9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Advent 2018: Pastoral Letter of Mar Moolakkatt

  • November 28, 2018
ദൈവകൃപയാൽ  കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത
                മാർ മാത്യു മൂലക്കാട്ട്
  തന്റെ സഹശുശ്രൂഷികളായ വൈദികർക്കും സമർപ്പിതർക്കും ദൈവജനം മുഴുവനും നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും സമാധാനവും ആശംസിക്കുന്നു.
ഈശോ മിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരെ,
പുതിയ ഒരു ആരാധനാക്രമ വത്സരത്തിനു തുടക്കം കുറിക്കുന്ന മംഗളവാർത്തക്കാലത്തിലേക്ക് നാം പ്രവേശിക്കുകയാണല്ലോ. മംഗളവാർത്ത കേൾക്കാനും മംഗളവാർത്തകൾ അറിയിക്കാനും എല്ലാവർക്കും എപ്പോഴും സന്തോഷമേയുള്ളൂ. നാം ഇന്നാരംഭിക്കുന്ന ആരാധനാവത്സര കാലഘട്ടം നിരവധി മംഗളവാർത്തകളാൽ ധന്യമാണ്.
ബൈബിളിലെ മംഗളവാർത്തകൾ
ലോകം കേട്ടിട്ടുള്ളതിൽ വച്ചേറ്റവും മംഗളകരമായ ഒരു സന്ദേശമായിരുന്നു പരിശുദ്ധ കന്യകാമറിയത്തോട് ഗബ്രിയേൽ ദൈവദൂതൻ അറിയിച്ചത്. ”മറിയമേ നീ ഭയപ്പെടേണ്ട, ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, നീ അവന് യേശു എന്ന് പേരിടണം”(ലൂക്ക1 :30-31). കർത്താവിന്റെ മുന്നോടിയായ യോഹന്നാന്റെ ജനനത്തെക്കുറിച്ചും ഒരു മംഗളസന്ദേശം ഉണ്ടായിരുന്നു. അബിയയുടെ ഗണത്തിൽപ്പെട്ട സക്കറിയ എന്ന പുരോഹിതന് തന്റെ വാർദ്ധക്യത്തിൽ ഒരു പുത്രൻ ജനിക്കാൻ പോകുന്നുവെന്ന കാര്യത്തെപ്പറ്റി ഗബ്രിയേൽ ദൂതൻ പറഞ്ഞത് ഇങ്ങനെയാണല്ലോ, ”സന്തോഷകരമായ ഈ വർത്ത നിന്നെ അറിയിക്കാൻ ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നു” (ലൂക്ക 1:19). ഈശോയുടെ ജനനാവസരത്തിൽ ദൈവദൂതന്മാർ ആട്ടിടയരോട് പറഞ്ഞു, ”ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു” (ലൂക്ക 2:10).
വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ദൈവപുത്രനായ മിശിഹായുടെ ആഗമനത്തെക്കുറിച്ചുള്ള പ്രവചനങ്ങളുടെ പൂർത്തീകരണമാണല്ലോ ഈ മംഗളവാർത്തകളിൽ നാം ശ്രവിക്കുന്നത്. സുവിശേഷകനായ യോഹന്നാൻ മിശിഹായെക്കുറിച്ച് പറയുന്നത് ”അവനിൽ ജീവനുണ്ടായിരുന്നു, ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു, അതിനെ കീഴടക്കാൻ ഇരുളിന് കഴിഞ്ഞില്ല” (യോഹ 1:12) എന്നാണല്ലോ. തന്നെ സ്വീകരിച്ചവർക്കെല്ലാം തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം ദൈവമക്കളാകാൻ കഴിവ് നൽകിയ ദൈവപുത്രനായ മിശിഹാ മനുഷ്യരാശിക്ക് പ്രദാനം ചെയ്യുന്ന ഈ വലിയ കൃപയുടെ വാഗ്ദാനം തീർച്ചയായും മഹത്തായ മംഗളവാർത്ത തന്നെ. ഈ മംഗളസംഭവത്തിന് വഴിയൊരുക്കുവാൻ ദൈവം തെരഞ്ഞെടുത്ത മഹത് വ്യക്തിത്വങ്ങളായ പരിശുദ്ധ കന്യകാമറിയവും നീതിമാനായ മാർ യൗസേപ്പിതാവും കർത്താവിനു വഴിയൊരുക്കുവാൻ അയക്കപ്പെട്ട സ്‌നാപകയോഹന്നാനുമെല്ലാം ഈ മംഗളവാർത്തക്കാലത്തിലെ തിരുവചനങ്ങളിലൂടെ തിരുപ്പിറവിയുടെ മഹാസന്തോഷത്തിലേക്ക് നമ്മെ കൈ പിടിച്ചാനയിക്കുന്നു.
ഈശോയുടെ ജനനം ദൈവത്തിന്റെ മുഖം വെളിപ്പെടുത്തലായിരുന്നു
ദൈവത്തെക്കുറിച്ചുണ്ടായിരുന്ന യഹൂദസങ്കല്പങ്ങളെ ക്രിസ്തുവിലൂടെ ദൈവം പൊളിച്ചെഴുതുകയാണ്. ദൈവം ഇനിമുതൽ വലിയവനല്ല, അധികാരിയല്ല, ബലവാനും വിജയം നൽകുന്നവനും മാത്രമല്ല. മംഗളവാർത്തക്കുശേഷം അവിടുന്ന് പരാജിതരെ ചേർത്ത് നിർത്തുന്നവനും ചെറിയവരെ മാനിക്കുന്നവനുമാണ്. ഇതാണ് മംഗളവാർത്ത നൽകുന്ന പുതിയ സങ്കല്പം. യേശുവിന്റെ മനുഷ്യാവതാരം എന്തിനായിരുന്നു എന്ന് മംഗളവാർത്തക്കാലത്ത് നാം ഗൗരവമായി ചിന്തിക്കണം. അത് ദൈവത്തെക്കറിച്ചുള്ള യഥാർത്ഥമായ ചിത്രം ലോകത്തിന് വെളിപ്പെടുത്തി കൊടുക്കുന്നതിന് വേണ്ടിയാണ്. ക്രിസ്തുവിന്റെ വാക്കും പ്രവർത്തിയുമെല്ലാം ദൈവത്തിന്റെ മുഖം വെളിപ്പെടുത്തലായിരുന്നു. തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും നിർവ്വചിക്കപ്പെടുകയും ചെയ്ത ദൈവസങ്കല്പങ്ങളുടെ വീണ്ടെടുപ്പിന്റെ ആരംഭമാണ് നസ്രത്തിലെ മംഗളവാർത്തയിൽ നാം കാണുന്നത്.
കൂടെ നിൽക്കുന്ന ദൈവം 
ഈശോയുടെ മനുഷ്യാവതാരത്തെപ്പറ്റി, ”വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു (യോഹ 1,14), ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ‘ഇമ്മാനുവേൽ’ എന്നവൻ വിളിക്കപ്പെടും” (മത്താ 1:23) എന്നാണല്ലോ മാലാഖ മറിയത്തോട് പറയുന്നത്. ഒറ്റപ്പെട്ടുപോയി എന്ന ചിന്തയാണ് മനുഷ്യരെ ഏറ്റവും കൂടുതൽ തളർത്തിക്കളയുന്നത്. സ്‌നേഹിച്ച് വളർത്തിയവർ തങ്ങളെ ഒറ്റയ്ക്കാക്കിയതിന്റെ ഓർമ്മകളാണ് മാതാപിതാക്കളുടെ സങ്കടം. ആവശ്യമായ ഘട്ടത്തിൽ കൂടപ്പിറപ്പുകൾ കൈയ്യൊഴിഞ്ഞു കളഞ്ഞു എന്നതാണ് ഒറ്റപ്പെട്ടുപോയ സഹോദരങ്ങളുടെ പരാതി. ഒറ്റപ്പെട്ടു എന്ന ചിന്ത ഒരാളെ തളർത്തിക്കളയുന്നു. ഒരടിപോലും മുന്നോട്ട് വയ്ക്കാനാകാതെ എന്നാൽ ആരെല്ലാം ഉപേക്ഷിച്ചാലും നമ്മെ കൈവിടാതെ കൂടെ നിൽക്കുന്ന ദൈവത്തെയാണ് മംഗളവാർത്ത നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്.
അടിമത്തത്തിൽ ചിതറിക്കപ്പെട്ട ഒരു ജനതയായിരുന്നു ഇസ്രായേൽ. ദൈവം അവർക്കായി ഒരു ദേശം വാഗ്ദാനം ചെയ്തു. അവിടെ എത്തിച്ചേരാൻ അവർ നാൽപത് വർഷമെടുത്തു. മനസ്സ് മടുക്കാതെ, തളർന്നുപോകാതെ തേനും പാലും ഒഴുകുന്ന കാനാൻ ദേശത്തേക്ക് പ്രവേശിക്കാൻ അവർക്ക് കഴിഞ്ഞത് വാഗ്ദാനത്തിന്റെ പേടകം അവരോടൊത്ത് ഉണ്ടായിരുന്നതുകൊണ്ടാണ്. ആ പേടകം ദൈവത്തിന്റെ സാന്നിദ്ധ്യമായിരുന്നു. ജീവിതയുദ്ധത്തിൽ പരാജയപ്പെട്ടു പോകാതിരിക്കാൻ മനുഷ്യന് സഹായം ആവശ്യമാണ്. പക്ഷേ മനുഷ്യർ വച്ചു നീട്ടുന്ന സഹായങ്ങൾക്ക് പരിധിയുണ്ട്. എന്നാൽ സ്‌നേഹിക്കുന്നവർക്കു വേണ്ടി ജീവൻ നൽകുന്ന ഒരു ദൈവത്തെയാണ് പുൽക്കൂട്ടിൽ നാം കണ്ടെത്തുക.
നമ്മുടെ യാത്രകളെ തീർത്ഥയാത്രകളാക്കാൻ വന്ന ഈശോ
നമ്മുടെ ഒപ്പം നടന്ന് നമ്മുടെ യാത്രകളെ തീർത്ഥയാത്രകളാക്കാൻ വന്നവനാണ് ഈശോ. ഈശോയെ ദർശിച്ച ഇടയന്മാർ അവനെ സ്തുതിച്ചുകൊണ്ട് മടങ്ങി. അതവർക്കൊരു തീർത്ഥയാത്രയായിരുന്നു. വിജ്ഞാനികളുടെ യാത്ര യേശുവിനെ കണ്ടതിനുശേഷം തീർത്ഥയാത്രയായി പരിണമിച്ചു. ഈ മംഗളവാർത്തക്കാലം ഈശോയോടൊപ്പം നടന്ന് നമ്മുടെ ജീവിതവും ഒരു തീർത്ഥയാത്രയാക്കി മാറ്റുവാൻ നമുക്ക് പരിശ്രമിക്കാം.
യുവജനകേന്ദ്രീകൃതമായ സഭ (KCYL Golden Jubilee)
യുവജന കേന്ദ്രീകൃതമായി റോമിൽ നടന്ന മെത്രാന്മാരുടെ സിനഡിൽ  സീറോ മലബാർ സഭയെ പ്രതിനിധീകരിച്ചികൊണ്ട് നമ്മുടെ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് പങ്കെടുത്തു എന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്ന വസ്തുതയാണല്ലോ. യുവജനകേന്ദ്രീകൃതമായ സഭാശുശ്രൂഷകളിലൂടെ നമ്മുടെ യുവജനങ്ങളെ സഭയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും സഭ യുവജനങ്ങളോടൊത്ത് ചരിക്കണമെന്നും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ നമ്മോട് ആഹ്വാനം ചെയ്യുന്നു. സിനഡ് നമ്മോടാവശ്യപ്പെടുന്നത് സഭ യുവജനങ്ങളെ അനുധാവനം ചെയ്യണമെന്നാണ്.
കേരളകത്തോലിക്കാ സഭയുടെ യുവജനവർഷ സമാപനത്തിൽ കോട്ടയം അതിരൂപതയിലെ യുവജനസംഘടനയായ കെ.സി.വൈ.എൽ അതിന്റെ സുവർണ്ണ ജൂബിലി വർഷത്തിലേക്ക് പ്രവേശിച്ചിരിക്കയാണല്ലോ. കഴിഞ്ഞ അര നൂറ്റാണ്ടുകാലം ക്‌നാനായ യുവജനങ്ങൾക്ക് ഈ സംഘടനയിലൂടെ ലഭിച്ചിട്ടുള്ള നിവധിയായ നന്മകൾക്ക് നമുക്ക് ദൈവത്തിന് നന്ദി പറയാം. നമ്മുടെ യുവജനങ്ങളിൽ ക്‌നാനായ സമുദായ അവബോധവും സഭാവിശ്വാസവും വളർത്തിയെടുക്കുവാനും നേതൃത്വ നിരയിലേക്ക് അവരെ കൈപിടിച്ച് ആനയിക്കാനുമൊക്കെ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്തുണ്ടായ മഹാ പ്രളയത്തിന്റെ അവസരത്തിൽ നമ്മുടെ യുവജനങ്ങൾ കാട്ടിയ ഒത്തിണക്കവും ത്യാഗസന്നദ്ധതയും ശുശ്രൂഷാ മനോഭാവവും അതിരുകളോ വിവേചനങ്ങളോ ഇല്ലാത്ത സാഹോദര്യവും ഏറെ പ്രശംസനീയമായിരുന്നു. സിനഡിന്റെ ആഹ്വാനങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വിവിധങ്ങളായ കർമ്മപരിപാടികളിലൂടെ നമ്മുടെ അതിരൂപതയെയും ക്‌നാനായ സമുദായത്തെയും ദൈവരാജ്യത്തിന്റെ സജീവസാക്ഷ്യമാക്കുവാൻ പരിശ്രമിക്കുന്ന യുവജനങ്ങളെ ശ്രവിക്കുവാനും അവരോടൊത്ത് ചരിക്കുവാനും അവരിലൂടെ കൂടുതൽ യൗവ്വനയുക്തമായ സഭാശരീരത്തെ പടുത്തുയർത്തുവാനും പുതിയ ആരാധനാക്രമവത്സരം നമുക്ക് പ്രയോജനപ്പെടുത്താം.
സംക്ഷിപ്തമായി
നമ്മോടുകൂടെ ആയിരിക്കുവാൻ ശരീരമെടുക്കുകയും നമ്മുടെ ആത്മീയഭോജനമായി തന്റെ ശരീരരക്തങ്ങൾ നമുക്ക് ഭക്ഷണ പാനീയങ്ങളായി നൽകുകയും ചെയ്ത മാംസം ധരിച്ച വചനം നമ്മുടെ കൂടെയായിരുന്നുകൊണ്ട് ജീവിതത്തിലെ ചെറുതുകളെ സ്‌നേഹിക്കുവാനും നിസ്സാരതകളെ ധ്യാനിക്കുവാനും അതുവഴി ദൈവപുത്രന്റെ മനുഷ്യാവതാരത്തിന്റെ അർത്ഥതലങ്ങൾ ആഴത്തിൽ ഗ്രഹിക്കുവാനും നമുക്ക് ശക്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അനുഗ്രഹീതമായ തിരുപ്പിറവിയുടെയും പുതുവത്സത്തിന്റെയും മംഗളങ്ങൾ നിങ്ങൾക്കേവർക്കും ആശംസിച്ചുകൊണ്ട്,
പിതാവിന്റെയും +പുത്രന്റെയും+പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഇടയനടുത്ത ആശീർവാദം നൽകുന്നു.
എന്ന് കോട്ടയം അതിരൂപതാകേന്ദ്രത്തിൽ നിന്നും 2018 നവംബർ മാസം 16-ാം തീയതി,
 മാർ മാത്യു മൂലക്കാട്ട്
കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത
Golden Jubilee Celebrations
Micro Website Launching Ceremony