കണ്ണൂര്‍ ജില്ലയിലെ അരയങ്ങാട്, കോളയാട് ലത്തീന്‍ പള്ളിയുടെ ഒരു കുരിശുപള്ളി 1952 മെയ് 9-ാം തീയതി സ്ഥാപിതമായി. ഇത് കര്‍മ്മലീത്താ അച്ചന്‍മാര്‍ ഏറ്റെടുത്ത് മാസത്തില്‍ ഒരു കുര്‍ബ്ബാനവീതം ഇവിടെ നടത്തിക്കൊണ്ടിരുന്നു. ഈ ഭാഗത്തെ ക്‌നാനായക്കാര്‍ക്ക് സ്വന്തമായി ഒരു പള്ളി വേണമെന്ന ചിന്ത ഉദിക്കുകയും അത് അഭി. പിതാവിനോട് പറയുകയും ചെയ്തു. അദ്ദേഹം കോളയാട് പള്ളിവികാരിയുമായി ബന്ധപ്പെടുകയും ക്‌നാനായക്കാരുടെ ആത്മീയകാര്യങ്ങള്‍ നിര്‍വഹിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. സ്വന്തമായി ഒരു പള്ളിവേണമെന്ന ആഗ്രഹം കൂടുതലായപ്പോള്‍ അഭിവന്ദ്യ പിതാവ് 1974 നവം. 24 ന് തലശ്ശേരി രൂപതയുടെ രണ്ടേക്കര്‍ സ്ഥലവും ചെറിയ പള്ളിയും വിലയ്‌ക്കെടുത്തു. 1974 ഡിസം. 1 മുതല്‍ കോട്ടയം രൂപതയുടെതായ പള്ളിയുടെ പ്രഥമ വികാരി ബ. കവണാന്‍ തോമസച്ചനായിരുന്നു. ബ. അച്ചന്റെ കാലത്ത് പള്ളി മുറി പണികഴിപ്പിച്ചു. മാറി മാറി വന്ന വികാരിമാര്‍ പള്ളിയുടെ വിവിധങ്ങളായ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു.
ആത്മീയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ജനാഭിപ്രായത്തെ അങ്ങേയറ്റം മാനിച്ചുകൊണ്ടുള്ളതായിരുന്നു. പള്ളിയ്ക്ക് സ്റ്റേജ്, റബ്ബര്‍ ഫാക്ടറി, കുരിശുപള്ളി മുതലായവയെല്ലാം നിര്‍മ്മിക്കുവാന്‍ സാധിച്ചു. ലിറ്റില്‍ ഡോട്ടേഴ്‌സ് ഓഫ് സെന്റ് ജോണ്‍ ഗില്‍ബര്‍ട്ടിന്റെ സന്യാസഭവനം ഇവിടെ ആരംഭിച്ചു. ഇതിന്റെ വെഞ്ചരിപ്പ് അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവാണ് നിര്‍വഹിച്ചത്. ഒരു നേഴ്‌സറി സ്‌കൂളും സിസ്റ്റേഴ്‌സ് നടത്തുന്നുണ്ട്. പാരീഷ് ഹാളിനുള്ള പണി പുരോഗമിക്കുന്നു.
ഫെബ്രുവരി ആദ്യ ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രധാനതിരുനാള്‍ ആചരിക്കുന്നു. ആഗസ്റ്റ് 15 ന് ഇടവകമദ്ധ്യസ്ഥയായ പരി.കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണത്തിരുന്നാള്‍ സാഘോഷം കൊണ്ടാടുന്നു. അവശരും ആലംബഹീനരുമായവര്‍ക്കായി ഒരു സ്‌നേഹ ഭവന്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.