ചിക്കാഗോ രൂപതയിലെ ക്‌നാനായ ഇടവകകളിലെ അംഗത്വം
അമേരിക്കയിൽ ലഭിച്ചിട്ടുള്ളത് Knanaya Personal Parish ആണ്. അപ്പന്റെയും അമ്മയുടെയും ക്‌നാനായ പൈതൃകം ഉള്ള വ്യക്തിക്കാണ് പ്രസ്തുത ക്‌നാനായ ഇടവകയിൽ അംഗമാകുവാൻ അവകാശമുള്ളത്. ക്‌നാനായക്കാരല്ലാത്ത വ്യക്തിയെ വിവാഹം ചെയ്യുമ്പോൾ, ക്‌നാനായക്കാരല്ലാത്ത വ്യക്തിക്ക് ക്‌നാനായ ഇടവകയിൽ അംഗത്വം നൽകുവാൻ സാധ്യമല്ലാത്തതിനാലും അംഗത്വം അവകാശമില്ലാത്തതിനാലും, ക്‌നാനായ ഇടവകയിൽ ഒരു കാരണവശാലും അംഗത്വം നൽകാനാവില്ല; നൽകുകയുമില്ല. കാരണം ക്‌നാനായ ഇടവക ‘For all and only kna’ ക്ക് മാത്രമുള്ളതാണ്.
സ്വാഭാവികമായും ഭാര്യയും ഭർത്താവും രണ്ട് ഇടവകകളിൽ നിൽക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ക്‌നാനായ ജീവിത പങ്കാളി അനുവാദം വാങ്ങി ക്‌നാനായേതര ജീവിത പങ്കാളിയുടെ ഇടവകയിൽ ചേരുന്നു. കഴിഞ്ഞ 12 വർഷമായി ചിക്കാഗോ രൂപതയിലെ എല്ലാ ക്‌നാനായ ഇടവകകളിലും ഇതാണ് നടപ്പിലായി വരുന്നതെന്നു മാത്രമല്ല, പുറത്തുനിന്ന് വിവാഹം ചെയ്ത ആരും ക്‌നാനായ ഇടവകയിൽ നിലനിൽക്കുന്നുമില്ല. അവരുടെ മക്കൾ ക്‌നാനായ മാതാപിതാക്കളിൽ നിന്നും ജനിക്കാത്തവരാകയാൽ സ്വാഭാവികമായും മക്കൾക്ക് ക്‌നാനായ ഇടവകയിൽ അംഗത്വം നൽകുന്ന പ്രശ്‌നം ഉദിക്കുന്നില്ല. ക്‌നാനായക്കാരല്ലാത്തവരെ അംഗമായി ചേർക്കണമെന്നു വന്നാൽ പിന്നെ ക്‌നാനായ ഇടവകയ്ക്ക് പ്രസക്തിയില്ലല്ലോ. അതിനാലാണ് ക്‌നാനായ ഇടവകകളിൽ ക്‌നാനായക്കാർക്ക് മാത്രം അംഗത്വം എന്ന ഉറച്ച തീരുമാനം നമ്മൾ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്.
2014 സെപ്റ്റംബർ 19 ന് സർക്കുലറിലൂടെ അങ്ങാടിയത്ത് പിതാവ് രേഖാമൂലം ക്‌നാനായ ഇടവകകളിൽ ക്‌നാനായക്കാരല്ലാത്തവർക്ക് അംഗത്വം നൽകുകയില്ലെന്ന് എല്ലാ പള്ളികളിലും അറിയിച്ചിട്ടുള്ളതാണ്. പ്രസ്തുത സർക്കുലറിൽ ഇപ്രകാരം പറയുന്നു: ‘A personal parish/mission for Knanya Catholics will have only Knanaya Catholics as members. If a Knanya Catholic belonging to a Knanya parish/mission enters in to marriage with a non-Knanaya partner, that non-Knanaya partner and children from that marriage will not become members of the Knanaya Parish/ mission but will remain member of the local non-Knanaya Syro Malabar parish/mission’.
അതുകൊണ്ടുതന്നെ ക്‌നാനായക്കാരല്ലാത്ത ഒരാൾക്കും ക്‌നാനായ ഇടവകയിൽ അംഗത്വം ലഭിക്കുകയില്ല. ക്‌നാനായ ഇടവകകൾ ക്‌നാനായക്കാർക്ക് മാത്രമുള്ളതെന്ന രീതിയിൽ എന്നും തുടരുക തന്നെ ചെയ്യും.