Cardinal George Alencherry assured his support for preserving the Knanaya heritage and get to know its traditions.
ക്‌നാനായ സമുദായത്തിന്റെ പൈതൃകസംരക്ഷണത്തിനും സഭാത്മകവളർച്ചയ്ക്കും പിന്തുണ വാഗ്ദാനം ചെയ്ത് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി .
ക്‌നാനായ സമുദായത്തിന്റെ തനതായ പൈതൃകസംരക്ഷണത്തിനും ഭാവിയിൽ സമുദായത്തിന്റെ സമഗ്ര വളർച്ചയ്ക്കും ആവശ്യമായ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർജോർജ്ജ് ആലഞ്ചേരി അറിയിച്ചു. കോട്ടയം അതിരൂപതയുടെ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ പുതിയ കേന്ദ്രഭരണസമിതി ഭാരവാഹികൾ അഭിവന്ദ്യപിതാവിനെ സന്ദർശിച്ചപ്പോഴാണ് പിതാവ് ഇക്കാര്യം അറിയിച്ചത്. ക്‌നാനായ സമുദായത്തിന്റെ വളർച്ചയിൽ സീറോ മലബാർ സഭ എക്കാലവും സന്തോഷിക്കുന്നു. കൂടാതെ ക്‌നാനായ സമുദായം സ്വീകരിച്ചതും സംരക്ഷിച്ചതുമായ പൈതൃകങ്ങളും പാരമ്പര്യങ്ങളും പൊതുസമൂഹത്തിന് ഈ സമുദായം നൽകിയ പ്രേഷിതചൈതന്യവും സീറോ മലബാർ സഭ സന്തോഷത്തോടെ അനുസ്മരിക്കുന്നു. മേജർ ആർച്ചുബിഷപ്പും മെത്രാന്മാരുടെ സിനഡും ക്‌നാനായ സമുദായത്തിനുവേണ്ടിയുള്ള കോട്ടയം അതിരൂപതയുടെ വളർച്ചയിലും ലോകത്തിന്റെ നാനാഭാഗങ്ങളിൽ താമസിക്കുന്ന ക്‌നാനായ ജനതയുടെ വളർച്ചയിലും സാധിക്കുന്ന എല്ലാ പിന്തുണകളും തുടർന്നും നൽകുന്നതാണ്.
ക്‌നാനായ സമുദായാംഗങ്ങളുള്ള സ്ഥലങ്ങളിലെല്ലാം പരിശുദ്ധ സിംഹാസനത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് സഭാസംവിധാനങ്ങളൊരുക്കുവാൻ സഭസിനഡ് ശ്രമിച്ചു വരികയാണ്. കൂടാതെ ഈ സമുദായത്തിന്റെ ആവശ്യങ്ങൾ പ്രത്യേകിച്ച് പ്രവാസികളായ ക്‌നാനായ മക്കളുടെ ആവശ്യങ്ങൾ പരിശുദ്ധ സിംഹാസനത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും സഭാസിനഡ് പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ട്.
സമുദായം ഇന്നു നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ കെ.സി.സി ഭാരവാഹികൾ വലിയ പിതാവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. ലോകമെമ്പാടുമുള്ള ക്‌നാനായ മക്കൾക്ക് തങ്ങളുടെ പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കാനുതകുന്ന സഭാസംവിധാനങ്ങൾ കൂടുതലായി അനുവദിക്കുന്ന കാര്യത്തിൽ പരിശുദ്ധ സിംഹാസനത്തിൽ നിന്നുള്ള നടപടികൾക്കായുള്ള പരിശ്രമങ്ങൾ തുടരുകയാണെന്നും പിതാവ് അറിയിച്ചു. അധികാര പരിധിക്കു പുറത്തുള്ള സീറോ മലബാർ രൂപതകളിൽ സഭാപരമായ ക്രമീകരണമൊരുക്കുന്നതിന് സിനഡ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അതത് രൂപതാദ്ധ്യക്ഷന്മാർ വേണ്ട ക്രമീകരണങ്ങൾ ചെയ്യണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഓരോ രൂപതയിലെയും സാഹചര്യങ്ങൾക്കനുസരിച്ച് അതത് രൂപതാദ്ധ്യക്ഷന്മാർ അത് ക്രമീകരിക്കുന്നതാണെന്നും പിതാവ് അറിയിച്ചു. ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും പാതയിൽ സമുദായ അംഗങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുകയും സഭയോടുചേർന്നു നിന്ന് അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സമർപ്പിതരും അൽമായ സഹോദരങ്ങളും കൂട്ടായി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്ത് മാത്രമേ മുമ്പോട്ടുള്ള വളർച്ച സുഗമമാകൂ എന്നും അഭിവന്ദ്യ പിതാവ് സൂചിപ്പിക്കുകയുണ്ടായി.
കോട്ടയം രൂപതാദ്ധ്യക്ഷന് ലോകമെമ്പാടുമുള്ള ക്‌നാനായ ജനതയുടെ മേൽ അജപാലന അധികാരം ലഭിക്കേണ്ടതിന്റെ ആവശ്യകത, സീറോ മലബാർ സഭയുടെ അധികാര പരിധിക്കു പുറത്ത് ക്‌നാനായ പൈതൃകം കൂടുതൽ കൃത്യതയോടുകൂടി നിലനിർത്തിക്കൊണ്ടുപോകുവാനുള്ള സഭാസംവിധാനങ്ങൾ, ക്‌നാനായ ആചാരങ്ങളുടെയും പൈതൃകങ്ങളുടെയും ഉറവിടത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും നടക്കുന്ന തെറ്റായ പ്രചരണങ്ങൾ, മലങ്കര വിഭാഗത്തിനുൾപ്പടെ ക്‌നാനായക്കാർക്ക് കൂടുതൽ മേൽപ്പട്ട ശുശ്രൂഷകരെ ലഭിക്കേണ്ടതിന്റെ ആവശ്യകത എന്നിങ്ങനെ ക്‌നാനായ സമുദായം ഇന്നഭിമുഖീകരിക്കുന്നതും പരിഹാരം തേടുന്നതുമായ ആവശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള കത്ത് കെ.സി.സി. പ്രസിഡന്റ് തമ്പി ഏരുമേലിക്കര മേജർ ആർച്ചുബിഷപ്പിന് സമർപ്പിച്ചു. പ്രസ്തുത വിഷയങ്ങളിന്മേലുള്ള ചർച്ചകളിൽ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും പങ്കെടുക്കുകയുണ്ടായി.
കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, കെ.സി.സി അതിരൂപതാ ചാപ്ലെയിൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വൈസ് പ്രസിഡന്റ് തോമസ് അരയത്ത്, ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, ട്രഷറർ ഡോ.ലൂക്കോസ് പുത്തൻപുരയ്ക്കൽ, എ.കെ.സി.സി പ്രതിനിധി ഷാജി കണ്ടശ്ശാംകുന്നേൽ, എ.ഐ.സി.യു പ്രതിനിധി തോമസ് ആക്കാത്തറ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
തമ്പി എരുമേലിക്കര ബിനോയി ഇടയാടിയിൽ
പ്രസിഡന്റ് ജനറൽ സെക്രട്ടറി
മീഡിയ കമ്മീഷൻ കോട്ടയം
5/3/2020