9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

പത്താം പീയൂസ് പിതാവിന്റെ ബൂള കാലാകാലം നിലനിൽക്കുമോ ?

  • March 6, 2021

പത്താം പീയൂസ് പിതാവിന്റെ ബൂള
വി. പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം രൂപത സ്ഥാപിച്ചത് ചിരകാലത്തേയ്ക്കുമാണെന്നും അത് ആരാലും മാറ്റം വരുത്താനാവാത്തതുമാണെന്നും ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന തിരുവെഴുത്തില്‍ രേഖപെടുത്തിയിരിക്കുന്നുവെന്നതും സത്യമാണ്. എന്നാല്‍, 1911 ല്‍ ലഭിച്ച രേഖയുടെ നയ്യാമികമായ പശ്ചാത്തലം, സ്വഭാവം, കാലാനുസൃതമായ പരിണാമങ്ങള്‍ക്കുള്ള സാധ്യത, പരി. സിംഹാസനത്തിന്റെ അധികാരം എന്നിവയൊക്കെ മനസിലാക്കുമ്പോഴാണ് തിരുവെഴുത്തില്‍ കാണപ്പെടുന്ന വാചകങ്ങളുടെ അന്തസത്ത ശരിയായ വിധത്തില്‍ ഗ്രഹിക്കാനാവൂ.

രേഖ പുറപ്പെടുവിക്കപ്പെട്ട കാലത്തെ നൈയാമിക പരിണാമങ്ങള്‍
1911 ല്‍ കോട്ടയം വികാരിയത്ത് സ്ഥാപിക്കപ്പെട്ടപ്പോള്‍ ഇന്ത്യയിലെ സഭ പ്രൊപ്പഗാന്ത തിരുസംഘത്തിന്റെ കീഴിലായിരുന്നു. അക്കാലത്ത് ഭരണപരമായ രേഖകളില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഒപ്പിടുകയും പരി. പിതാവിന്റെ അംഗീകാരം രേഖപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് ഉണ്ടായിരുന്നത്. 1917 ല്‍ കത്തോലിക്കാ സഭയിലെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന നിയമങ്ങളെല്ലാം ക്രോഡീകരിച്ച് ഒരു നിയമ സംഹിതയായി പ്രസിദ്ധീകരിച്ചു. അത് ലാറ്റിന്‍ കോഡെന്ന് അറിയപ്പെടുന്നു (CIC 1917). അതിനെ തുടര്‍ന്ന് പല പുതിയ ഭരണകേന്ദ്രങ്ങളും (Dicasteries in Rome) കൂടുതലായി തുടങ്ങി. (അതിലൊന്നാണ് പൗരസ്ത്യ തിരുസംഘം.) അവ പ്രവര്‍ത്തിക്കുന്നത് മാര്‍പാപ്പയുടെ അഥവ പരി. സിംഹാസനത്തിന്റെ പേരിലാണ്. അതിനാല്‍ കാനോന്‍ നിയമ പ്രകാരം, ശ്ലൈഹിക സിംഹാസനമെന്ന (പരി. സിംഹാസനം) വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് മാര്‍പാപ്പ എന്ന വ്യക്തിയെ, മാര്‍പാപ്പയ്ക്കായ് പ്രവര്‍ത്തിക്കുന്ന തിരുസംഘങ്ങള്‍ എന്നിവായണ് (കാനന്‍ CCEO 48). വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് എന്ന അര്‍ത്ഥവും രാഷ്ട്രീയ തലത്തില്‍ അതിനുണ്ട്.

ഭേദഗതി
പരി. സിംഹാസനം (മാര്‍പാപ്പ അഥവാ തിരുസംഘം)നല്‍കിയിരിക്കുന്ന ഒരു തിരുവെഴുത്ത് പരി. സിംഹാസനത്തിന് (മറ്റൊരു മാര്‍പാപ്പയ്ക്ക്) ഭേദഗതി ചെയ്യാനോ മാറ്റം വരുത്തുവാനോ സാധിക്കും. പ്രസ്തുത നടപടിയുടെ ഭാഗമായി തിരുസംഘം നല്‍കുന്ന എഴുത്ത് പരി.സിംഹാസനത്തില്‍ നിന്നുള്ള രേഖയായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടാണ് 1911 ല്‍ നല്‍കിയ കോട്ടയം വികാരിയത്തിനെ രൂപതയായും (1923) പിന്നീട് അതിരൂപതയായും (2005) ഉയര്‍ത്തിയത്. 1911 ലെ വികാരിയത്തിന്റെ അതിര്‍ത്തി 1955 ല്‍ വികസിപ്പിച്ചു നല്‍കിയ തിരുവെഴുത്ത് കോണ്‍ഗ്രിഗേഷന്‍ വഴിയാണ് ലഭിച്ചത്. 1955 ഏപ്രില്‍ 29 ലെ പ്രസ്തുത രേഖ നല്‍കപ്പെട്ടിരിക്കുന്നത് കാര്‍ഡി. റ്റിസറാന്റ് വഴിയാണ്. പറഞ്ഞുവന്നതിനര്‍ത്ഥം, 1911 ല്‍ പരി. പിതാവ് നല്‍കിയ തിരുവെഴുത്തിലെ സംഗ്രഹത്തില്‍ കാലക്രമത്തില്‍ (ഭരണപരമായ തലത്തില്‍) മാറ്റം വന്നിട്ടുണ്ടെന്നാണ്.

Golden Jubilee Celebrations
Micro Website Launching Ceremony