Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Three Day Fast and Declaration of Major Archiepiscopal Church at Kaduthuruthy

Three Day Fast and Declaration of Major Archiepiscopal Church at Kaduthuruthy

  • January 31, 2020

കടുത്തുരുത്തി: കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപതയുടെ തലപ്പള്ളിയും തീർത്ഥാടന കേന്ദ്രവുമായ കടുത്തുരുത്തി സെന്റ് മേരിസ് ഫൊറോന പള്ളി (വലിയപള്ളി)യിൽ മൂന്നുനോമ്പാചരണവും ഇടവക മദ്ധ്യസ്ഥയായ മുത്തിയമ്മയുടെ ദർശനതിരുനാളും ഫെബ്രുവരി 2 മുതൽ 6 വരെ തീയതികളിൽ നടത്തപ്പെടുന്നു. തിരുനാളിനോടനുബന്ധിച്ച് കടുത്തുരുത്തി ദൈവാലയത്തെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദൈവാലയ പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നടത്തും. പൗരസ്ത്യസഭകളിൽ ദൈവാലയത്തിനു നൽകുന്ന ഏറ്റവും വലിയ പദവിയാണിത്. ഇടവക വികാരി മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദൈവാലയ വികാരി എന്ന പദവിയിലേക്ക് ഉയർത്തപ്പെടും.
എ.ഡി. 345 ൽ ക്‌നായി തൊമ്മന്റെ നേതൃത്വത്തിൽ ഏഴില്ലം എഴുപത്തിരണ്ടു കുടുംബങ്ങളിൽപ്പെട്ട നാനൂറോളം യഹൂദ ക്രൈസ്തവർ ദക്ഷിണ മെസൊപ്പൊട്ടാമിയായിൽ നിന്ന് പ്രേഷിത ദൗത്യവുമായി കൊടുങ്ങല്ലൂരിലേക്ക് കുടിയേറിയവരുടെ സന്തതി പരമ്പരകളാണ് ക്‌നാനായക്കാർ. കുടിയേറ്റം നടന്ന ഏതാനും വർഷം കൊടുങ്ങല്ലുർ നഗരത്തിൽ മാത്രമായിരുന്നു ക്‌നാനായക്കാർ അധിവസിച്ചിരുന്നത്. കാലക്രമത്തിൽ, വാണിജ്യവും, രാജ്യസേവനവും, പ്രേഷിത ദൗത്യവും ലക്ഷ്യമാക്കി ജലമാർഗ്ഗം എത്തിച്ചേരാവുന്ന ഉദയംപേരൂർ, കല്ലിശ്ശേരി, ചെമ്മനത്തുകര, കടുത്തുരുത്തി, ചുങ്കം, കോട്ടയം എന്നീ നാട്ടുരാജ്യ തലസ്ഥാനങ്ങളിൽ അവർ താമസമാക്കി. കടുത്തുരുത്തിയിലെ പുരാതനമായ ദൈവാലയം 5-ാം ശതകത്തിൽ സ്ഥാപിച്ചുവെന്നാണ് പാരമ്പര്യം.  ആദ്യത്തെ ദൈവാലയത്തിന് ‘ചതുരപ്പള്ളി’ എന്നായിരുന്നു പേര്. തടികൊണ്ട് സമചതുരാകൃതിയിൽ പണിത് തറയിൽ കരിങ്കൽ പാളികൾ പാകി മീതെ പനയോലമേഞ്ഞതിനാലാവണം ഈ പേരുവന്നത്.  ആ കാലഘട്ടങ്ങളിൽ സമീപപ്രദേശങ്ങളിൽ മറ്റൊരു പള്ളിയും ഇല്ലാതിരുന്നതിനാൽ എല്ലാ വിഭാഗം ക്രിസ്ത്യാനികളും തങ്ങളുടെ ആത്മീയ കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത് കടുത്തുരുത്തി വലിയപള്ളിയായിരുന്നു.  ആദ്യത്തെ ദൈവാലയം കാലപ്പഴക്കംകൊണ്ട് ജീർണ്ണിച്ചു. ക്രൈസ്തവ സമൂഹം  വർദ്ധിച്ചപ്പോൾ കുറെക്കൂടി സ്ഥലസൗകര്യമുള്ള ദൈവാലയം ആവശ്യമായി വന്നു. അതിനുവേണ്ടി 1456ൽ വെട്ടുകല്ലുകൊണ്ട് പണിതുയർത്തിയതാണ് രണ്ടാമത്തെ ആരാധനാലയം. ഈ പള്ളിയുടെ വടക്കുവശത്തായി ഒരു പള്ളിമുറിയും  തൊട്ടു പടിഞ്ഞാറായി മൂടപ്പെട്ട ഒരു കിണറും പള്ളിക്കുചുറ്റും ഗോപുരങ്ങളോടുകുടിയ  കോട്ടയും ഉണ്ടായിരുന്നു.ഇപ്പോഴുള്ളത് മൂന്നാമത്തെ പള്ളിയാണ് ഇത് 1590 ലാണ് പണികഴിപ്പിച്ചത്.
കടുത്തുരുത്തി വലിയ പള്ളിയിലെ പ്രധാന തിരുനാളാണ് മൂന്നു നോമ്പു തിരുനാൾ. ഒരു സമൂഹം ദൈവകാരുണ്യത്തിനുവേണ്ടി നടത്തുന്ന രോദനവും യാചനയുമാണ് മൂന്നു നോമ്പിന്റെ കാതൽ. ആത്മീയ ശുശ്രൂഷകളോടൊപ്പം മുത്തിയമ്മയ്ക്ക് അടിമവയ്ക്കുക, മുത്തിയമ്മയുടെ തിരുമുടി എഴുന്നള്ളിച്ച് കാഴ്ച വയ്ക്കുക തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ.
ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 7 മണിക്ക് വികാരി ഫാ. എബ്രാഹം പറമ്പേട്ട് കൊടിയേറ്റുന്നതോടെ തിരുനാളാഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ബിനു കുന്നത്ത് വൈകിട്ട് നാല് മണിക്ക് വിശുദ്ധ കുർബ്ബാനയർപ്പിക്കും തുടർന്ന് ഇടവകസമൂഹം അവതരിപ്പിക്കുന്ന കലാസന്ധ്യയും സ്‌നേഹവിരുന്നും നടത്തപ്പെടും.
ഫെബ്രുവരി 23 തിങ്കളാഴ്ച രാവിലെ 7 മണിക്ക് കോട്ടയം അതിരൂപതയിലെ നവവൈദികരുടെ കാർമ്മികത്വത്തിൽ സമൂഹബലിയർപ്പിക്കപ്പെടും. വൈകിട്ട് 5.45 ന് നടത്തപ്പെടുന്ന ദർശനസമൂഹത്തിന്റെ വാഴ്ചയ്ക്കും വേസ്പരയ്ക്കും കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ജിനു കാവിൽ നേതൃത്വം നൽകും.
അതിപുരാതനകാലം മുതൽ വലിയപള്ളിയിൽ മൂന്നുനോമ്പിന്റെ രണ്ടാംദിവസമായ ചൊവ്വാഴ്ച വൈകുന്നേരം കരിങ്കൽ കുരിശിൻ ചുവട്ടിൽനടത്തിവരുന്ന പ്രാർത്ഥനായജ്ഞമാണ് പുറത്തു നമസ്‌ക്കാരം. പാപബോധത്തിൽ നിന്നും ഉളവാകുന്ന പശ്ചാത്താപവും ദൈവകാരുണ്യത്തിനുവേണ്ടിയുള്ള മുറവിളിയുമാണ് പുറത്തുനമസ്‌ക്കാരത്തിന്റെ ഉള്ളടക്കം. ചൊവ്വാഴ്ച രാവിലെ 6.30 ന് ഫാ. ജോസഫ് കീഴങ്ങാട്ടിന്റെ കാർമ്മികത്വത്തിൽ വിശുദ്ധകുർബ്ബാന നടത്തപ്പെടും. 7.30 ന് ഫാ. ജെയിംസ് പൊങ്ങാനയിലിന്റെ കാർമ്മികത്വത്തിൽ സുറിയാനു പാട്ടുകുർബ്ബാന ഉണ്ടായിരിക്കും. രാത്രി 7.30 ന് പള്ളിയിലേക്ക് നടത്തപ്പെടുന്ന പ്രദക്ഷിണത്തിനുശേഷം രാത്രി 9 മണിക്ക്  കടുത്തുരുത്തി ദൈവാലയത്തെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദൈവാലയ പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നടത്തും. തുടർന്ന് ചരിത്ര പ്രസിദ്ധമായ പുറത്തുനമസ്‌ക്കാരവും നടത്തപ്പെടും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, പുതുവേലി പള്ളി വികാരി ഫാ. മൈക്കിൾ നെടുന്തുരുത്തിപുത്തൻപുരയിൽ എന്നിവർ സഹകാർമ്മികത്വം വഹിക്കും. രാത്രി 10.15 ന് അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് വിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദം നൽകും. തുടർന്ന് കപ്ലോൻ വാഴ്ചയും നടത്തപ്പെടും.
ഫെബ്രുവരി 5 ബുധനാഴ്ച രാവിലെ ഫാ. ബൈജു ആച്ചിറത്തലക്കലിന്റെയും 6.30 ന് ഫാ. ബിബിൻ അഞ്ചമ്പിലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന നടത്തപ്പെടും. രാവിലെ 7.30 ന് നടത്തപ്പെടുന്ന നലങ്കര പാട്ടുകുർബ്ബാനയ്ക്ക് മലങ്കര റീജിയൺ വികാരി ജനറാൾ ഫാ. ജോർജ്ജ് കുരിശുമ്മൂട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 9 മണിക്ക് വിവിധ കപ്പേളകളിൽ നിന്നും പള്ളിയിലേക്ക് പ്രദക്ഷിണം നടത്തപ്പെടും. തുടർന്ന് രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ റാസ നടത്തപ്പെടും. ഫാ. ബിനീഷ് മാങ്കോട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. ജോസ് മാമ്പുഴക്കൽ, ഫാ. ഫിലിപ്പ് കൊച്ചുപറമ്പിൽ ഒ.എസ്.ബ്, ഫാ. മാത്യൂസ് വലിയപുത്തൻപുര, ഫാ.ജീസ് ഐക്കര എന്നിവർ സഹകാർമ്മികരായിരിക്കും. ഫാ. റ്റിനേഷ് പിണർക്കയിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് വിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദവും നടത്തപ്പെടും.
ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെ 7 മണിക്ക് മരിച്ചവിശ്വാസികൾക്കായുള്ള പ്രത്യേക പ്രാർത്ഥനയും സെമിത്തേരി സന്ദർശനവും നടത്തപ്പെടും.
സീറോ മലബാർ മെത്രാൻ സിനഡാണ് കടുത്തുരുത്തി വലിയ പള്ളിയെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദൈവാലയമായി ഉയർത്തിയത്. ലത്തീൻ സഭയിൽ ചരിത്ര പ്രാധാന്യമുള്ള ദൈവാലയങ്ങളെ ബസലിക്കയായി ഉയർത്തുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ, പൗരസ്ത്യ സുറിയാനി സഭയിൽ ബസിലിക്കാ എന്ന സ്ഥാനം നൽകുന്ന രീതിയില്ല. അതിനു തുല്യമായോ അതുപോലുള്ളതുമോ ആയ ഒരു അംഗീകാരം നൽകലാണ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദൈവാലയ സ്ഥാനം നൽകുന്നത്. കടുത്തുരുത്തി വലിയ പള്ളിയുടെ ചരിത്രപരവും സഭാപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഈ അംഗീകാരം. സഭയുടെ വളർച്ചയുടെ നിർണ്ണായക ഘട്ടങ്ങളിൽ കടുത്തുരുത്തി കേന്ദ്രീകരിച്ച് തെക്കുംഭാഗ സമൂഹം ഒന്നിച്ചു കൂടുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പൗരസ്ത്യ-പാശ്ചാത്യ സഭയിലെ മെത്രാന്മാർക്കും ഈ ദൈവാലയം വിവിധ ഇടപെടലുകൾക്ക് വേദിയായിട്ടുണ്ട്. കൽദായ മെത്രാനായിരുന്ന മാർ എബ്രാഹം ഉപ്പോഴത്തെ പള്ളിക്ക് കല്ലിട്ടത്, ഗോവ മെത്രാപ്പോലീത്ത അലക്‌സ് മേനേസിസ് കരിങ്കൽ കുരിശ് ആശീർവ്വദിച്ചത്, സഭയിലെ ആദ്യ നാട്ടു മെത്രാനായ പറമ്പിൽ ചാണ്ടി മെത്രാനെ കടുത്തുരുത്തി വലിയ പള്ളിയിൽ വച്ച് വാഴിച്ചത്, മാർ മാത്യു മാക്കീൽ മെത്രാൻ കടുത്തുരുത്തി വലിയപള്ളിയിൽ സ്ഥാനാരോഹണം ചെയ്യപ്പെട്ടത് തുടങ്ങിയവ കടുത്തുരുത്തി പള്ളിയുമായി ബന്ധപ്പെട്ട ഏതാനും ചരിത്ര സംഭവങ്ങളാണ്.
കടുത്തുരുത്തി പള്ളിയെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവിയിലേക്ക് ദൈവാലയം ഉയർത്തിയതിന്റെ സന്തോഷത്തോടെയും കൃതജ്ഞതയോടെയും തിരുനാൾ ആഘോഷത്തിന് തയ്യാറെടുക്കുകയാണ് ഇടവകയിലെ ദൈവജനമെന്ന് വികാരി ഫാ. എബ്രാഹം പറമ്പേട്ട്  അറിയിച്ചു.