കോട്ടയം: ക്നാനായ പ്രേഷിത കുടിയേറ്റ പാരമ്പര്യവും വിശ്വാസചൈതന്യവും കൂടുതല്‍ ജ്വലിപ്പിക്കണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ അല്മായ വനിതാ സംഘടനയായ ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നൊരുക്കമായി തെളളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്നാനായ സമുദായത്തെ വിശ്വാസത്തിലും ഐക്യത്തിലും പ്രേഷിത ചൈതന്യത്തിലും മുമ്പോട്ടുനയിക്കുന്ന മാതൃകാ അമ്മമാരാകാന്‍ ഓരോ കെ.സി.ഡബ്ല്യു.എ അംഗത്തിനും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന് വടശ്ശേരിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്കി. കെ.സി.ഡബ്ല്യു.എ മുന്‍പ്രസിഡന്റ് ഡോ. മേഴ്സി ജോണ്‍, സെക്രട്ടറി ഷൈനി സിറിയക്, ട്രഷറര്‍ എല്‍സമ്മ സക്കറിയ, വൈസ് പ്രസിഡന്റ് പെണ്ണമ്മ ജെയിംസ്, ജോയിന്റ് സെക്രട്ടറി ജിജി ഷാജി എന്നിവര്‍ പ്രസംഗിച്ചു. കെ.സി.ഡബ്ല്യു.എയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. നവംബര്‍ 26 നു തുടക്കം കുറിക്കുന്ന കെ.സി.ഡബ്ല്യു.എ സുവര്‍ണ്ണജൂബിലിവര്‍ഷത്തില്‍ നടപ്പിലാക്കേണ്ട കര്‍മ്മപദ്ധതികള്‍ക്ക് യോഗത്തില്‍ അന്തിമരൂപം നല്കി.
Skip to main content