Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Trusting in Christ, overcome Corona: Mar Mathew Moolakkatt.

Trusting in Christ, overcome Corona: Mar Mathew Moolakkatt.

  • April 2, 2020

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന എന്റെ പ്രിയ ക്‌നാനായ മക്കളേ,
കോട്ടയം അതിരൂപതാ കേന്ദ്രത്തില്‍നിന്നും നിങ്ങള്‍ക്കേവര്‍ക്കും ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനാ ശംസകള്‍. നമ്മുടെ കര്‍ത്താവീശോമിശിഹായുടെ അനുഗ്രഹം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.
നിങ്ങള്‍ക്കറിയാവുന്നതുപോലെ പ്രയാസങ്ങള്‍ നിറഞ്ഞ ഒരു വലിയ പ്രതിസന്ധിഘട്ടത്തിലൂടെ യാണല്ലോ ലോകം മുഴുവനും ഇന്നു കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. കോവിഡ് 19-ന്റെ ശക്തമായ പ്രതിഫലനങ്ങള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിയിരിക്കുന്നു. കൊറോണ വൈറസിലൂടെ സംജാതമായ പ്രയാസങ്ങളെ അതിജീവിക്കുവാന്‍ സ്‌നേഹനിധിയായ ദൈവപിതാവിന്റെ കാരുണ്യത്തിലും സ്‌നേഹത്തിലും പരിപൂര്‍ണമായി വിശ്വസിച്ചു നമ്മെത്തന്നെ വിട്ടുകൊടുക്കാം. ‘കര്‍ത്താവു എന്റെ ഇടയ നാകുന്നു’ എന്നാരംഭിക്കുന്ന 23-ാം സങ്കീര്‍ത്തനം നമ്മുടെ ഹൃദയങ്ങളിലും അധരങ്ങളിലും നിരന്തരം നിലനില്ക്കട്ടെ. ഓരോ രാജ്യത്തെയും സാഹചര്യങ്ങള്‍ വിഭിന്നങ്ങളാകയാലും ഓരോ സ്ഥലത്തെയും പ്രത്യേകതകള്‍ പരിഗണിച്ച് മുന്നൊരുക്കങ്ങളും പ്രതിരോധനടപടികളും സ്വീകരിക്കേണ്ടതിനാലും അതത് സ്ഥലത്തെ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നല്കുന്ന നിര്‍ദേശങ്ങള്‍ നാമെല്ലാവരും കൃത്യമായി പാലിക്കേണ്ടതാണ്. അപ്രകാരം ഒത്തൊരുമിച്ചുള്ള യത്‌നത്തിലൂടെ ഈ വിപത്‌സന്ധിയുടെ പ്രത്യാഘാത ങ്ങളെ പരമാവധി കുറയ്ക്കാനും ഈ മഹാവ്യാധിയില്‍നിന്നും കരകയറാനും ശ്രമിക്കാം.
ശാരീരികമായ അടുപ്പവും സ്പര്‍ശനവും സാധിക്കുന്നിടത്തോളം കുറയ്‌ക്കേണ്ടിയിരിക്കുന്നു. ഒറ്റ പ്പെടുത്തലിന്റെയും ഏകാന്തതയുടേതുമായ ഈ സമയത്ത് വൈകാരികവും സാമൂഹികവുമായ ഊഷ്മള ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. ‘ബന്ധങ്ങള്‍ വേര്‍വിടാതോര്‍ക്കണമെപ്പോഴും’ എന്ന നമ്മുടെ കാരണവന്‍മാരുടെ ഉപദേശം ഒരിക്കലും മറക്കരുത്. ഒരുമയില്‍ നിലനില്ക്കുന്ന ഒരു സമുദായം എന്ന നിലയില്‍ നമുക്കിടയില്‍ ഈ ഇഴയടുപ്പം ഉണ്ട്, അത് വളര്‍ത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. കുടി യേറ്റ ജനത എന്ന നിലയില്‍ നമ്മുടെ ഒരു കുടുംബത്തിലെ അംഗങ്ങള്‍ തന്നെ പല രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലുമായി അധിവസിക്കുന്നുണ്ട്. ഇതര രാജ്യങ്ങളിലെ അവസ്ഥകള്‍ അറിയുന്നത് കുടുംബാംഗ ങ്ങളില്‍ ഉത്കണ്ഠ ഉളവാക്കുന്നുണ്ട്. ആകയാല്‍ വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ ആയിരിക്കുമ്പോഴും സാധ്യ മായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു കുടുംബാംഗങ്ങളുമായി സമ്പര്‍ക്കത്തിലായിരിക്കാന്‍ പരിശ്രമിക്കുക. അതു വഴി ഉത്കണ്ഠതകളും ആകുലതകളും ലഘൂകരിച്ച് അവരുടെ ഹൃദയത്തില്‍ സന്തോഷം നിലനിര്‍ത്തുവാന്‍ നമുക്ക് സാധിക്കും.
ഓരോ രാജ്യത്തെയും സാമൂഹികസാഹചര്യം തീര്‍ച്ചയായും വ്യത്യസ്തമാണ്. എന്നിരുന്നാലും അയല്ക്കാരോടുള്ള നമ്മുടെ കടമ നാം മറക്കരുത്. നമ്മുടെ സഹോദരങ്ങളുടെ കാവല്ക്കാര്‍ നമ്മള്‍തന്നെ യാണെന്ന് ക്രിസ്തീയസ്‌നേഹം ഉദ്‌ബോധിപ്പിക്കുന്നു. നല്ല സാമൂഹികജീവിതവും ആരോഗ്യവും ഉള്ളപ്പോള്‍ സാമൂഹികബന്ധങ്ങളുടെ ആവശ്യം ഒരുപക്ഷേ, ഗൗരവമായി അനുഭവപ്പെടാറില്ലെങ്കിലും ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തില്‍ അവയ്ക്ക് സജീവ പ്രാധാന്യമുണ്ട്. നമ്മുടെ ചുറ്റും കരുതലും ശ്രദ്ധയും ആവശ്യമുള്ളവര്‍ക്കു നിയമം അനുവദിക്കുന്നിടത്തോളം, അവ നല്കാന്‍ നാം പൂര്‍ണമായും തയ്യാറാകണം. സഹായം ആവശ്യമുള്ളവരുടെ സേവനത്തിന് നാം എപ്പോഴും സന്നദ്ധരായിരിക്കണം. ഇത് നമ്മുടെ ക്രിസ്തീയസമര്‍പ്പണത്തിന്റെയും പ്രേഷിതവിളിയുടെയും അടിസ്ഥാന ഘടകമാണ് എന്ന് ഓര്‍ക്കണം.
നമ്മുടെ സമുദായത്തിലെ ധാരാളം ആളുകള്‍ ആതുരശുശ്രൂഷാരംഗത്താണ് സേവനം ചെയ്യുന്നത്. അവര്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന മാനസികസമ്മര്‍ദ്ദവും ആകുലതയും ഈ പശ്ചാത്തലത്തില്‍ മനസ്സി ലാക്കിക്കൊണ്ട് കഴിയുന്ന വിധത്തിലെല്ലാം നമ്മള്‍ അവര്‍ക്കു പിന്തുണ നല്‌കേണ്ടതുണ്ട്. അവരുടെ മഹ ത്തായ ഈ ശുശ്രൂഷകളെ അംഗീകരിച്ച് നമുക്കവരെ ഹൃദയപൂര്‍വം അഭിനന്ദിക്കാം. നമ്മുടെ അനുദിന പ്രാര്‍ത്ഥനകളില്‍ അവരെ പ്രത്യേകമായി സമര്‍പ്പിക്കുകയും ചെയ്യാം. ബഹു. വൈദികരുടെയും സഹ പ്രവര്‍ത്തകരുടെയും സമര്‍പ്പിത സേവനങ്ങളിലൂടെ, ആവശ്യക്കാര്‍ക്ക് സാധ്യമായ എല്ലാ ആദ്ധ്യാത്മിക ശുശ്രൂഷയും ഭൗതികസേവനങ്ങളും നല്കാനുള്ള അശ്രാന്ത പരിശ്രമങ്ങളെയും നമുക്ക് നന്ദിയോടെ അംഗീ കരിക്കാം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവാര്‍ഹവും അഭിനന്ദനാര്‍ഹവുമായ കരുതല്‍ ഇക്കാര്യ ത്തില്‍ എടുക്കുകയും വൈറസ് വ്യാപനം തടയുവാന്‍ സാധ്യമായ മാര്‍ഗങ്ങളെല്ലാം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ നിര്‍ദേശങ്ങളും നാം കൃത്യമായി പിന്‍തുടരുന്നുണ്ട്. നിങ്ങള്‍ക്ക് അറിവുള്ളതുപോലെ, ഇതുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി വിശുദ്ധവാരം ഉള്‍പ്പെടെയുള്ള മൂന്നു ആഴ്ചകളില്‍ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍ പ്പെടുത്തിയിരിക്കുകയാണല്ലോ. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ അവസ്ഥതന്നെയാണല്ലോ ഉള്ളത്.
നമ്മുടെ കര്‍ത്താവീശോമിശിഹായുടെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും പ്രത്യേക മായി അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യുന്ന അവസരമാണല്ലോ വലിയ ആഴ്ച. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ വിശുദ്ധവാരവുമായി ബന്ധപ്പെട്ട് ദൈവജനത്തിന്റെ പങ്കാളിത്തത്തോടെയുള്ള തിരുക്കര്‍മ്മങ്ങള്‍ ഒഴിവാക്കേണ്ടി വന്നിരിക്കുന്നു. എങ്കിലും ബഹുമാനപ്പെട്ട വികാരിയച്ചന്‍മാര്‍ പള്ളിയില്‍ നടത്തുന്ന തിരുക്കര്‍മ്മങ്ങളില്‍ ദൈവജനം ആത്മീയമായി പങ്കുചേരേണ്ടതാണ്. പ്രാര്‍ത്ഥനയ്ക്കും ജാഗരണ ത്തിനും സാധാരണയിലും ഏറെ സമയം ലഭ്യമാകുന്നതിനാല്‍ കുടുംബാംഗങ്ങളെല്ലാം വീട്ടില്‍ ഒരുമിച്ചു കൂടി പ്രാര്‍ത്ഥനാനിര്‍ഭരമായിത്തന്നെ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ ശ്രദ്ധിക്കണം. തിരുക്കര്‍മ്മങ്ങളില്‍ ആദ്ധ്യാത്മികമായി പങ്കുചേരുവാന്‍ സമ്പര്‍ക്കമാധ്യമങ്ങളിലുടെ നമുക്ക് കഴിയും. വിശുദ്ധവാര തിരുക്കര്‍മ്മ ങ്ങളുടെ തത്സമയ സംപ്രേഷണം ദൃശ്യമാധ്യമങ്ങളിലൂടെ നമ്മുടെ ക്രിസ്തുരാജ കത്തീഡ്രലില്‍നിന്നും ലഭ്യമാക്കുന്നതിന് ക്രമീകരണം ചെയ്തിട്ടുണ്ട്. അതേ സമയം ആത്മീയമായ ഒരുക്കവും പ്രാര്‍ത്ഥനാന്തരീ ക്ഷവും നമ്മിലും വീട്ടിലും ഉണ്ടാവുക പരമപ്രധാനമാണ്. മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്ന ഈ തിരുക്കര്‍മ്മങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചു പങ്കുകൊള്ളുന്നതാണ് അഭികാമ്യം. കൂടാതെ കുരിശിന്റെ വഴി, കരുണക്കൊന്ത ഉള്‍പ്പെടെയുള്ള കുടുംബപ്രാര്‍ത്ഥനകള്‍ക്കും പ്രത്യേക പ്രാധാന്യം നല്കി തിരുക്കര്‍ മ്മങ്ങള്‍ക്ക് അനുയോജ്യമായ ആത്മീയ അന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. പീഡാ സഹനങ്ങളിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും എല്ലാ നാരകീയശക്തികളെയും പരാജയപ്പെടുത്തി വിജയം വരിച്ച മിശിഹായിലാണ് നമ്മുടെ പ്രത്യാശയെന്ന് എപ്പോഴും ഓര്‍ ക്കണം. ഉത്ഥിതനായ ഈശോയാണ് സമാധാനത്തിന്റെ രാജാവ്. അവിടുന്നു ലോകം മുഴുവനും സമാധാനം നല്കുകയും ചെയ്യുന്നു. ഈശോയുടെ സമാധാനം (യോഹ. 20,20) നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കുകയും ധീരതയോടും ഉറച്ച തീരുമാനത്തോടുംകൂടെ മുന്നോട്ടു പോകുവാന്‍ നമുക്ക് ശക്തി നല്കുകയും ചെയ്യട്ടെ.
നിങ്ങളെ ഏവരെയും പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമര്‍പ്പിച്ചുകൊണ്ടും ഈശോയുടെ തിരുഹൃദയത്തില്‍ ചേര്‍ത്തുവച്ചുകൊണ്ടും ഉത്ഥാനത്തിരുനാളിന്റെ നന്മനിറഞ്ഞ ആശംസകള്‍ പ്രാര്‍ത്ഥനാ പൂര്‍വം നേരുന്നു.

നിങ്ങളുടെ പ്രിയപ്പെട്ട പിതാവ്

മാര്‍ മാത്യു മൂലക്കാട്ട്‌