊപ്പഗാന്ത ക്രമം സ്ഥാപിച്ചപ്പോള്‍ മര്‍തോമക്രിസ്ത്യാനികളെല്ലാം പ്രപ്പഗാന്ത വികാരിയത്തായ വരാപ്പുഴയുടെ കീഴിലായി. തത്ഫലമായി സുറിയാനിക്കാരുടെ അതിരൂപതയായ കൊടുങ്ങല്ലൂര്‍ നിര്‍ത്തലാക്കപ്പെട്ടു.

തങ്ങളുടെതന്നെ റീത്തിലും സുറിയാനി പാരമ്പര്യത്തിലുംപെട്ട മെത്രാന്മാരെ ലഭിക്കാന്‍ ആഗ്രഹിച്ച മര്‍തോമക്രിസ്ത്യാനികള്‍ കല്‍ദായകത്തോലിക്കാസഭയിലെ പാത്രിയര്‍ക്കീസ് മാര്‍ യൗസേപ്പ് അവുദോ 6മന് (1848 – 1878) ഒരു പ്രതിനിധി സംഘത്തെ അയച്ചു. ഫാ. അന്തോണി തൊണ്ടനാട്ട്, ഫാ. അന്തോണി കുടക്കച്ചിറ എന്നിവരടങ്ങിയ പ്രസ്തുത സംഘത്തിന്റെ അപേക്ഷ സ്വീകരിച്ച് പാത്രിയര്‍ക്കീസ് 1860 സെപ്തംബര്‍ 30 ന് തോമസ് റോക്കോസ് എന്ന വൈദികനെ മെത്രാനാക്കി അഭിഷേകംചെയ്ത് കേരളത്തിലേയ്ക്ക് അയച്ചു. 1861 മെയ് 6 ന് അദ്ദേഹം കൊച്ചിയില്‍ കപ്പലിറങ്ങിയപ്പോള്‍ കേരളത്തിലെ സുറിയാനിക്കാരില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ അധികാരം അംഗീകരിച്ചു. 100 ല്‍ അധികം സുറിയാനിപ്പള്ളികളും അദ്ദേഹത്തെ അംഗീകരിച്ചതു കണ്ടപ്പോള്‍ വരാപ്പുഴ മെത്രാനായിരുന്ന ബര്‍ണദീന്‍ ഓഫ് സെന്റ് തെരേസ ഒസിഡി പ്രസ്തുത ഭിന്നതയുടെ ആഴം ഗ്രഹിച്ചു. വിദേശിയായ താനിക്ക് കേരളത്തിലെ സുറിയാനിക്കാരെ തിരികെക്കൊണ്ടുവരാന്‍ സാധിക്കില്ലന്നു മനസിലാക്കിയ അദ്ദേഹം മര്‍തോമ ക്രിസ്ത്യാനികളുടെയിടയില്‍ സ്വാധീനമുണ്ടായിരുന്ന ധ്യാനപ്രസംഗകന്‍ ചാവറ കുര്യാക്കോസ് അച്ചനെ 1861 ജൂണ്‍ 8 ന് വരാപ്പുഴയുടെ വികാരിജനറാളാക്കിക്കൊണ്ട് മാര്‍ റോക്കോസിനെതിരെ നിയോഗിച്ചു. അങ്ങനെ, സുറിയാനിക്കാരുടെയിടയില്‍നിന്ന് വികാരിജനറാളായി ആദ്യമായി നിയമിതനായ വ്യക്തിയാണ് ചാവറയച്ചന്‍.

പുതിയ ഉദ്യമം ഏറ്റെടുത്ത ഉടനെതന്നെ മാര്‍ റോക്കോസിന്റെ വരവിന്റെ സാധുതയെക്കുറിച്ച് അറിയാന്‍ ചാവറയച്ചന്‍ പീയുസ് 9മന്‍ മാര്‍പാപ്പയ്‌ക്കെഴുതി. മാര്‍ റോക്കോസിന്റെ ആഗമനം മാര്‍പാപ്പയുടെ അറിവോ അംഗീകാരമോ കൂടാതെയാണെന്നും, പാത്രിയര്‍ക്കീസിന്റെ ഏകപക്ഷീയമായി തീരുമാനപ്രകാരമാണെന്നും മറുപടികിട്ടിയ വികാരിജനറാള്‍ റോക്കോസ് ശീശ്മയ്‌ക്കെതിരെ പള്ളികള്‍തോറും പ്രസംഗിച്ചു ജനത്തെ പിന്‍തിരിപ്പിച്ചു. മാര്‍ തോമസ് റോക്കോസ് മെത്രാനെ പിന്‍വലിക്കണമെന്ന് റോം പാത്രിയര്‍ക്കീസിനോട് കര്‍ശനമായി ആവശ്യപ്പെട്ടുവെന്നുമാത്രമല്ല, മേലില്‍ ഇത്തരമൊരു ഏകപക്ഷീയമായ നടപടിയെടുക്കരുതെന്ന് അദ്ദേഹത്തെ വിലക്കുകയും ചെയ്തു. പക്ഷേ, പിന്‍വാങ്ങാന്‍ തയ്യാറാകാതിരുന്ന റോക്കോസ് മെത്രാനെ നടപടിക്രമമനുസരിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയശേഷം, 1861 നവംബര്‍ 30 ന് വികാരി അപ്പസ്‌തോലിക്ക മഹറോന്‍ ചെല്ലി. എന്നാല്‍ ചാവറയച്ചന്റെ നിരന്തരമായ പരിശ്രമഫലമായി മാര്‍ റോക്കോസ് മെത്രാന്‍ അനുതപിച്ച് കല്‍ദായസഭയിലേയ്ക്ക് മടങ്ങിപ്പോയി. തുടര്‍ന്ന് മുടക്ക് നീക്കംചെയ്ത് ശിഷ്ടകാലം അവിടെ കഴിഞ്ഞു.

മാര്‍ റോക്കോസ് കല്‍ദായസഭയിലേയ്ക്ക് മടങ്ങിപ്പോയപ്പോള്‍ ഫാ. അന്തോണി തൊണ്ടനാട് അദ്ദേഹത്തിന്റെ കൂടെ പുറപ്പെട്ടു. പകരംമറ്റൊരു മെത്രാനെ കൊണ്ടുവരണമെന്ന ഉദ്ദേശത്തോടെ അദ്ദേഹത്തിനൊപ്പം പുറപ്പെട്ട ഫാ. അന്തോണി തൊണ്ടനാടിന്റെ ആഗ്രഹം നടന്നില്ല, തുടര്‍ന്ന് തന്നെ ഒരു മെത്രാനായി വാഴിക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശവും മാര്‍ അവുദോ പാത്രീയര്‍ക്കീസ് സ്വീകരിച്ചില്ല. അതിനാല്‍ അവിടുത്തെ നെസ്‌തോറിയന്‍ പാത്രിയര്‍ക്കീസില്‍നിന്ന് മെത്രാന്‍പട്ടം സ്വീകരിച്ച് മാര്‍ അബ്ദീശോ എന്നപേരില്‍ അദ്ദേഹം 1864 ല്‍ കേരളത്തിലെത്തി. ചാവറയച്ചനെ സ്വാധീനിക്കാന്‍ മാര്‍ അബ്ദീശോ അദ്ദേഹത്തിന് മെത്രാന്‍പട്ടവും വാഗ്ദാനം ചെയ്തു. എന്നാല്‍ ചാവറയച്ചന്റെ പരിശ്രമഫലമായി അദ്ദേഹവും മാനസാന്തരപ്പെട്ട് നിശ്ചിതകാലം കത്തോലിക്കസഭയില്‍ വൈദികനായി തുടര്‍ന്നു. അങ്ങനെ കേരളക്കരയിലുണ്ടായ റോക്കോസ് ശീശ്മയെ പ്രതിരോധിച്ച ചാവറയച്ചനെ റോം അഭിനന്ദിച്ചു. എന്നാല്‍, അദ്ദേഹത്തെ മെത്രാനാക്കാനാകുമൊയെന്ന് തിരുസംഘം പിന്നീട് അന്വേഷിച്ചപ്പോള്‍ പാശ്ചാത്യ മിഷനറിമാര്‍ എതിര്‍ത്തുവെന്നതും ചരിത്രം.

Fr Kochadampallil

Related Articles

വി. അല്‍ഫോന്‍സാമ്മയ്‌ക്കു പിന്നാലെ ഭാരതസഭയ്‌ക്ക്‌ രണ്‌ടു വിശുദ്ധര്‍ കൂടി
വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചനേയും എവുപ്രാസ്യമ്മയേയും നവംബര്‍ 23-നു വിശുദ്ധരായി പ്രഖ്യാപിക്കും
The Preparations for the canonization in Rome

Chavara Kruiakose and Euphrasia: biography in Malayalam
കേരളക്കരയിലുണ്ടായ റോക്കോസ് ശീശ്മയെ പ്രതിരോധിച്ച ചാവറയച്ചന്‍

Golden Jubilee Celebrations
Micro Website Launching Ceremony