കോട്ടയം: അപ്നാദേശ് ടിവി കാലഘട്ടത്തിന്റെ വഴികാട്ടിയെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. അതിരൂപതയിലെ മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ പുതുതായി തുടക്കം കുറിക്കുന്ന യൂ ട്യൂബ് ചാനലായ അപ്നാദേശ് ടിവിയുടെ സ്വിച്ച് ഓൺ കർമ്മം അതിരൂപതാ മെത്രാസന മന്ദിരത്തിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളിൽ വിശ്വാസി സമൂഹത്തിന് വിശ്വാസ വെളിച്ചം പകരുവാൻ മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അതിരൂപതയുടെ ഔദ്യോഗിക വാർത്താപത്രികയായ അപ്നാദേശിലൂടെ സാധിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയുള്ള മീഡിയ കമ്മീഷന്റെ അടുത്ത ചുവടുവയ്പായ അപ്നാദേശ് ടിവി വിശ്വാസ സഹസ്രങ്ങൾക്ക് ഊർജ്ജവും കരുതലും നൽകട്ടെയെന്നും അദ്ദേഹം പറഞ്ഞു. നിയുക്തസഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, തോമസ് ചാഴികാടൻ എം.പി, അതിരൂപതാ അൽമായ സംഘടനാ പ്രസിഡന്റുമാരായ തമ്പി എരുമേലിക്കര, പ്രൊഫ. മേഴ്‌സി ജോൺ, ലിബിൻ ജോസ് പാറയിൽ, അതിരൂപതാ കൂരിയ അംഗങ്ങൾ, അതിരൂപത മീഡിയ ടീം അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അതിരൂപതാ മീഡിയ കമ്മീഷൻ ചെയർമാൻ ഫാ റ്റീനേഷ് കുര്യൻ പിണർക്കയിൽ ചടങ്ങിന് നേത്രത്വം കൊടുത്തു