പരസ്യതെറ്റില്‍ കഴിയുന്നവരുടെ മക്കളുടെ മാമ്മോദീസ സംബന്ധിച്ച് നടക്കുന്ന പ്രചരണങ്ങളുടെ വസ്തുതയെന്താണ് ?
അതിരൂപതാ നിയമസംഗ്രഹത്തിലെ മൂന്നാം അധ്യായമായ ആരാധനക്രമത്തില്‍ വിവിധ കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്കുന്നിടത്ത്, ഒന്നാമതായി ചേര്‍ത്തിരിക്കുന്നത് മാമ്മോദീസ നല്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ്. ഈ കൂദാശയെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചതിനുശേഷം ഏറ്റവും അവസാനമായി ‘പരസ്യമായി തെറ്റില്‍ കഴിയുന്നവരുടെ കുട്ടികള്‍ക്ക് മാമ്മോദീസ’ എന്ന ഉപതലക്കെട്ടില്‍ ക്രൈസ്തവവിശ്വാസത്തിന്റെ അരൂപിക്കടുത്ത് ജീവിക്കാത്തവരുടെ മക്കള്‍ക്ക് മാമ്മോദീസ നല്കുമ്പോള്‍, ആ കുട്ടികളുടെ ക്രൈസ്തവ നല്‍വളര്‍ത്തല്‍ ഉറപ്പു വരുത്തേണ്ടതിന്
എടുക്കേണ്ട മുന്‍കരുതല്‍ വ്യക്തമാക്കുന്നുണ്ട്.
‘പരസ്യമായി തെറ്റില്‍ കഴിയുന്നവരുടെ മക്കളുടെ മാമ്മോദീസാ’ എന്നേ തലക്കെട്ടില്‍ എഴുതിയിട്ടുള്ളൂ. അതായത് ‘പരസ്യതെറ്റില്‍ കഴിയുന്ന’ അവരുടെ മക്കളുടെ മാമ്മോദീസ ആണ് പരാമര്‍ശവിഷയം. അല്ലാതെ വേശ്യകളെന്നോ, സ്ത്രീകളെന്നോ, പരസ്യ വ്യഭിചാരത്തിലൂടെ ഉണ്ടായ കുട്ടികളെന്നോ എന്നും ഈ അനുച്ഛേദം അതിനാല്‍ തന്നെ അര്‍ത്ഥമാക്കുന്നില്ല. ആകയാല്‍ വേശ്യയ്ക്കുണ്ടായ കുട്ടിയ്ക്ക് മാമ്മോദീസ നല്കി അതിരൂപതാംഗത്വം നല്കുമെന്ന് അതിരൂപതാ നിയമസംഗ്രഹത്തില്‍ എഴുതിവെച്ചിട്ടുണ്ട് എന്ന ആരോപണം തെറ്റാണ്. അതല്ല ഈ അനുച്ഛേദം വഴി ലക്ഷ്യമാക്കുന്നത്. മറിച്ച് ക്രിസ്തീയ അരൂപിയില്‍ ജീവിക്കാത്ത വ്യക്തികളുടെ മക്കള്‍ക്ക് മാമ്മോദീസ നല്കിയാല്‍തന്നെയും, അവരെ ക്രിസ്തീയവിശ്വാസത്തിലും മൂല്യങ്ങളിലും വളര്‍ത്താന്‍ ഇത്തരം മാതാപിതാക്കള്‍ അപ്രാപ്തരായതിനാല്‍, അവരുടെ കുട്ടികളുടെ ക്രിസ്തീയവളര്‍ത്തല്‍ ഉറപ്പുവരുത്താന്‍ മാമ്മോദീസ നല്കുന്നതിന് മുമ്പേ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശമാണ് പ്രസ്തുത അനുച്ഛേദത്തില്‍ നല്കിയിരിക്കുന്നത്. അതായത്, അത്തരം സന്ദര്‍ഭങ്ങളില്‍ ഈ ഉത്തരവാദിത്വം ജ്ഞാനസ്‌നാന മാതാപിതാക്കള്‍ ഏറ്റെടുക്കുന്നപക്ഷം അതിരൂപതാകൂരിയയുടെ അനുവാദത്തോടെ മാത്രം മാമ്മോദീസ നല്കാമെന്ന നിര്‍ദേശമാണത്. ക്രിസ്തീയ വിശ്വാസത്തിലുള്ള വളര്‍ത്തല്‍ ഉറപ്പുവരുത്തുക എന്നതാണ് ഈ നിര്‍ദേശത്തിന്റെ ഉദ്ദേശ്യം.
ഒരുവശത്ത്, മാതാപിതാക്കള്‍ തെറ്റില്‍ ജീവിക്കുന്നു എന്ന കാരണത്താല്‍, നിഷ്‌കളങ്കരായ കുട്ടികള്‍ സഭാംഗത്വത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടാന്‍ പാടില്ലാത്തതിനാല്‍ അധികാരപരിധിയില്‍പ്പെടാവുന്ന ഏതൊരു കുട്ടിക്കും / വ്യക്തിക്കും മാമ്മോദീസ നല്കി സഭാംഗമാക്കുക എന്നത് രൂപതാദ്ധ്യക്ഷന്റെ ഉത്തരവാദിത്തമാണ്. അതേസമയം, മാമ്മോദീസ സ്വീകരിച്ച് ഒരാള്‍ സഭാംഗമാകുന്നത് ക്രിസ്തുവിനെ അറിഞ്ഞ് ക്രിസ്തീയവിശ്വാസത്തില്‍ വളരുന്നതിനായതിനാല്‍, ഇത്തരം കുട്ടികള്‍ക്ക് / വ്യക്തികള്‍ക്ക് വിശ്വാസത്തില്‍ വളരുന്നതിനാവശ്യമായ സാഹചര്യം ഒരുക്കിക്കൊടുക്കുക എന്നതും രൂപതാദ്ധ്യക്ഷന്റെ മുഖ്യകടമകളിലൊന്നാണ്. കുട്ടികളെ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്തുക എന്ന ഉത്തരവാദിത്തം ജ്ഞാനസ്‌നാന മാതാപിതാക്കളെ എല്പിക്കുന്നതുവഴി അഭി. രൂപതാദ്ധ്യക്ഷന്‍ തന്റെ കടമതന്നെയാണ് നിര്‍വഹിക്കുന്നത്. അതേസമയം നിയമാനുസൃതം കോട്ടയം അതിരൂപതാംഗത്വം ലഭിക്കാന്‍ സാധ്യതയില്ലാത്ത വ്യക്തിക്ക് മാമ്മോദിസ നല്കണമെന്നോ അപ്രകാരം ആര്‍ക്കെങ്കിലും മാമ്മോദീസ നല്കിയാല്‍ത്തന്നെ അവര്‍ക്ക് കോട്ടയം അതിരൂപതയില്‍ അംഗത്വം നല്കണമെന്നോ ഈ അനുച്ഛേദം നിര്‍ദേശിക്കുന്നില്ല. മറിച്ച് മാമ്മോദീസ നല്കാവുന്നതാണ് എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്. കാനന്‍നിയമത്തില്‍ പറഞ്ഞിട്ടില്ലാത്തതും എന്നാല്‍ അതിനു വിരുദ്ധമല്ലാത്തതുമായ അതിരൂപതാ കൂരിയയുടെ അനുവാദത്തോടെ എന്ന പ്രയോഗം കോട്ടയം അതിരൂപതയുടെ സവിശേഷ പശ്ചാത്തലത്തിലാണ് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. കോട്ടയം അതിരൂപതയുടെ ഇടവകപ്പള്ളികളില്‍, ആവശ്യപ്പെട്ടുവരുന്ന ഏത് വ്യക്തിക്കും നിയമാനുസൃതം മാമ്മോദീസാ നല്കാറുണ്ടെങ്കിലും, ഇടവകയില്‍ അംഗത്വം നല്കുന്നത് അതിരൂപതാ നിയമസംഗ്രഹത്തിലെ ഒന്നാം അധ്യായത്തിലെ മൂന്നാം അനുച്ഛേദപ്രകാരമാണ്. ഈ അനുച്ഛേദപ്രകാരം ഇരുമാതാപിതാക്കളും ക്‌നാനായരായവര്‍ക്ക് മാത്രമാണ് കോട്ടയം അതിരൂപതയില്‍ അംഗങ്ങളാകാനാകുക. അതിരൂപതാ കൂരിയയുടെ അനുവാദമെന്ന 55ാം പേജിലെ ആദ്യ അനുച്ഛേദത്തിലെ പ്രയോഗത്തിലൂടെ ഇക്കാര്യം ഇന്നോളം ഉറപ്പു വരുത്തിയിട്ടുമുണ്ട്. അതിനാലാണ് ഇരുമാതാപിതാക്കളും ക്‌നാനായരായവര്‍ മാത്രമാണ് കോട്ടയം അതിരൂപതയിലുള്ളത് എന്ന നമ്മുടെ വാദം, ഒരു ഉദാഹരണംപോലും മുന്നോട്ടുവച്ച് തെറ്റാണെന്ന് തെളിയിക്കാന്‍ നവീകരണസമിതിക്ക് കഴിയാതെ പോയത്.
മാമ്മോദീസ സ്വീകരിച്ച പള്ളിയിലാണ് ആ വ്യക്തിയുടെ ഇടവകാംഗത്വവുമെന്ന ചിലരുടെ ധാരണ തെറ്റാണ്. ഇടവകാംഗത്വം സഭാനിയമപ്രകാരമാണ് നിശ്ചയിക്കപ്പെടുന്നത്. വ്യക്തിഗതസഭയിലെ അംഗത്വം, ഭൂമിശാസ്ത്രപരമായ അതിര്‍ത്തി, വ്യക്തിഗതമായ അധികാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇടവകാംഗത്വവും രൂപതാംഗത്വവും നിര്‍ണയിക്കപ്പെടുന്നത്.
സീറോ മലബാര്‍ സഭാംഗങ്ങളായ മാതാപിതാക്കള്‍ക്ക് ജനിച്ച 14 വയസില്‍ താഴെയുള്ള കുട്ടിയുടെ മാംമ്മോദീസ ലത്തീന്‍ പള്ളിയിലാണ് നടത്തുന്നതെങ്കിലും സീറോ മലബാര്‍ സഭയുടെ കീഴിലുള്ള രൂപതയിലും ഇടവകയിലുമായിരിക്കും അംഗത്വമെന്നത് സ്വയാധികാര സഭാംഗത്വമെന്ന മാനദണ്ഡത്തിന് ഉദാഹരണമാണ്.
നമ്മുടെ പാരമ്പര്യമനുസരിച്ച് ആദ്യത്തെ കുഞ്ഞിന്റെ മാമ്മോദീസ അമ്മയുടെ ഇടവകപ്പള്ളിയില്‍വച്ചാണ് നടത്താറുള്ളതെങ്കിലും കുടുംബം ഏതിടവകയിലാണോ അവിടെയാണ് ആ കുഞ്ഞിന്റെയും ഇടവകാംഗത്വമെന്ന നമ്മുടെ രൂപതയിലെ നടപടി ഭൂമിശാസ്ത്രപരമായ അതിര്‍ത്തിയെന്ന മാനദണ്ഡത്തിന് ഉദാഹരണമാണ്. പാലാ രൂപതയുടെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്ക് പുറത്തു താമസിക്കുന്ന ഒരു വ്യക്തിക്ക് മാമ്മോദീസ നല്കി പാലാ രൂപതയില്‍ അംഗത്വം നല്കാന്‍ പാലാ മെത്രാനും കഴിയില്ല എന്നത് മറ്റൊരു ഉദാഹരണമാണ്.
ക്‌നാനായ സമുദായത്തിനുവേണ്ടി സ്ഥാപിതമായ കോട്ടയം അതിരൂപതയില്‍ ക്‌നാനായക്കാരല്ലാത്തവര്‍ക്ക് അംഗത്വം നല്കാനാവാത്തത് വ്യക്തിഗതമായ അധികാരമെന്ന മാനദണ്ഡത്തിനും ഉദാഹരണമാണ്.
വേളാങ്കണ്ണി മുതലായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും മറ്റും മാമ്മോദീസ സ്വീകരിക്കുന്ന സീറോ മലബാര്‍ മാതാപിതാക്കളുടെ കുഞ്ഞുങ്ങള്‍ക്ക് ആ പള്ളിയിലോ ലത്തീന്‍ സഭയിലോ അല്ല അംഗത്വം ലഭിക്കുന്നത്.
ലത്തീന്‍ കാനന്‍നിയമമനുസരിച്ച്അക്രൈസ്തവനും പൗരസ്ത്യകാനന്‍നിയമമനുസരിച്ച് ക്രിസ്ത്യാനിക്കും അത്യാവശ്യഘട്ടങ്ങളില്‍ മറ്റൊരാള്‍ക്ക് മാമ്മോദീസ നല്കാവുന്നതാണ്. വീട്ടു മാമ്മോദീസകളും ഈ ഗണത്തില്‍പ്പെടുന്നവയാണ്. ഇത്തരം മാമ്മോദീസകള്‍ നടന്നു എന്നതിനാല്‍തന്നെ ആര്‍ക്കും ഒരു പ്രത്യേക ഇടവകയിലും അംഗത്വം ലഭിക്കുന്നില്ല, മറിച്ച് യുക്തമായ ഇടവകയുടെ രജിസ്റ്ററില്‍ പേര് ചേര്‍ത്ത് ആ ഇടവകയില്‍ അംഗമാവുകയാണ് ചെയ്യുന്നത്.
അതിരൂപതാ നിയമ സംഗ്രഹം 55ാം പേജിലെ ആദ്യ അനുച്ഛേദത്തില്‍, ‘പരസ്യവ്യഭിചാരത്തിലും മറ്റും ജീവിക്കുന്നവരുടെ’ എന്ന് ചേര്‍ത്തിരിക്കുന്നതില്‍നിന്നുമാണ് വേശ്യകളുടെ മക്കള്‍, അവിവാഹിത സ്ത്രീയുടെ മക്കള്‍ തുടങ്ങിയ വ്യാഖ്യാനങ്ങള്‍ വന്നിരിക്കുന്നത്. സ്ഥിരംക്രിമിനല്‍, മുഴുമദ്യപാനി, മയക്കുമരുന്നിന് അടിമ തുടങ്ങി ക്രിസ്തീയ മൂല്യങ്ങള്‍ക്ക് ചേരാത്ത ജീവിതം നയിക്കുന്നവരെല്ലാം പ്രസ്തുത വാക്യത്തിലെ ‘മറ്റും’ എന്ന വാക്കില്‍ ഉള്‍പ്പെടുന്നതാണ്.
കൂടാതെ പരസ്യവ്യഭിചാരത്തില്‍ കഴിയുക എന്നതും വേശ്യാവൃത്തിയില്‍ ആയിരിക്കുക എന്നതും സഭയുടെ കാഴ്ചപ്പാടില്‍ വ്യത്യസ്തങ്ങളാണ്. വേശ്യാവൃത്തി പണമടക്കമുള്ള നേട്ടങ്ങള്‍ക്കായി നടത്തപ്പെടുമ്പോള്‍ പരസ്യ വ്യഭിചാരം അങ്ങനെ ആയിക്കൊള്ളണമെന്ന് നിര്‍ബന്ധമില്ല. സഭാ നിയമപ്രകാരമല്ലാതെ വിവാഹിതരെപ്പോലെ ജീവിക്കുന്നവരെല്ലാം സഭയെ സംബന്ധിച്ച് പരസ്യവ്യഭിചാരത്തിലാണ് കഴിയുന്നത്. ഇവയൊന്നും ക്രിസ്തീയ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലാത്തതിനാല്‍ മക്കളെ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്താന്‍ അവര്‍ക്ക് സാധ്യമല്ലാത്തതിനാലാണ് ജ്ഞാനസ്‌നാന മാതാപിതാക്കളെ ആ ചുമതല ഏല്പിക്കുന്നത്.
വളരെ പ്രസക്തമായ കാര്യം പരസ്യ തെറ്റില്‍ / വ്യഭിചാരത്തില്‍ കഴിയുന്നവര്‍ എന്നതില്‍ സ്ത്രീപുരുഷഭേദം പരാമര്‍ശിതമല്ല എന്നുള്ളതാണ്. പരസ്യ തെറ്റില്‍ / വ്യഭിചാരത്തില്‍ കഴിയുന്ന സ്ത്രീയെന്നോ പുരുഷനെന്നോ പ്രയോഗിക്കാതെ ‘അവര്‍’ എന്ന ലിംഗവ്യത്യാസം കാണിക്കാത്ത വാക്കാണ് ഈ അനുച്ഛേദത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
പരസ്യ തെറ്റില്‍ / വ്യഭിചാരത്തില്‍ കഴിയുന്നവരുടെ മക്കള്‍ എന്നതിന് പരസ്യ തെറ്റില്‍ / വ്യഭിചാരത്തില്‍ ജനിച്ച മക്കള്‍ എന്നുമര്‍ത്ഥമില്ല. മാമ്മോദീസ സ്വീകരിക്കേണ്ട കുട്ടികളുടെ മാതാപിതാക്കള്‍ പരസ്യ തെറ്റില്‍ / വ്യഭിചാരത്തില്‍ കഴിയുന്നവരാണ് എന്ന് മാത്രമാണ് ഈ അനുച്ഛേദത്തില്‍നിന്ന് വ്യക്തമാകുന്നത്. അല്ലാതെ മേല്‍പ്പറഞ്ഞ തെറ്റിന്റെ ഭാഗമായാണ് ഈ കുഞ്ഞുങ്ങള്‍ ജനിച്ചതെന്ന വിവക്ഷയുമിവിടില്ല. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ തെറ്റിന്റെ പേരില്‍ കിസ്തീയ വിശ്വാസത്തിലും മൂല്യങ്ങളിലും ഉറച്ച് സഭയില്‍ അംഗമാകാനും വിശുദ്ധമായ ജീവിതം നയിച്ച് മാതാപിതാക്കളടക്കം ഏവരെയും വിശുദ്ധിയിലേക്ക് നയിക്കാനുമുള്ള കുഞ്ഞുങ്ങളുടെ അവകാശം നിഷേധിക്കാനാവില്ല. അതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാന്‍ രൂപതാദ്ധ്യക്ഷന്‍ ബാധ്യസ്ഥനാണ്. അതേസമയം തെക്കുംഭാഗര്‍ക്കുവേണ്ടിയുള്ള അതിരൂപതയുടെ അദ്ധ്യക്ഷനായി നിയോഗിക്കപ്പെട്ട വ്യക്തിയുടെ ഉത്തരവാദിത്തമാണ് തെക്കുംഭാഗരല്ലാത്തവര്‍ ഈ രൂപതയില്‍ അംഗങ്ങളാകാതിരിക്കുക എന്നതും. അത് അതിരൂപതാ നിയമസംഗ്രഹത്തില്‍ സുവ്യക്തമായി പറഞ്ഞിട്ടുണ്ട്; പ്രാവര്‍ത്തികമാക്കുന്നുമുണ്ട്.
സഭാനിയമപരമായ കാര്യങ്ങള്‍ വായിക്കേണ്ടതും മനസ്സിലാക്കേണ്ടതും സഭാ നിയമങ്ങളുടെയും സഭാസംവിധാനങ്ങളുടെയും പശ്ചാത്തലത്തിലായിരിക്കണം എന്ന അടിസ്ഥാനകാര്യം അനുവര്‍ത്തിക്കാത്തതിനാലാണ് പൊതുസമൂഹത്തിനും സിവില്‍ നിയമസംവിധാനത്തിനും ഇക്കാര്യത്തില്‍ തെറ്റുദ്ധാരണ ഉണ്ടാകുന്നത്,
പൊതുസമൂഹത്തിനും സിവില്‍ നിയമസംവിധാനത്തിനും തെറ്റുദ്ധാരണ ജനിപ്പിക്കാതെ, മനസ്സിലാകുന്ന ഭാഷയില്‍ നിയമം എഴുതിവയ്ക്കുക എന്നത് സഭാസംവിധാനത്തിനു മുമ്പിലുള്ള വെല്ലുവിളി തന്നെയാണ്. ഈ വെല്ലുവിളി ഏറ്റെടുത്ത്, സിവില്‍നിയമപരമായ കൂടുതല്‍ സൂക്ഷ്മതയോടെ നമ്മുടെ പുതിയ നിയമസംഗ്രഹത്തിന്റെ ഡ്രാഫ്റ്റ് ജനുവരി മാസത്തോടെ തയ്യാറാക്കി സിവില്‍ നിയമവിദഗ്ദ്ധരും ക്‌നാനായ അഭിഭാഷകരുമായി കൂടുതല്‍ ചര്‍ച്ച ചെയ്ത് പരിഷ്‌ക്കരിക്കുന്നതാണെന്നു രൂപതാദ്ധ്യക്ഷന്‍ അറിയിച്ചിട്ടുണ്ട്.