Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

St. Thomas Knanaya Catholic Forane Church, Perikalloor, Wayanad

01_St-ThomSt. Thomas Forane Church, Perikalloor, Wayanadas-Forane-Church-Perikalloor1952 ഫെബ്രുവരി 21-ാം തീയതി അരീക്കര, വെളിയന്നൂര്‍ ഭാഗങ്ങളില്‍നിന്ന് മൂന്ന് കുടുംബങ്ങള്‍ ഇവിടെ എത്തിയതോടെയാണ് പെരിക്കല്ലൂര്‍ ജനതയുടെ ചരിത്രം ആരംഭിക്കുന്നത്. 1953 ആയപ്പോഴേക്കും ഏതാണ്ട് 25 ഓളം കത്തോലിക്കാ കുടുംബങ്ങളുടെ ഒരു സമൂഹമായി അവര്‍ വളര്‍ന്നു. ഇവര്‍ തങ്ങളുടെ നില നില്പിനും പുരോഗതിക്കും ഒരു ദേവാലയം അത്യന്താപേക്ഷിതമാണെന്ന ഉള്‍ക്കാഴ്ചയോടെ അതിനായുള്ള പരിശ്രമങ്ങളാരംഭിച്ചു.
അന്നിവിടെയുണ്ടായിരുന്ന ക്‌നാനായക്കാരായ തറയില്‍ അബ്രഹാം, പൂവത്തും മൂട്ടില്‍ തൊമ്മി, ഉറവക്കുഴിയില്‍ മത്തായി, നിരപ്പേല്‍ ജോസഫ്, ആനകുത്തിക്കല്‍ ജോണ്‍ . പുളിക്കല്‍ മത്തായി, കീഴേട്ടുകുന്നേല്‍ കുര്യാക്കോസ്, പ്ലാന്തോട്ടത്തില്‍ കുര്യാക്കോസ് എന്നിവര്‍ ഭവനങ്ങള്‍തോറും മാറി മാറി ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥിക്കുവാനും ആത്മചിട്ടി എന്ന പേരില്‍ ഒരു ഫണ്ട് എളിയതോതില്‍ ശേഖരിക്കുവാനും തുടങ്ങി. പാറത്തോട്ടാല്‍ പൈലിയും ആത്മാര്‍ഥമായി ഇവരോടു സഹകരിച്ചിരുന്നു. തേറ്റമല ഭാഗത്തുണ്ടായിരുന്ന മുപ്പതോളം ക്‌നാനായ കുടുംബക്കാര്‍ തങ്ങള്‍ക്കൊരു പള്ളി സ്ഥാപിച്ചുതരണമെന്നു അഭിവന്ദ്യ തറയില്‍ പിതാവിന് നിവേദനം സമര്‍പ്പിച്ചു. അതിനുള്ള സാധ്യതകളാ രായാന്‍ പിതാവ് പയ്യാവൂര്‍ പള്ളിവികാരിയായിരുന്ന കാഞ്ഞിരത്തുങ്കല്‍ ബഹു. തോമസച്ചനെ നിയോഗിച്ചു. തേറ്റമലയിലെത്തിയ അച്ചനെ കാണാന്‍ ചെന്ന പെരിക്കല്ലൂരിലെ ക്‌നാനായ സമൂഹത്തിന്റെ പ്രതിനിധികള്‍ക്ക് ദീര്‍ഘ ദര്‍ശിയായ കാഞ്ഞിരത്തിങ്കലച്ചന്‍ കൊടുത്ത മറുപടിയാണ് ഇന്ന് വയനാടിന്റെ ക്‌നാനായ ഫൊറോനയായ പെരിക്കല്ലൂര്‍ പള്ളിയുടെ ആരംഭത്തിന് നിദാനം.
തറയില്‍ അബ്രഹാം സംഭാവനയായി നല്‍കിയ ഒരേക്കര്‍ സ്ഥലത്ത് ഷെഡ് നിര്‍മ്മാണത്തിനുള്ള ശ്രമം അത്യുല്‍സാഹ ത്തോടെ ആരംഭിച്ചു. ഏതാനും ആഴ്ചകള്‍ക്കകം ഉദയംതേടി കിഴക്കോട്ടൊഴുകുന്ന കബനിക്കകരയില്‍ കച്ചി മേഞ്ഞ് മുളകൊണ്ട് മറച്ച ഷെഡ് അഭിവന്ദ്യ തോമസ് തറയില്‍ തിരുമേനിയുടെ അനുമതിയോടെ 1957 ഡിസംബര്‍ 21-ാം തീയതി കാഞ്ഞിരത്തുങ്കല്‍ ബഹു. തോമസച്ചന്‍ ആശീര്‍വദിച്ച് സെന്റ് തോമസ് ദേവാലയമെന്ന് പേരിട്ട്, അതില്‍ ദിവ്യബലിയര്‍പ്പിച്ചു. അന്ന് വി. തോമ്മാശ്ലീഹായുടെയും എസ്തഫാനോസ് പുണ്യാളന്റെയും രൂപങ്ങള്‍ വെഞ്ചരിച്ചു പ്രതിഷ്ഠിച്ചു.
തോമാശ്ലീഹായുടെയും എസ്താഫാനോസ് സഹദയുടെയും സംയുക്തതിരുനാള്‍ ക്രിസ്മസിന് തൊട്ട് തലേശനിയാഴ്ചയും, ഞായറാഴ്ചയും ഇടവകയുടെ പ്രധാനതിരുനാളായി ആചരിക്കുന്ന പതിവ് ക്രമേണ ഇവിടെ ആരംഭിക്കുകയും ചെയ്തു.
3-4-1963 ന് അഭിവന്ദ്യ തറയില്‍ പിതാവ് അപ്പോഴിപ്പറമ്പില്‍ സിറിയക്ക് എന്ന നവ വൈദികനെപെരിക്കല്ലൂരിന്റെ പ്രഥമ വികാരിയായി നിയമിച്ചു. ത്യാഗസമ്പന്നനായ അദ്ദേഹത്തിന്റെ കര്‍മ്മ നൈപുണ്യമാണ് പെരിക്കല്ലൂര്‍ ഇടവകയുടെ എല്ലാ പുരോഗതിക്കും അടിസ്ഥാനമിട്ടത്.
16-12-1965-ല്‍ പിതാവ് പെരിക്കല്ലൂര്‍ സന്ദര്‍ശിക്കുകയും പുതിയ പള്ളി പണിയുന്നതിന് തറക്കല്ലിടുകയും ചെയ്തു. പള്ളിപണിക്കുള്ള പ്രാരംഭ നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ ബീച്ചനള്ളി ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയയില്‍ പള്ളി സ്ഥലത്തിന്റെ പകുതിയിലേറെ നഷ്ടപ്പെട്ടേക്കുമെന്ന് അറിയിപ്പുണ്ടായി. അങ്ങനെയാണ് പള്ളി ആദ്യം ആരംഭിച്ച സ്ഥലത്തുനിന്നും മാറ്റേണ്ട സാഹചര്യം ഉണ്ടായത്. തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ സഹായത്തോടെ ഇപ്പോള്‍ പള്ളി ഇരിക്കുന്ന സ്ഥലം വാങ്ങുകയും ജൂബിലി സ്മാരക ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനായി പൊളിച്ചുമാറ്റിയ പഴയ കെട്ടിടത്തിന്റെ ആദ്യഭാഗവും അതിനോട് ചേര്‍ന്ന് ഒരു താത്കാലിക ഷെഡും നിര്‍മ്മിച്ച് 2-4-1967 ന് പള്ളി ഇങ്ങോട്ട് മാറ്റി സ്ഥാപിക്കുക യും ചെയ്തു.
7-4-1974 ല്‍ തൊടുകയില്‍ ബഹു. ഫിലിപ്പച്ചന്‍ വികാരിയായി ചാര്‍ജ്ജെടുത്തു. പള്ളി ആരംഭിച്ച കബനിക്കരയിലെ സ്ഥലം വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന് സംഭാവനനല്‍കി. അവിടെ കോണ്‍വെന്റ് സ്ഥാപിക്കുന്നതിനും സെന്റ് തോമസ് നഴ്‌സറി ആന്റ് എല്‍ .പി. സ്‌കൂള്‍ ആരംഭിക്കുന്നതിനും കാപ്പിസെറ്റില്‍ ക്‌നാനായ ദേവാലയം ആരംഭിക്കുന്നതിനും പെരിക്കല്ലൂര്‍ ഗവണ്‍മെന്റ് എല്‍ .പി.സ്‌കൂള്‍ യു.പി. സ്‌കൂള്‍ ആയി ഉയര്‍ത്തുന്നതിനുമെല്ലാമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്.