മാതാവ് ഇല്ലാത്ത ഒരു ക്രൈസ്തവന്‍ അനാഥനാണ്
നമ്മുടെ നാഥയെ സ്‌നേഹിക്കുന്നില്ല എന്ന് ഒരു ക്രൈസ്തവന്‍ എന്നോടു പറയുമ്പോള്‍, അയാള്‍ പരിശുദ്ധമാതാവിനെ കാണാന്‍ കൂട്ടാക്കുകയോ മാതാവിനോട് പ്രാര്‍ത്ഥിക്കാന്‍ തുനിയുകയോ ചെയ്യാതെ വരുമ്പോള്‍, എനിക്കു സങ്കടം തോന്നുന്നു. ഒരിക്കല്‍, 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഓര്‍മ്മിക്കുന്നു: ബെല്‍ജിയത്ത് ഞാന്‍ ഒരു കോണ്‍ഫറന്‍സില്‍ സംബന്ധിക്കുകയായിരുന്നു; മതാധ്യാപകരായ രണ്ട് ദമ്പതികള്‍ അന്ന് അവിടെയുണ്ടായിരുന്നു. ഇരുവരും സര്‍വകലാശാലാ പ്രൊഫസര്‍മാര്‍; മക്കളുമൊത്ത് സുന്ദരമായ ഒരു കുടുംബം. യേശുക്രിസ്തുവിനെക്കുറിച്ച് അവര്‍ അതിഗംഭീരമായി സംസാരിച്ചു. ഇടയ്ക്ക് ഞാന്‍ അവരോട് ആരാഞ്ഞു, ”പരിശുദ്ധഅമ്മയോടുള്ള ഭക്തി?” ”ഞങ്ങള്‍ ആ ഘട്ടം പിന്നിട്ടവരാണ്. ഞങ്ങള്‍ക്ക് യേശുക്രിസ്തുവിനെ വളരെ നന്നായിട്ടറിയാം; ആയതിനാല്‍ മാതാവിന്റെ ആവശ്യം ഞങ്ങള്‍ക്കില്ല” എന്നവര്‍ പറഞ്ഞു. പെട്ടെന്ന് എന്റെ മനസ്സിലേക്കും ഹൃദയത്തിലേക്കും കടന്നുവന്നത് എന്തെന്നോ: ”ഓ… നിങ്ങള്‍ പാവം അനാഥര്‍!” എന്താ, ശരിയല്ലേ? കാരണം, പരിശുദ്ധമാതാവ് ഇല്ലാത്ത ഒരു ക്രൈസ്തവന്‍ അനാഥനാണ്. സഭയെ കൂടാതെയും ഏതൊരു ക്രൈസ്തവനും അനാഥനാണ്. ഈ രണ്ട് സ്ത്രീകളെയും ഒരു ക്രൈസ്തവന് ആവശ്യമുണ്ട്; രണ്ട് സ്ത്രീകള്‍, ഇരുവരും മാതാക്കളും കന്യകമാരും: സഭയും നമ്മുടെ നാഥയും. ഒരു നല്ല ക്രൈസ്തവ അന്തസ്സിന്റെ ‘പരീക്ഷണം’ നിങ്ങളോടുതന്നെ ചോദിക്കുകയാണ്: ”ഈ രണ്ട് അമ്മമാരോടുമുള്ള എന്റെ ബന്ധം എങ്ങനെ പുരോഗമിക്കുന്നു?” സഭാമാതാവിനോടും മരിയാംബയോടുമുള്ള ബന്ധം. ”ഈശ്വരഭക്തി”യുടെ ഒരു ചോദ്യമല്ലിത്, അല്ല, ഇത് കറതീര്‍ന്ന ദൈവശാസ്ത്രമാണ്. ദൈവശാസ്ത്രം തന്നെയാണിത്. സഭയുമായുള്ള എന്റെ ബന്ധം എങ്ങനെ പോകുന്നു. സഭയാകുന്ന എന്റെ അമ്മയുമായുള്ള ബന്ധം; സ്ഥാനികസഭയായ പരിശുദ്ധഅമ്മയുമായുള്ള, നമ്മുടെ നാഥയുമായുള്ള എന്റെ ബന്ധം എപ്രകാരം മുന്നേറുന്നു. എന്റെ മാതാവുമായുള്ളത്?
ഇത് നല്ലതാണ്: ഒരിക്കലും അമ്മയെ പിരിയരുത്, ഒറ്റയ്ക്ക് പോകുകയുമരുത്. നിങ്ങളുടെ വിവേകത്തിന്റെ പ്രയാണത്തിന് എന്റെ ശുഭാശംസകള്‍. നമുക്ക് ഓരോരുത്തര്‍ക്കുംവേണ്ടി കര്‍ത്താവിന് ഒരു നിയോഗമുണ്ട്, നമ്മള്‍ ജീവിക്കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നയിടം. എന്നാല്‍ നാം അതിനുവേണ്ടി അന്വേഷിക്കണം, കണ്ടുപിടിക്കണം, എന്നിട്ട് മുന്നേറണം.
fb: osservatore romano malayalam (accessed on 22. 07. 2014)
https://www.facebook.com/vaticannews?ref=hl