വിശ്വാസത്തിന്റെ കണ്ണുകളോടെ വേണം വി. ഗ്രന്ഥം വായിക്കാനും വ്യാഖ്യാനിക്കുവാനുമെന്ന് മാര്‍ ജോസഫ് പണ്ടാരശേരില്‍. കോട്ടയം അതിരൂപത ബൈബിള്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ ദൈവശാസ്ത്ര കോഴ്‌സ് ആഗസ്റ്റ് 18, 2019 ന് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭി. സഹായമെത്രാന്‍.
അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 48 പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ കോഴ്‌സ് വടവാതൂര്‍ സെമിനാരിയുടെ അധ്യായനവിഭാഗമായ പൗരസ്ത്യ വിദ്യാപീഠവുമായാണ് affiliate ചെയ്തിരിക്കുന്നത്. ദൈവശാസ്ത്രവിചിന്തനങ്ങളുടെ ആത്മാവ് വി. ഗ്രന്ഥമായതിനാല്‍, വി. ബൈബിളിള്‍ അടിസ്ഥാനമൂന്നിയ പഠനമാണ് കോഴ്‌സില്‍ നടത്തപ്പെടുന്നത്. സഭയോട് ചേര്‍ന്ന് ദൈവശാസ്ത്രത്തിലാഴപ്പെട്ട് വചനപഠനം നടത്തുന്നത് ക്‌നാനായ സമുദായത്തിന്റെ ആത്മീയവളര്‍ച്ചയ്ക്ക് കരുത്തേകുമെന്ന് അധ്യക്ഷപ്രസംഗം നടത്തിയ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സൂചിപ്പിച്ചു. പുതിയനിയമ പുസ്തകങ്ങള്‍ക്കുള്ള ആമുഖമെന്ന ആദ്യദിവസത്തെ ക്ലാസ് നയിച്ചത് വടവാതൂര്‍ സെമിനാരി പ്രൊഫസാറായ റവ. ഡോ. തോമസ് വടക്കേലായിരുന്നു. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സജി കൊച്ചുപറമ്പില്‍ സ്വാഗതവും ഫാ. മാത്യു കൊച്ചാദംപള്ളില്‍ ആശംസയും നേര്‍ന്ന സമ്മേളനത്തിന് ബൈബിള്‍ കമ്മീഷനംഗം ശ്രീ സ്റ്റീഫന്‍ ജോസഫ് നടുവീട്ടില്‍ നന്ദിയും അര്‍പ്പിച്ചു.