9567789732, 0481 - 2790948 (Reception) | 9400331281 (Office)

Arogyamatha Knanaya Catholic Church, Kadaba, South Kanara

Arogyamatha Knanaya Catholic Church, Kadaba,  South Kanaraമദ്ധ്യതിരുവിതാംകൂറില്‍ നിന്നും കേരളത്തിന്റെ വടക്കേ അതിര്‍ത്തിയും കടന്ന് മംഗലാപുരത്ത് നിന്നും ഏകദേശം 80 കി.മീ. അകലെയുള്ള കടബായിലെത്തി ജീവിതമാരംഭിച്ചവരാണ് കടബാപള്ളി പണികഴിപ്പിച്ച ക്‌നാനായമക്കള്‍ .
1951 മാര്‍ച്ച് 17-ാം തീയതി കോട്ടയം രൂപതയിലെ ചാമക്കാലാപള്ളി ഇടവകാംഗമായ മാമ്പള്ളില്‍ കുര്യനും മറ്റുചിലരും കടബയില്‍ വന്നു സ്ഥലം മേടിക്കുകയും തിരിച്ചുപോയി തന്റെ കുടുംബത്തില്‍പ്പെട്ട കോറുമഠത്തില്‍ കുര്യാക്കോസ് മത്തായി, ചമ്പക്കര സ്റ്റീഫന്‍ മത്തായി എന്നിവരുടെ കുടുംബത്തെകൂടി കൂട്ടിക്കൊണ്ടുവന്നു ഇവിടെ താമസമാരംഭിച്ചു. 1953-ല്‍ കടുത്തുരുത്തി വലിയ പള്ളി ഇടവക കുന്നശ്ശേരിലായ ചമ്പന്നിയില്‍ ചാച്ചിയമ്മ ചുമ്മാരും കുടുംബവും അതിനു പിന്നാലെ പേരൂര്‍ ചമ്പക്കര മാത്യുവും കുടുംബവും കരിങ്കുന്നം പുളിക്കപ്പനാട്ട് സൈമനും കുടുംബവും ഇവിടെ വന്നുചേര്‍ന്ന് 1980 -ല്‍ മലബാറിലെ പന്നി യാലില്‍ നിന്നും പുളിക്ക്പ്നാട്ട് തോമസും കുടുംബവും 1992-ല്‍ കുടല്ലൂര്‍ പള്ളിയിടവക കല്ലംതൊട്ടില്‍ ജോസും കുടുംബവും മുട്ടം പള്ളി ഇടവക, തറയേല്‍ ജോസും കുടുംബവും ഇവിടേക്ക് എത്തിച്ചേര്‍ന്നു.
ഇവിടെവന്ന് ഭാഷയോടും സംസ്‌കാരത്തോടും അനുരൂപപ്പെട്ട് ജീവിച്ച ഇവര്‍ അഭിവന്ദ്യ തറയില്‍ പിതാവിന്റെ ശുപാര്‍ശപ്രകാരം ലത്തീന്‍ രൂപതയായ മംഗലാപുരം രൂപതയുടെ കീഴിലുള്ള സെന്റ് ജോക്കിംസ് പള്ളിയിലാണ് 1987 വരെ തങ്ങളുടെ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചത്.
ഇങ്ങനെ ജീവിക്കുമ്പോള്‍ തങ്ങളുടെ തനതായ പാരമ്പര്യവും സംസ്‌കാരവും നശിച്ചു പോകുമെന്ന് കണ്ട് അന്നുണ്ടായിരുന്ന കാരണവന്മാര്‍ ഒത്തുകൂടി പള്ളിക്കായി അഭി. കുന്നശ്ശേരി പിതാവിന് ഒരു നിവേദനം സമര്‍പ്പിച്ചു. അതിന്‍പ്രകാരം കീഴങ്ങാട്ട് ബഹു. ജോസ് അച്ചനും തറയ്ക്കല്‍ ബഹു. ജോസച്ചനും ഇവിടെ വരുകയും അഭിവന്ദ്യ പിതാവിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പിന്നീട് ബഹു. കീഴങ്ങാട്ട് ജോസച്ചന്റെ നേതൃത്വത്തില്‍ ഇവിടെ ഒരു യോഗം ചേരുകയും പള്ളിക്ക് സ്ഥലമന്വേഷിക്കുകയും ചെയ്തതിന്‍ ഫലമായി കോറുമഠത്തില്‍ കുര്യാക്കോസും ചമ്പന്നിയില്‍ ഫിലിപ്പും 50 സെന്റ് സ്ഥലം വീതം പള്ളിക്ക് ദാനമായി നല്കാമെന്ന് സമ്മതിക്കുകയും ചെയ്തു.
അതിന്‍പ്രകാരം 1988-ല്‍ കടബ പള്ളിയുടെയും ഉത്തരവാദിത്വത്തോടുകൂടി നെല്ലിയാടി പളളിയില്‍ വികാരിയായി വന്ന പുതുപ്പറമ്പില്‍ ബഹു. ജോര്‍ജ് അച്ചന്റെ നേതൃത്വത്തില്‍ പള്ളി പണി ആരംഭിക്കാന്‍ തീരുമാനമായി.
1998 സെപ്റ്റംബര്‍ 8-ന് മാതാവിന്റെ ജനനത്തിരുനാള്‍ ദിവസം അന്ന് മലബാര്‍ റീജന്‍ വികാരി ജനറാളായിരുന്ന മാവേലില്‍ ബഹു. മാത്യു അച്ചന്‍ കടബായില്‍ പള്ളിക്ക് തറക്കല്ലിട്ടു. പിന്നീട് വികാരിയായി വന്ന കൊളക്കാട്ടുകൂടിയില്‍ ബഹു. സ്റ്റീഫനച്ചനാണ് പള്ളി പണി പൂര്‍ത്തീകരിച്ചത്.
1993-ല്‍ അഭി. കുന്നശ്ശേരി പിതാവ് മലബാര്‍ വികാരി ജനറാളായിരുന്ന കൂന്തമറ്റത്തില്‍ ബഹു.ജയരാജ് അച്ചന്റെയും അനേകം വൈദികരുടെയും വിശ്വാസികളുടെയും മന്ത്രിമാരുടെയും മറ്റു നേതാക്കന്മാരുടെയും സാന്നിധ്യത്തില്‍ പള്ളിയുടെ വെഞ്ചരിപ്പു കര്‍മ്മം നിര്‍വഹിച്ചു. അന്നേ ദിവസം തന്നെ ഈ പ്രദേശെത്ത ആദ്യ സംരംഭമായ ക്‌നാനായ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഉദ്ഘാടനവും അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു.
ഈ പള്ളിയുടെ ആദ്യ വികാരിയായി കരിമ്പില്‍ ബഹു. ലൂക്കാച്ചനാണ് നിയമിതനായത്. 2001 നവംബര്‍ 23-ന് കോട്ടയം രൂപതയിലെ എല്‍.ഡി.എസ്.ജെ.ജി. സിസ്റ്റേഴ്‌സ് ഇവിടെ ശുശ്രൂഷ ആരംഭിച്ചു.
വെറും ഇരുപത്തി അഞ്ച് കുടുംബങ്ങള്‍ മാത്രമുള്ള ഈ ഇടവക വിദ്യാഭ്യാസത്തിലും ദൈവവിളിയിലും സമ്പന്നമാണ്. ഈ ഇടവകാംഗങ്ങളായ ചമ്പക്കര തോമസച്ചന്‍ ബല്‍ഗാം രൂപതയിലും പുളിക്കപ്നാട്ട് ഷോബിയച്ചന്‍ മിയാവ് രൂപതയിലും മാംപള്ളില്‍ സി.എലിസബത്ത് സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലും ശുശ്രൂഷ ചെയ്യുന്നു.
ചെമ്പനിയില്‍ സൈമണ്‍ ജോസഫ് കടബ ടൗണില്‍ ഒരു കുരിശുപള്ളി നിര്‍മ്മിച്ച് നല്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Golden Jubilee Celebrations
Micro Website Launching Ceremony