ചിക്കാഗോ രൂപതയിലെ ക്നാനായ ഇടവകക ളിലെ അംഗത്വത്തെക്കുറിച്ചുള്ള ഓറിയന്‍റല്‍ കോണ്‍ഗ്രിഗേഷന്‍റെ കത്തും തുടര്‍ചര്‍ച്ചകളും
അമേരിക്കയിലെ ക്നാനായ ഇടവകകളിലെ അംഗത്വത്തെ സംബന്ധിച്ചു ഓറിയന്‍റല്‍ കോണ്‍ഗ്രിഗേഷന്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ്ബ് അങ്ങാടിയത്ത് പിതാവിന് 2017 ഡിസംബര്‍ 18 ന് നല്‍കിയ കത്തിന്‍റെ പകര്‍പ്പ് അഭിവന്ദ്യ മൂലക്കാട്ട് പിതാവിന് കിട്ടിയപ്പോള്‍ ക്നാനായ ഇടവകകളിലെ അംഗത്വത്തെ സംബന്ധിച്ചുള്ള പരാമര്‍ശത്തിന്‍റെ പ്രത്യാഘാതം തിരിച്ചറിഞ്ഞ അതിരൂപത നേതൃത്വം അടിയന്തിരമായി ആലോചനാസമിതിയും പ്രസ്ബിറ്ററല്‍ കൗണ്‍സിലും പാസ്റ്ററല്‍ കൗണ്‍സിലും വിളിച്ചു ചേര്‍ത്ത് പ്രസ്തുത നിര്‍ദ്ദേശത്തിലെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഈ നിര്‍ദ്ദേശം നടപ്പിലാക്കുവാന്‍ സാധിക്കുകയില്ലായെന്ന ഉറച്ച തീരുമാനമെടുക്കുകയും ചെയ്തു. ഓറിയന്‍റല്‍ കോണ്‍ഗ്രിഗേഷനില്‍ നിന്നും ലഭിച്ച കത്തില്‍ പറയുന്നത് ഇപ്രകാരമാണ്:
“The intent of allowing so-called Knanaya parishes in the diaspora is to have a place where the social and cultural bonds of this community can be specially fostered without, however, limiting either membership or participation in the parish only to persons of Knanaya lineage”.
ഓറിയന്‍റല്‍ കോണ്‍ഗ്രിഗേഷന്‍റെ നിര്‍ദ്ദേശം ക്നാനായ പേഴ്സണല്‍ പാരിഷുകളുടെ നിലനില്‍പ്പിനെതന്നെ അപ്രസക്തമാക്കുമെന്നും അത് ഈ സമുദായത്തിന്‍റെ ചരിത്രപരവും കാനോനികവുമായ അവകാശങ്ങളുടെ ലംഘനവും കീഴ്വഴക്കങ്ങള്‍ക്കു വിരുദ്ധവുമായതിനാല്‍ പ്രസ്തുത നിര്‍ദ്ദേശം അംഗീകരിക്കുവാന്‍ സാധിക്കുകയില്ലെന്നും പാസ്റ്ററല്‍ കൗണ്‍സിലും പ്രസ്ബിറ്ററല്‍ കൗണ്‍സിലും സംയുക്ത പ്രമേയം പാസ്സാക്കി രേഖാമൂലം ഓറിയന്‍റല്‍ കോണ്‍ഗ്രിഗേഷനെ അടിയന്തരമായി അറിയിച്ചു.
ഓറിയന്‍റല്‍ കോണ്‍ഗ്രിഗേഷന്‍റെ നിര്‍ദ്ദേശം ബാധിക്കുക അമേരിക്കയിലുള്ള ക്നാനായക്കാരെയാണ്. കാരണം, ഇത് അമേരിക്കയിലെ ബിഷപ്പിനെഴുതിയ കത്താണ്. എങ്കിലും ഇതിന്‍റെ ദൂഷ്യഫലം അനുഭവിക്കുന്നതു ക്നാനായ ജനതയാണല്ലോ. തന്നെയുമല്ല ഡയാസ്പൊറയില്‍ ഇനിയുണ്ടാകാവുന്ന ഇതര Knanaya Personal Parish കളില്‍ ഇതേനയം പ്രാവര്‍ത്തികമാക്കുന്നതിനുള്ള സാധ്യത ഏറുകയും ചെയ്യും. ക്നാനായ ഇടവകകളില്‍ ക്നാനായക്കാരല്ലാത്തവര്‍ക്ക് അംഗത്വം കൊടുക്കാന്‍ സാധ്യമല്ല. കാരണം, ക്നാനായ ഇടവകകള്‍ ക്നാനായക്കാര്‍ക്കു മാത്രമുള്ളതാണ്.