നാമെല്ലാവരും നിത്യജീവിതത്തിനുവേണ്ടി വിളിക്കപ്പെട്ടവരാണെന്ന സത്യം ഓര്‍മിക്കുകയും പഠിപ്പിക്കുകയും ചെയ്യണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപത വിശ്വാസ പരിശീലന വാര്‍ഷികം ജൂണ്‍ 9, 2019 ന് തുവാനിസാ ധ്യാനകേന്ദ്രത്തില്‍ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അഭി. പിതാവ്. വിശ്വാസ പരിശീലന രംഗത്ത് ശുശ്രൂഷ ചെയ്യുന്ന ഏവരും നിത്യജീവിതത്തില്‍ ദൈവം നല്‍കുന്ന സമ്മാനത്തെ മുന്‍ നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. വിശ്വാസപരിശീലകരുടെ ശുശ്രൂഷയെ അതിരൂപത അങ്ങേയറ്റം വിലമതിക്കുകയും അവര്‍ക്കു നന്ദി പറയുകയും ചെയ്യുന്നു. അവരുടെ ശുശ്രൂഷയ്ക്കായി ഏല്പിക്കപ്പെട്ടിരിക്കുന്ന കൂഞ്ഞുങ്ങള്‍ക്കും നിത്യജീവിതത്തെക്കുറിച്ചുള്ള ദൈവചിന്ത പകര്‍ന്നുകൊടുക്കണമെന്ന് അഭി. മെത്രാപ്പോലീത്ത നിര്‍ദേശിച്ചു.
ആഗോള സഭ പെന്തകുസ്താ തിരുനാള്‍ ആഘോഷിക്കുന്ന ദിവസമായ ജൂണ്‍ 9 ന് അതിരൂപതയിലെ വിശ്വാസപരിശീലകര്‍ക്കായി അഭി.പിതാവ് പരി.കുര്‍ബാനയര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ 2018-2019 വര്‍ഷത്തെ വിജയികളായ വ്യക്തികള്‍ക്കും സണ്‍ഡേ സ്‌കൂളുകള്‍ക്കും പിതാവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിശ്വാസ പരിശീലനരംഗത്ത് 20 വര്‍ഷങ്ങള്‍ ശുശ്രൂഷ പൂര്‍ത്തിയാക്കിയവരെ പ്രത്യേകമായി ആദരിക്കുകയുണ്ടായി. വിശ്വാസപരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്യു കൊച്ചാദംപള്ളില്‍ അധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ ശ്രീ എം. എ തോമസ് മുണ്ടയ്ക്കല്‍ സ്വാഗതം ആശംസിക്കുകയും സെക്രട്ടറി സി ഇസബെല്ല എസ് ജെ സി റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ശ്രീ. ടോം കരികുളം സമ്മേളനത്തില്‍ കൃതജ്ഞത അര്‍പ്പിച്ചു.
അദ്ധ്യാപക സെമിനാര്‍
പെന്താക്കുസ്താ ദിനത്തില്‍ അധ്യാപകര്‍ക്കായി നടത്തിയ സെമിനാര്‍ മിഷനറിയും വിന്‍സന്‍ഷ്യന്‍ സഭയുടെ കോട്ടയം പ്രൊവിന്‍ഷ്യലുമായ റവ. ഫാ. മാത്യു കക്കാട്ടുപിള്ളില്‍ നയിച്ചു. വിശ്വാസത്തെക്കുറിച്ചുള്ള അറിവ്, വിശ്വാസം എന്ന അനുഭവം, വിശ്വാസ സാക്ഷ്യം ഇവ മൂന്നും കൂടെ ചേരുന്നിടത്താണ് യഥാര്‍ത്ഥ വിശ്വാസ കൈമാറ്റം നടക്കുകയുള്ളുവെന്നും ഈശോയാണ് രക്ഷകനെന്ന് പറയാന്‍ മടിക്കരുതെന്നും ഫാ. മാത്യു കക്കാട്ടുപിള്ളില്‍ അനുഭവങ്ങളിലൂടെ സൂചിപ്പിച്ചു. ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കുന്നില്ലായെങ്കില്‍ വിശ്വാസം നിശ്ചലമാകും. 578 അധ്യാപകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
പെന്തക്കുസ്ത അഭിഷേകം
വിശ്വാസപരിശീലന വാര്‍ഷക പരിപാടികള്‍ക്കു ശേഷം അതിരൂപത കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട പരി. ആത്മാഭിഷേകത്തിനുവേണ്ടിയുള്ള ശുശ്രൂഷയും ആരാധനയും വേറിട്ട അനുഭവമായിരുന്നു. ധ്യാനകേന്ദ്രത്തിന്റെ ഡിയറക്ടര്‍ ഫാ. കുഴിവേലില്‍ ആരാധനയ്ക്കും അഭിഷേക പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി. തുവാനിസ ജീസസ് യൂത്ത് ശുശ്രൂഷകളെ സജീവമാക്കി.