1999 ജനുവരി 6-ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കൈവയ്പുവഴി മേല്‍പ്പട്ട ശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ട മാര്‍ മാത്യു മൂലക്കാട്ടു പിതാവിന്റെ മെത്രാഭിഷേകനിദത്തോടുബന്ധിച്ച് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. അഭിവന്ദ്യ മൂലക്കാട്ടു പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയില്‍ അള്‍ജീരിയ & ടുണീഷ്യ അപ്പസ്‌തോലിക് നുണ്‍ഷ്യോ മാര്‍ കുര്യന്‍ വയലുങ്കല്‍, കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ക്രിസ്തുരാജ കത്തീഡ്രല്‍ വികാരി ജെയിംസ് പൊങ്ങാനയില്‍, അതിരൂപതയില്‍ അഭിഷിക്തരായ 8 നവവൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദൈവനിയോഗപ്രകാരം അതിരൂപതയെ നയിക്കുവാന്‍ സഹകരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും അഭിവന്ദ്യ മൂലക്കാട്ടു പിതാവു നന്ദി പറഞ്ഞു. തുടര്‍ന്നും പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെടുകയും ചെയ്തു. മാര്‍ കുര്യന്‍ വയലുങ്കല്‍ വചനസന്ദേശം നല്‍കി. ആനുകാലിക പശ്ചാത്തലത്തില്‍ തന്നിലര്‍പ്പിക്കപ്പെട്ട ദൗത്യങ്ങള്‍ ദൈവത്തിലാശ്രയിച്ച് കാര്യക്ഷമമായി നിര്‍വ്വഹിക്കുന്ന മൂലക്കാട്ടു പിതാവിനുവേണ്ടി ദൈവത്തിനു നന്ദിപറയാമെന്നും ക്‌നാനായ സമുദായത്തെ ശക്തമായി നയിക്കുവാന്‍ അഭിവന്ദ്യ പിതാവിനോടൊപ്പം എല്ലാവരും പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നും അഭിവന്ദ്യ കുര്യന്‍ വയലുങ്കല്‍ പിതാവ് പറഞ്ഞു.