ദൈവവചന പഠനം വിശുദ്ധിയിലേയ്ക്കുള്ള വഴി: മാര്‍ മാത്യു മൂലക്കാട്ട്
ദൈവവചന വായനയും പഠനവും നമ്മെ വിശുദ്ധിയുടെ വഴിയിലൂടെ മുന്നേറുവാന്‍ സഹായിക്കുന്നുവെന്ന് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ 21 December 2019 ല്‍ നടന്ന കോട്ടയം അതിരൂപത ലോഗോസ് ക്വിസ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വചനപഠനം മത്സരവിജയത്തോടൊപ്പം രക്ഷകനായ ഈശോയെ അറിയുവാനും സ്‌നേഹിക്കുവാനും വിശുദ്ധിയില്‍ വളരുവാനും നമ്മെ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സജി കൊച്ചുപറമ്പില്‍, ഷെല്ലി ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും 2019 ലെ ലോഗോസ് ക്വിസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയവരുടെ പ്രതിഭാസംഗമമാണ് നടത്തപ്പെട്ടത്. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 250 ഓളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു.