ക്‌നാനായ പ്രേഷിത കുടിയേറ്റത്തിന്റെ അനുസ്മരണദിനാഘോഷങ്ങളുടെ മുന്നോടിയായി കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശയാത്രയ്ക്ക് കണ്ണൂരില്‍ തുടക്കമായി. കോട്ടയം അതിരൂപതയുടെ മലബാര്‍ റീജിയണ്‍ കേന്ദ്രമായ ശ്രീപുരം ബിഷപ്‌സ് ഹൗസില്‍ കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സന്ദേശയാത്ര ഉദ്ഘാടനം ചെയ്യുകയും റാലി ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. 2023 ല്‍ റോമില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ പ്രമേയമായ പങ്കാളിത്തം, കൂട്ടായ്മ, മിഷനറിദൗത്യം എന്നിവ ചര്‍ച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ എ.ഡി.345 ല്‍ തന്നെ പ്രേഷിത കുടിയേറ്റം നടത്തിയ ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യവും പ്രേഷിത ചൈതന്യവും കൂട്ടായ്മയും പ്രചോദനാത്മകമാണെന്ന് അഭിവന്ദ്യ പിതാവു പറഞ്ഞു. സന്ദേശയാത്രയ്ക്കു നേതൃത്വം നല്‍കുന്ന ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിനെയും ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷനെയും ക്‌നാനായ കാത്തലിക് യൂത്ത് ലീഗിനെയും അഭിവന്ദ്യ പിതാവ് അഭിനന്ദിക്കുകയും സമുദായത്തിന്റെ തനിമയും കൂട്ടായ്മയും പാരമ്പര്യവും കാത്തുസൂക്ഷിക്കാനുള്ള ഉണര്‍ത്തുപാട്ടായി സന്ദേശയാത്ര മാറട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.സി മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബാബു ദകളിമറ്റം, ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറകടര്‍ ഫാ. ജോസ് നെടുങ്ങാട്ട്, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ലിബിന്‍ പാറയില്‍, മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോക്കി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. ആദ്യദിനത്തില്‍ രാജപുരം ഫൊറോനയിലെ കാഞ്ഞങ്ങാട്, ഒടയഞ്ചാല്‍, ചുള്ളിക്കര, രാജപുരം, കള്ളാര്‍ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സന്ദേശയാത്ര മാലക്കല്ലില്‍ സമാപിച്ചു.
സന്ദേശയാത്രയുടെ രണ്ടാം ദിനം മഞ്ഞക്കാട്, പെരിങ്ങാല, മടമ്പം, അലക്‌സ് നഗര്‍, പയ്യാവൂര്‍, ചമതച്ചാല്‍, കോള്‍ബേ നഗര്‍, അരയങ്ങാട്, തേറ്റമല പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പെരിക്കല്ലൂരില്‍ സമാപിക്കും. തുടര്‍ന്ന് ചങ്ങലേരി, ചുങ്കം, പടമുഖം, ഉഴവൂര്‍, പിറവം, കൈപ്പുഴ, കിടങ്ങൂര്‍, മലങ്കര, കടുത്തുരുത്തി, ഇടയ്ക്കാട്, ഫൊറോനകളിലൂടെ സഞ്ചരിച്ച് സന്ദേശയാത്ര മാര്‍ച്ച് 7-ാം തീയതി വൈകുന്നേരം 5 മണിക്ക് കോട്ടയം അതിരൂപതാ ആസ്ഥാനത്ത് എത്തിച്ചേരുമ്പോള്‍ ക്രിസ്തുരാജ കത്തീഡ്രല്‍ അങ്കണത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കിനായി തോമായുടെയും ഉറഹാ മാര്‍ യൗസേപ്പിന്റെയും പ്രതിമ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അനാച്ഛാദനം ചെയ്യും.