പൗരസ്‌ത്യ സഭയുടെ കാനന്‍ നിയമസംഹിത നിര്‍ദ്ദേശിച്ചിരിക്കുന്ന രീതിയില്‍ (CCEO c.235-242) കോട്ടയം അതിരൂപതയുടെ മൂന്നാമത് അതിരൂപതാ അസംബ്ലി 2014 സെപ്‌റ്റംബര്‍ 9 മുതല്‍ 12 വരെ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തപ്പെടുകയാണ്. അതിരൂപതയിലെ വൈദികരുടെയും സമര്‍പ്പിതരുടെയും അല്‍മായരുടെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന അതിരൂപതാ അസംബ്ലി അതിരൂപതാധ്യക്ഷനാല്‍ വിളിച്ചു ചേര്‍ക്കപ്പെടുന്നത് അജപാലനപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും സഭാ ശുശ്രൂഷകള്‍ക്ക് കൂടുതല്‍ സുവിശേഷാത്മകമായ രൂപഭാവങ്ങള്‍ നല്‍കുന്നതിനുമുതകുന്ന ചിന്തകളും ആശയങ്ങളും നിര്‍ദ്ദേശങ്ങളും വഴി അതിരൂപതാധ്യക്ഷനെ സഹായിക്കുന്നതിനുമാണ് (c. 235). കൂടാതെ അതാത് കാലഘട്ടത്തിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അതിരൂപതയുടെ പൊതുനന്മയെ ലക്ഷ്യമാക്കി അജപാലനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനുതകുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ അതിരൂപതാ അസംബ്ലിക്ക് കഴിയും. അതിരൂപതയില്‍ ആകമാനമുള്ള ഐക്യബോധവും കൂട്ടായ്‌മയും ഊട്ടിഉറപ്പിക്കുന്നതിനും പൊതുവായ നേട്ടങ്ങളേയും കോട്ടങ്ങളേയും വസ്‌തുനിഷ്‌ഠമായി വിലയിരുത്തി പ്രായോഗിക കര്‍മ്മപരിപാടികള്‍ക്ക് രൂപം കൊടുക്കുവാനും സാധിക്കുന്നു.
മാര്‍തോമാ ക്രിസ്‌ത്യാനികളുടെ ഇടയില്‍ സഭായോഗങ്ങള്‍ കൂടി കാര്യങ്ങള്‍ തീരുമാനിച്ചിരുന്ന പുരാതന പാരമ്പര്യത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് അതിരൂപതാ അസംബ്ലികള്‍. സഭ ദൈവജനത്തിന്റെ കൂട്ടായ്‌മയാണെന്നും ആ കൂട്ടായ്‌മയിലെ വിവിധ ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുന്നവരാണ് മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അല്‍മായരും എന്നുള്ള അടിസ്ഥാന കാഴ്‌ചപ്പാടാണ് ഈ യോഗത്തില്‍ പ്രതിഫലിക്കുന്നത്.
അതിരൂപതാ അസംബ്ലി എപ്പോഴൊക്കെയാണ് വിളിച്ചു കൂട്ടേണ്ടതെന്ന് സഭാനിയമം വ്യക്തമായി പ്രതിപാദിക്കുന്നില്ലെങ്കിലും ആവശ്യവും ഉപകാരപ്രദവുമെന്ന് കാണുന്ന സമയത്ത് അതിരൂപതാധ്യക്ഷന് വൈദികസമിതിയുമായി (Presbyteral Council) ആലോചിച്ചു വിളിച്ചു ചേര്‍ക്കാവുന്നതാണ് (c. 236). 2014 ഓഗസ്റ്റ് 13-ാം തീയതി കൂടിയ വൈദികസമിതിയുമായി ആലോചിച്ച് മൂന്നാമത് അതിരൂപതാ അസംബ്ലി കൂടുവാന്‍ തീരുമാനിക്കുകയും അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പിതാവിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങളാരംഭിക്കുകയും ചെയ്‌തു.
സഭാത്മകമായ കൂട്ടായ്‌മയില്‍ അതിരൂപതാഅസംബ്ലി തീരുമാനങ്ങള്‍ നടപ്പിലാക്കപ്പെടുന്നത് അതിരൂപതയുടെ നന്മയ്‌ക്ക് വഴി തെളിക്കുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ രൂപതകളില്‍ നിയമനിര്‍മ്മാണാധികാരം മെത്രാന്മാരില്‍ മാത്രം നിക്ഷിപ്‌തമായതിനാല്‍ അതിരൂപതാ അസംബ്ലി തീരുമാനങ്ങള്‍ അതിനാല്‍ ത്തന്നെ നിയമമാകുന്നില്ല. അതിരൂപതാധ്യക്ഷന്‍ അംഗീകരിക്കുമ്പോഴും അംഗീകരിക്കുന്ന വിധത്തിലും മാത്രമേ അവയ്‌ക്ക് നിയമസാധുത ലഭിക്കുകയുള്ളൂ (C.241).
കാലത്തിന്റെ ചുവരെഴുത്തുകള്‍ മനസ്സിലാക്കിയും വെല്ലുവിളികള്‍ കണക്കിലെടുത്തും പ്രാര്‍ത്ഥനയുടെയും പഠനങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ അതിരൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ ദൈവജനം മുഴുവന്റെയും സജീവ സഹകരണം ഉറപ്പുവരുത്തുന്നതില്‍ അതിരൂപതാ അസംബ്ലിക്ക് വലിയ പങ്കുവഹിക്കുവാന്‍ സാധിക്കും.
2000-ാം മാണ്ട് സെപ്‌റ്റംബര്‍ 11 മുതല്‍ 15 വരെ നടന്ന പ്രഥമ അതിരൂപതാ അസംബ്ലിയും, ശതാബ്‌ദി ആചരണത്തിനൊരുക്കമായി 2008 ജനുവരി 9 മുതല്‍ 11 വരെ നടന്ന രണ്ടാമത് അതിരൂപതാ അസംബ്ലിയും ഇക്കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. ആദ്യത്തെ അതിരൂപതാ അസംബ്ലിയില്‍ ക്‌നാനായസമുദായത്തിന്റെ ക്രൈസ്‌തവസാക്ഷ്യത്തെപ്പറ്റി വിശദമായ വിലയിരുത്തലുകള്‍ നടന്നു. ക്‌നാനായ സമുദായാംഗങ്ങള്‍ രൂപതയ്‌ക്കകത്തും പുറത്തും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സമഗ്രമായ പഠനത്തിലൂടെ നിയതമായ കര്‍മ്മപരിപാടികള്‍ നടപ്പിലാക്കാനും സാധിച്ചു. രണ്ടാമത്തെ അതിരൂപതാ അസംബ്ലി പ്രധാനമായും ലക്ഷ്യം വച്ചത് ശതാബ്‌ദി ആഘോഷങ്ങള്‍ക്കായി അതിരൂപതയെ ഒരുക്കുക എന്നതായിരുന്നു. കുടുംബം, ഇടവക, അതിരൂപത എന്നീ തലങ്ങളില്‍ മൂന്നു വര്‍ഷങ്ങള്‍കൊണ്ട് വിവിധങ്ങളായ കര്‍മ്മപരിപാടികളോടെ സമുദായാംഗങ്ങളെ തനിമയിലും ഒരുമയിലും വിശ്വാസനിറവിലേക്കും നയിക്കുവാന്‍ ഈ അസംബ്ലിക്ക് സാധിച്ചു.
`ഐക്യത്തിലും ശുശ്രൂഷയിലും വിശ്വാസവെളിച്ചത്തിലേക്ക്’ എന്നതാണ് മൂന്നാമത് അതിരൂപതാഅസംബ്ലിയുടെ ആദര്‍ശവാക്യം. അതിരൂപതാഅസംബ്ലിയില്‍ ചര്‍ച്ചയ്‌ക്കായി നിശ്ചയിച്ചിരിക്കുന്ന എല്ലാ വിഷയങ്ങളും ഏറെ പ്രാധാന്യമുള്ളതാണെങ്കിലും ഇത്തവണ ഏറ്റവും കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നത് റോമില്‍ നടക്കുന്ന മെത്രാന്‍ സിനഡിന്റെ വിഷയമായ `സുവിശേഷവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബം നേരിടുന്ന അജപാലന വെല്ലുവിളികള്‍’എന്നതാണ്.
നമ്മുടെ അജപാലനപ്രവര്‍ത്തനങ്ങളെല്ലാം കുടുംബജീവിതത്തെ ആഴമായി സ്വാധീനിച്ചെങ്കില്‍ മാത്രമേ വ്യക്തികളിലും, ഇടവകയിലും, സഭയിലും, സമൂഹത്തിലും സ്ഥായിയായ സത്‌ഫലങ്ങള്‍ ഉണ്ടാകുകയുള്ളൂ. മാതൃകാപരമായി കുടുംബത്തെ വളര്‍ത്തി ജീവിതത്തിന്റെ വിവിധ തുറകളെ ചൈതന്യനിര്‍ഭരമാക്കാന്‍ നമുക്ക് സാധിക്കണം. പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കും, സമര്‍പ്പിത ജീവിതത്തിന്റെ മറ്റ് മേഖലകളിലേക്കും ദൈവവിളി ഉണ്ടാകണമെങ്കില്‍ കുടുംബജീവിതത്തിന്റെ വിശുദ്ധിയും മഹത്വവും സംരക്ഷിക്കുന്ന മാതൃകകള്‍ ഉണ്ടാകണം. കുടുംബങ്ങള്‍ തമ്മിലുള്ള കൂട്ടായ്‌മയും പങ്കുവയ്‌ക്കലും വളര്‍ത്തി പാവപ്പെട്ടവരുടെ കണ്ണീരൊപ്പി ക്രിസ്‌തീയ അരൂപിയില്‍ സമൂഹത്തെ വളര്‍ത്തുവാനുതകുന്ന തീരുമാനങ്ങള്‍ അതിരൂപതാ അസംബ്ലിയിലുണ്ടാകണം. അതോടൊപ്പം സമുദായ അംഗങ്ങള്‍ തമ്മിലുള്ള ഐക്യവും അജപാലനപരമായ കാര്യങ്ങളില്‍ കൂടുതല്‍ ഫലദായകത്വവുമുണ്ടാകാന്‍ ഈ അസംബ്ലി ഇടയാക്കുമെന്ന് പ്രത്യാശിക്കാം. നമ്മുടെ കുടുംബങ്ങള്‍ ക്രിസ്‌തീയചൈതന്യം നിറഞ്ഞതും, പ്രാര്‍ത്ഥനയിലും പരസ്‌നേഹ പ്രവര്‍ത്തിയിലും ശ്രദ്ധയുള്ളതും, ദൈവവചനത്തിലും കൂദാശാ സ്വീകരണത്തിലും അധിഷ്‌ഠിതവും, പാവപ്പെട്ടവരോട് ആഭിമുഖ്യമുള്ളതുമായിത്തീരാന്‍ സഹായിക്കത്തക്കവിധം ഫലപ്രദമായ കര്‍മപരിപാടികള്‍ ഒരുക്കാന്‍ സാധിച്ചാല്‍ അത് ഈ അസംബ്ലിയുടെ വലിയ നേട്ടമായിരിക്കും. അതിന്റെ സല്‍ഫലങ്ങള്‍ നമ്മുടെ അതിരൂപതയുടെ എല്ലാ പ്രവര്‍ത്തനമേഖലകളിലും വ്യക്തമായി പ്രതിഫലിക്കുകയും ചെയ്യും.
പരിശുദ്ധ മാര്‍പാപ്പായുടെ ഒരു `ഫ്രാന്‍സിസ് ഇഫക്‌ട്’ ലോകം മുഴുവനും ഒരു ഇളങ്കാറ്റുപോലെ വീശുന്ന ഈ കാലഘട്ടത്തില്‍ സുവിശേഷമൂല്യങ്ങളും ക്രിസ്‌തീയ ലളിതജീവിതശൈലിയും കൂട്ടി യോജിപ്പിച്ച് നമ്മുടെ ക്രൈസ്‌തവജീവിതത്തെ ജ്വലിപ്പിക്കുവാനുള്ള അവസരമാണിത്. ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിക്കൊണ്ടിരിക്കുന്ന വിനയത്തിന്റെയും ലാളിത്യത്തിന്റെയും സന്ദേശങ്ങള്‍ നമ്മളെല്ലാവരും ഹൃദയത്തില്‍ ഏറ്റുവാങ്ങണം. വൈദിക-സന്യസ്‌ത-അല്‍മായ ശുശ്രൂഷകളിലെ മുന്‍ഗണനയും ശൈലീമാറ്റവും, അല്‍മായ പങ്കാളിത്തവും നേതൃത്വവും, മലബാര്‍ കുടിയേറ്റ പ്ലാറ്റിനംജൂബിലി, പ്രവാസി ക്‌നാനായക്കാരുടെ അജപാലന പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളും മൂന്നാം അതിരൂപതാ അസംബ്ലി ചര്‍ച്ച ചെയ്യുന്നതാണ്.
അസംബ്ലി കൂടുവാന്‍ തീരുമാനിച്ചതു മുതല്‍ സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ സബ്‌കമ്മിറ്റികള്‍ രൂപീകരിച്ച് അതിരൂപതാ യോഗത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ നിശ്ചയിച്ച് മാര്‍ഗ്ഗരേഖ (Lineamenta) തയ്യാറാക്കുകയുണ്ടായി. ഈ രേഖകള്‍ ഇടവക സമൂഹത്തിലും സംഘടനകളിലും സന്യാസസമൂഹങ്ങളിലും ചര്‍ച്ച ചെയ്‌ത് ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയാണ് അസംബ്ലിയില്‍ അവതരിപ്പിക്കുവാനുള്ള വിഷയാവതരണരേഖ (Instrementum Laboris) തയ്യാറാക്കിയിട്ടുള്ളത്.
കോട്ടയം അതിരൂപതയിലെ വിവിധ വിഭാഗങ്ങളിലെ പ്രതിനിധികള്‍ ആയി 130 പേര്‍ അസംബ്ലിയില്‍ പങ്കെടുക്കും. സെപ്‌റ്റംബര്‍ 9-ാം തീയതി വൈകുന്നേരം 5.30ന് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്‌ഘാടനം ചെയ്യും. ചിങ്ങവനം ഭദ്രാസനം മെത്രാപ്പോലീത്ത മാര്‍ സേവേറിയൂസ് ആമുഖപ്രഭാഷണം നടത്തും. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ വിവിധ സെഷനുകളിലായി ഫാ. ജോസ് കോട്ടയില്‍, പ്രൊഫ. റ്റി.എം. ജോസഫ് തെക്കംപെരുമാലില്‍, ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. സിറിയക് പടപുരയ്‌ക്കല്‍, ഫാ. എബ്രാഹം പറമ്പേട്ട്, ഫാ. ജോസ് ചിറപ്പുറത്ത് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 12-ാം തീയതിയിലെ സമാപന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ അര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കും. സെപ്‌റ്റംബര്‍ 12-ാം തീയതി ഉച്ചയോടുകൂടി 3-ാമത് അതിരൂപതാ അസംബ്ലി സമാപിക്കുന്നതാണ്.
പൗരസ്‌ത്യ കാനന്‍ നിയമത്തിന്റെയും സീറോ മലബാര്‍ പൈതൃകത്തിന്റെയും വെളിച്ചത്തില്‍ നമ്മുടെ അതിരൂപതയെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന വൈദികരുടെയും സമര്‍പ്പിതരുടെയും അല്‍മായരുടെയും ഈ കൂടിവരവ് ദൈവാനുഗ്രഹപ്രദമായിത്തീരുന്നതിന് എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാകണമെന്ന് അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ആഹ്വാനം ചെയ്‌തു. ഈശോമിശിഹായ്‌ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു സ്‌നേഹസമൂഹമായി മാറാന്‍ ഈ സമ്മേളനം നമ്മെ സഹായിക്കട്ടെ.