എ.ഡി.345 മാര്‍ച്ച് 7 ന് ദക്ഷിണ മെസപ്പൊട്ടാമിയായിലെ കിനായി ഗ്രാമത്തില്‍നിന്നും ഏഴില്ലം എഴുപത്തിരണ്ട് കുടുംബങ്ങളില്‍പ്പെട്ട നാനൂറോളം വരുന്ന യഹൂദ-ക്രിസ്ത്യാനികള്‍ കിനായി തോമായുടെയും ഉറഹാ മാര്‍ യൗസേപ്പു മെത്രാന്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലേക്കു നടത്തിയ ക്‌നാനായ പ്രേഷിത കുടിയേറ്റത്തിന്റെ അനുസ്മരണ ദിനത്തിനുമുന്നോടിയായി കാസര്‍ഗോഡു ജില്ലയില്‍ നിന്നും ആരംഭിച്ച പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശയാത്ര പൂര്‍വ്വികരുടെ ത്യാഗസ്മരണകള്‍ അയവിറക്കി കുടിയേറ്റ മണ്ണായ കൊടുങ്ങല്ലൂരില്‍ എത്തിച്ചേര്‍ന്നു. കുടിയേറ്റ പിതാക്കന്മാരെ അനുസ്മരിച്ച് കാക്കനാട് സെന്റ് കുര്യാക്കോസ് ക്‌നാനായ കത്തോലിക്കാ വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. തോമസ് ആദോപ്പിള്ളില്‍, ഫാ. ജിജോ കൊച്ചുപറമ്പില്‍, ഫാ. ബൈജു മുകളേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് പൂര്‍വ്വികരുടെ സ്മരണകളറുങ്ങുന്ന കിനായി തോമാ നഗറില്‍ അനുസ്മരണ പ്രാര്‍ത്ഥന നടത്തി.
സന്ദേശയാത്രയുടെ നാലാം ദിനമായ 4 ന് കൊടുങ്ങല്ലൂരിലെ ക്‌നായി തോമാ ടവറില്‍ കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ് ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേല്‍, കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ലിബിന്‍ പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വാരപ്പെട്ടി, പറമ്പഞ്ചേരി, മുട്ടം, ചുങ്കം പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സന്ദേശയാത്രയ്ക്ക് ഇടുക്കി ജില്ലയിലെ തടിയമ്പാട് സ്വീകരണം നല്‍കി. നാലാംദിവസം പൂര്‍ത്തിയാകുമ്പോള്‍ യാത്ര കരിങ്കുന്നത്ത് എത്തിച്ചേര്‍ന്നു.
വരുംദിവസങ്ങളില്‍ ഉഴവൂര്‍, പിറവം, കൈപ്പുഴ, കിടങ്ങൂര്‍, മലങ്കര, കടുത്തുരുത്തി, ഇടയ്ക്കാട്, ഫൊറോനകളിലൂടെ സഞ്ചരിച്ച് സന്ദേശയാത്ര മാര്‍ച്ച് 7-ാം തീയതി വൈകുന്നേരം 5 മണിക്ക് കോട്ടയം അതിരൂപതാ ആസ്ഥാനത്ത് എത്തിച്ചേരും. ക്രിസ്തുരാജ കത്തീഡ്രല്‍ അങ്കണത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കിനായി തോമായുടെയും ഉറഹാ മാര്‍ യൗസേപ്പിന്റെയും പ്രതിമ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അനാച്ഛാദനം ചെയ്യും.