കോട്ടയം: ‘ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29 ന് വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ തെക്കുംഭാഗജനതയ്ക്കായി കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 111-ാം വാര്‍ഷികദിനാഘോഷങ്ങള്‍ക്കും 1921 ലെ ക്‌നാനായ മലങ്കരപുനരൈക്യത്തിന്റെ ശതാബ്ദിയാഘോഷങ്ങള്‍ക്കും ഉജ്ജ്വലപരിസമാപ്തി. റാന്നി സെന്റ് തെരേസാസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ സംഘടിപ്പിച്ച സമാപനാഘോഷങ്ങള്‍ സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മോറോന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. 1921 ലെ ക്‌നാനായ മലങ്കര പുനരൈക്യം സഭയിലെ തുടര്‍ന്നുള്ള പുനരൈക്യങ്ങള്‍ക്ക് പ്രചോദനമായെന്ന് അദ്ദേഹം പറഞ്ഞു. അന്ത്യോക്യന്‍ ആരാധനക്രമം അനുവദിച്ചു ലഭിക്കുന്നതിന് ക്‌നാനായ സമുദായം വഹിച്ച പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ചു. ഭാരതകത്തോലിക്കാ സഭയില്‍ മുന്‍പേ പറക്കുന്ന പക്ഷിയാകാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സഭാഘടകമാണ് ക്‌നാനായ കത്തോലിക്കാ സമൂഹമെന്ന് അദ്ധ്യക്ഷസന്ദേശത്തില്‍ മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കല്‍, ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേല്‍, തിരുഹൃദയദാസ സമൂഹം സുപ്പീരിയര്‍ ജനറല്‍ ഫാ. സ്റ്റീഫന്‍ മുരിയങ്ങോട്ടുനിരപ്പേല്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ലിബിന്‍ പാറയില്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ കേരള റീജിയണല്‍ സെക്രട്ടറി തോമസ് അറക്കത്തറ, ഫാ. തോമസ് കൈതാരം, ഫാ. സനീഷ് കയ്യാലക്കകത്ത്, സാബു പാറാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേമിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ 10 മണിക്ക് നടത്തപ്പെട്ട കൃതജ്ഞതാബലിയോടെയാണ് ദിനാചരണത്തിനു തുടക്കമായത്. അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ വചനസന്ദേശം നല്‍കി. ദിനാചരണത്തിനു മുന്നോടിയായി കോട്ടയം അതിരൂപതയിലെ സമുദായസംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ അതിരൂപതാഭാരവാഹികളുടെ നേതൃസംഗമം ക്‌നാനായ പ്രേഷിത കുടിയേറ്റം നടന്ന കൊടുങ്ങല്ലൂരില്‍ സംഘടിപ്പിക്കുകയുണ്ടായി. അതിരൂപതയില്‍ വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച തെരഞ്ഞെടുക്കപ്പെട്ട 21 അതിരൂപതാംഗങ്ങളെ സമാപനസമ്മേളനത്തില്‍ ആദരിച്ചു. അതിരൂപതയുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരണവും മലങ്കര പുനരൈക്യ ചരിത്ര അവതരണവും നടത്തപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ അതിരൂപതയിലെ വൈദിക സന്യസ്ത അല്‍മായ പ്രതിനിധികള്‍ പങ്കെടുത്തു. കൂടാതെ അപ്നാദേശ് ടിവി യുട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള ക്‌നാനായ സമുദായാംഗങ്ങള്‍ക്കായി ഓണ്‍ലൈനായി ലഭ്യമാക്കുകയും ചെയ്തു.